കൊവിഡ് മഹാമാരിയില് വിറങ്ങലിച്ച് ലോകം; വൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു, മരണം അരലക്ഷത്തിലേക്ക്
45,334 പേര് മരിച്ചു. ഇതുവരെ രോഗവിമുക്തരായവര് 190,675 ആണ്
ലണ്ടന്: ലോകമാസകലം ഭീതി പടര്ത്തി വ്യാപിക്കുന്ന കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഒമ്പതു ലക്ഷം കടന്നു. ഇതുവരെ 903,799 പേര്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായാണ് റിപോര്ട്ടുകള് വ്യക്തമാക്കുന്നത്. 45,334 പേര് മരിച്ചു. ഇതുവരെ രോഗവിമുക്തരായവര് 190,675 ആണ്. വൈറസ് വ്യാപനം ഏറ്റവും കൂടുതല് ഉണ്ടായ ഇറ്റലിയിലാണ് ഏറ്റവും കൂടുതല് പേര് മരിച്ചത്. 13,155 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 727 പേര് മരിച്ചു. രോഗബാധിതരുടെ എണ്ണം 1,00,136 ആയി. സ്പെയിനിലെ ഏറ്റവും ഉയര്ന്ന മരണസംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 864 പേരാണ് ഇവിടെ മരിച്ചത്. സ്പെയിനില് ഇതുവരെ മരിച്ചത് 9,053 പേരാണ്. അണുബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 94,417 ല് നിന്ന് 102,136 ആയി ഉയര്ന്നു.
രോഗികളുടെ എണ്ണത്തില് വലിയ വര്ധനവ് ഉണ്ടായത് അമേരിക്കയിലാണ്. രോഗികളുടെ എണ്ണം രണ്ടുലക്ഷം കഴിഞ്ഞു. ഇതുവര 4,394 പേര് മരിച്ചു. ഫ്രാന്സ് 3,523, ചൈന 3,312, ജര്മ്മനി 848, യുകെ 2,352, നെതര്ലന്റ് 1,173 പേരുമാണ് മരിച്ചത്.
24 മണിക്കൂറിനുള്ളില് ബ്രിട്ടനില് 563 പേരാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആശുപത്രിയില് മരിച്ച രോഗികളുടെ എണ്ണം 2,352 ആണ്. അതേസമയം, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തെ അഭിമുഖീകരിക്കുന്ന ഏറ്റവും മോശമായ പ്രതിസന്ധിയാണ് മഹാമാരിയെന്ന് ഐകരാഷ്ട്രസഭ മേധാവി മുന്നറിയിപ്പ് നല്കിയതോടെ ഇറാനില് മരിച്ചവരുടെ എണ്ണം 3,000 കവിഞ്ഞു.
ദുഖം പങ്കുവച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
മരണനിരക്ക് 563 ആയി ഉയര്ന്നതിനാല് ഇത് ദുഖകരമായ ദിവസമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വിലപിച്ചു. ഇവിടെ ഏറ്റവും കൂടുതല് മരണ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്.
യുഎന് കാലാവസ്ഥാ ഉച്ചകോടി മാറ്റിവച്ചു
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്ന്ന് നവംബറില് ഗ്ലാസ്ഗോയില് നടക്കാനിരുന്ന കാലാവസ്ഥാ ഉച്ചകോടി 2021 ലേക്ക് മാറ്റിവച്ചതായി ഫിന്ലാന്ഡ് അറിയിച്ചു.ആഗോള കൊറോണ വൈറസ് വ്യാപനംമൂലം ഗ്ലാസ്ഗോ COP26 കാലാവസ്ഥ ഉച്ചകോടി
നവംബറില് നിന്ന് 2021ലേക്ക് മാറ്റിയതായി യുഎന് കാലാവസ്ഥാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിന്ലാന്ഡിന്റെ പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില് അറിയിച്ചു.
ലോക്ക് ഡൗണ് പ്രഖ്യാപിച്ച് എറിത്രിയ
കൊറോണ വൈറസിനെതിരെ പോരാടുന്നതിന് എറിത്രിയ 21 ദിവസത്തെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല് മൂന്ന് ആഴ്ച വീടുകളില് തുടരാന് എറിത്രിയ പൗരന്മാരോട് ആവശ്യപ്പെട്ടു. എറിത്രിയയില് 'വിദേശ യാത്രയുടെ ചരിത്രമില്ലാതെ' രോഗം ബാധിച്ച ഒരാള് ഉള്പ്പെടെ ഇതുവരെ 18 കോവിഡ് കേസുകളാണ് റിപോര്ട്ട് ചെയ്തിട്ടുള്ളത്.മാര്ച്ച് 21ന് ആദ്യ കേസ് പ്രഖ്യാപിച്ചതിനുശേഷം സര്ക്കാര് വാണിജ്യ വിമാന സര്വീസുകള് നിര്ത്തിവയ്ക്കുകയും സ്കൂളുകള് അടച്ചുപൂട്ടുകയും പൊതുഗതാഗതം നിര്ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല് ഈ നടപടികള് അപര്യാപ്തമാണെന്ന് ടാസ്ക് ഫോഴ്സ് ചൂണ്ടിക്കാട്ടിയതോടെയാണ് രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്.
സിയറ ലിയോണ് മൂന്ന് ദിവസത്തെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചു
സിയറ ലിയോണിന്റെ സര്ക്കാര് മൂന്ന് ദിവസത്തെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചു, ഇത് ഞായറാഴ്ച മുതല് പ്രാബല്യത്തില് വരും. തലസ്ഥാനമായ ഫ്രീടൗണിലെ ഒരു ആശുപത്രിയില് ജോലി ചെയ്യുന്ന ഒരു ഡോക്ടര്ക്കും വൈറസ് സ്ഥിരീകരിച്ചതോടെയാണ് സര്ക്കാര് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇവിടെ ഇതുവരെ രണ്ടു കേസുകളാണ് റിപോര്ട്ട് ചെയ്തിട്ടുള്ളത്.
ആരോഗ്യ പ്രവര്ത്തകര്ക്ക് ഫെയ്സ് മാസ്കുകള് നല്കുമെന്ന് കൊറോണ വൈറസ് കോര്ഡിനേറ്റര് പ്രതിരോധ മന്ത്രി കെല്ലി കോണ്ടെ പറഞ്ഞു. പൗരന്മാരും മാസ്ക് ധരിക്കാന് ശ്രമിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തര് 54 പുതിയ കേസുകള് റിപ്പോര്ട്ട് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 54 പുതിയ കേസുകള് ഖത്തര് റിപ്പോര്ട്ട് ചെയ്തു. ഗള്ഫ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 835 ആയി.
ലോക്ക്ഡൗണ് ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഫിലിപ്പീന്സ് പ്രസിഡന്റ്
കൊറോണ വൈറസിന്റെ വ്യാപനം തടയാന് ലുസോണ് ദ്വീപില് പ്രഖ്യാപിച്ച ഒരു മാസം നീളുന്ന ലോക്ക്ഡൗണ് ലംഘിക്കുന്നവരെ വെടിവച്ചു കൊല്ലാന് രാജ്യത്തെ പോലിസിനും സൈന്യത്തിനും നിര്ദേശം നല്കുമെന്ന് ഫിലിപ്പീനോ പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്ട്ടെ മുന്നറിയിപ്പ് നല്കി.
ഫ്രാന്സ് പുതിയ മരണങ്ങള് റിപ്പോര്ട്ട് ചെയ്തു
കൊറോണ വൈറസില് നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 509 മരണങ്ങള് കൂടി ഫ്രാന്സില് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മൊത്തം മരണങ്ങള് 4,032 ആയി.
വളരെയധികം ആശങ്കയെന്ന് ഡബ്ല്യുഎച്ച്ഒ
കൊറോണ വൈറസ് അണുബാധയുടെ ദ്രുതഗതിയിലുള്ള വര്ദ്ധനവിനെക്കുറിച്ചും ആഗോള വ്യാപനത്തെക്കുറിച്ചും വളരെയധികം ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര് ജനറല് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.പുതിയ കേസുകളുടെ എണ്ണത്തില് ''വന് വളര്ച്ച'' ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, അടുത്ത ദിവസങ്ങളില് ആഗോളതലത്തില് അണുബാധകരുടെ എണ്ണം പത്തുലക്ഷത്തിലെത്തുമെന്നും മരണം 50,000 കവിയുമെന്നും അദ്ദേഹം പറഞ്ഞു.
തുര്ക്കി പുതിയ മരണങ്ങളും കേസുകളും റിപ്പോര്ട്ട് ചെയ്യുന്നു
കൊറോണ വൈറസ് മൂലം 63 പുതിയ മരണങ്ങള് തുര്ക്കിയിലെ ആരോഗ്യമന്ത്രി റിപ്പോര്ട്ട് ചെയ്തു. മരണസംഖ്യ 277 ആയി. വൈറസ് ബാധിച്ച 2,148 പുതിയ കേസുകളാണുള്ളതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര് പറഞ്ഞു.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT