Sub Lead

ഗസയിലേക്ക് 32 രാജ്യങ്ങളുടെ ആഗോള മാര്‍ച്ച്

ഗസയിലേക്ക് 32 രാജ്യങ്ങളുടെ ആഗോള മാര്‍ച്ച്
X

കെയ്‌റോ: 32ലധികം രാജ്യങ്ങളില്‍നിന്നുള്ള ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങള്‍, ട്രേഡ് യൂണിയനുകള്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവ ചേര്‍ന്ന അന്താരാഷ്ട്ര കൂട്ടായ്മ ഗസയിലേക്ക് ആഗോള മാര്‍ച്ച് സംഘടിപ്പിക്കുന്നു.

ധീരവും അഭൂതപൂര്‍വവുമായ ഒരു നീക്കമായാണിത് വിശേഷിപ്പിക്കപ്പെടുന്നത്. നിലവിലുള്ള മാനുഷിക പ്രതിസന്ധിയോട് പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് ഗ്ലോബല്‍ മാര്‍ച്ച് ടു ഗസ. ഉപരോധം അടിച്ചേല്‍പിക്കപ്പെട്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ കാല്‍നടയായി എത്തിച്ചേരുക എന്നതാണ് ആഗോള മാര്‍ച്ചിന്റെ ലക്ഷ്യം.

വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍നിന്നുള്ള, പ്രധാനമായും പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള, 10,000ത്തിലധികം പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ സഖ്യം, ആഗോള അവബോധം വളര്‍ത്താനും ഏകദേശം 20 മാസമായി ഗസയെ പിടിച്ചുലയ്ക്കുന്ന ഇസ്രായേലി ഉപരോധത്തെ നേരിട്ട് വെല്ലുവിളിക്കാനും ഉദ്ദേശിച്ചുള്ളതാണ്.

ഫലസ്തീന്‍ ജനതയെ വംശഹത്യ ചെയ്യുന്നതിനെതിരായ കൂട്ടായ ആഹ്വാനമാണ് മാര്‍ച്ച്. സെയ്ഫ് അബു കെഷ്‌ക് നയിക്കുന്ന അന്താരാഷ്ട്ര സഖ്യം ഇസ്രായേലിന്റെ അധിനിവേശത്തിനെതിരായ പോരാട്ടം എന്ന നിലയിലാണ് മാര്‍ച്ചിന് മുന്‍കൈയെടുക്കുന്നത്.

സംഘാടകരുടെ അഭിപ്രായത്തില്‍, മാര്‍ച്ചിന് അഞ്ച് പ്രധാന ലക്ഷ്യങ്ങളാണുള്ളത്. ഗസയിലെ വംശഹത്യ അവസാനിപ്പിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. ഇതിനായി ആഗോള ശ്രദ്ധ ആകര്‍ഷിച്ചും സര്‍ക്കാരുകളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തിയും ഫലസ്തീന്‍ പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെ, പട്ടിണിക്കിട്ട് കൊല്ലാനുള്ള ആസൂത്രിതവും ബോധപൂര്‍വവുമായ ശ്രമങ്ങളെ തടയുക എന്നതാണ് ആദ്യപടിയായി വേണ്ടത്.

രണ്ടാമത്തെ ലക്ഷ്യം അടിയന്തര സഹായം എത്തിക്കുക എന്നതാണ്. ഗസ ക്രോസിങുകളില്‍ ആയിരക്കണക്കിന് സഹായ ട്രക്കുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍, റഫ ക്രോസിങ് വഴി ഗസയിലേക്ക് ഭക്ഷണം, മരുന്ന്, അവശ്യവസ്തുക്കള്‍ എന്നിവ സത്വരമായും നിയന്ത്രണമില്ലാതെയും എത്തിക്കാന്‍ കഴിയണം.

ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കുകയെന്നതും രാഷ്ട്രീയ ഇടപെടലുകളില്ലാതെ ജീവന്‍ രക്ഷിക്കാനുള്ള സാധനങ്ങളുടെ ഒഴുക്ക് ഉറപ്പാക്കാന്‍ ഒരു സ്ഥിരമായ മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയെന്നതും മറ്റൊരു പ്രധാന ലക്ഷ്യമാണ്.

ഇതിനുപുറമെ, ഇസ്രായേലി നടപടികളില്‍ നിരവധി സര്‍ക്കാരുകളുടെ മൗനത്തിനും കൂട്ടുനില്‍ക്കലിനും എതിരേ ലോകമെമ്പാടുമുള്ള പൗര സമൂഹത്തെ അണിനിരത്തുകയും ഫലസ്തീന്‍ അവകാശങ്ങളെ പിന്തുണച്ച് ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ നിയമനിര്‍മാതാക്കളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയെന്നതും മാര്‍ച്ചിന്റെ ലക്ഷ്യമാണ്.

കൂടാതെ, ഫലസ്തീന്‍ ജനതയ്‌ക്കെതിരായ യുദ്ധക്കുറ്റങ്ങള്‍ക്കും അന്താരാഷ്ട്ര നിയമ ലംഘനങ്ങള്‍ക്കും ഉത്തരവാദികളായവരെ അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്ന് സംഘാടകര്‍ അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു.

ചരിത്രപരമായ ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, മാര്‍ച്ച് പൂര്‍ണമായും സമാധാനപരവും സിവിലിയന്‍ നേതൃത്വത്തിലുമായിരിക്കുമെന്ന് ജര്‍മന്‍ അഭിഭാഷക മെലാനി ഷ്വീറ്റ്‌സര്‍ ഊന്നിപ്പറഞ്ഞു.

'ആഗോള മാനുഷിക പരിഗണനയില്‍ വേരൂന്നിയ ഒരു സിവിലിയന്‍ നടപടിയാണിത്. ഒരു സര്‍ക്കാരും ഈ ശ്രമത്തിന് ധനസഹായം നല്‍കുകയോ നയിക്കുകയോ ചെയ്യുന്നില്ല. പങ്കെടുക്കുന്നവര്‍ സ്വന്തം ചെലവുകള്‍ വഹിക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണ്.' അവര്‍ കുട്ടിച്ചേര്‍ത്തു.

ട്രേഡ് യൂണിയനുകള്‍, മെഡിക്കല്‍ സംഘടനകള്‍, മാനുഷിക ഗ്രൂപ്പുകള്‍, ജീവിതത്തിന്റെ എല്ലാ തുറകളില്‍നിന്നുമുള്ള പൗരന്മാര്‍ എന്നിവരുടെ പങ്കാളിത്തത്തിലൂടെ ആഗോള സിവില്‍ സമൂഹത്തിന്റെ ശബ്ദത്തെ പ്രതിനിധീകരിക്കുക എന്നതാണ് മാര്‍ച്ചിന്റെ ലക്ഷ്യം. ഇതിലൂടെ സമാധാനം, നീതി, ആഗോള ഐക്യദാര്‍ഢ്യം എന്നിവയുടെ ഏകീകൃത സന്ദേശം കൈമാറാനാവും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ബഹുരാഷ്ട്ര സ്വഭാവം കണക്കിലെടുത്ത്, ഭാഷ, സംസ്‌കാരം, ഭൂമിശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കുന്നതിനും ഏകോപനം സുഗമമാക്കുന്നതിനുമായി പങ്കെടുക്കുന്നവരെ പ്രാദേശിക ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.

എല്ലാ ഗ്രൂപ്പുകളും ജൂണ്‍ 12 മുതല്‍ കെയ്‌റോയില്‍ ഒത്തുകൂടും. അവിടെനിന്ന് അവര്‍ റഫാ അതിര്‍ത്തി കടന്ന് ഗസയിലേക്ക് പോകും. മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ സ്വയം ചെലവുകള്‍ വഹിക്കണമെന്നും കുറഞ്ഞ ആസൂത്രണ പിന്തുണ മാത്രമേ ലഭ്യമാകൂ എന്നും കറ്റാലന്‍ ആള്‍ട്ടര്‍നേറ്റീവ് യൂണിയന്റെ (ഐഎസി) പ്രതിനിധിയായ എഡ്വേര്‍ഡ് കാമാച്ചോ അറിയിച്ചു. 'ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കാതെ ഇത് സാധ്യമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.' അദ്ദേഹം പറഞ്ഞു.

ലോകം മുഴുവന്‍ ഉറ്റുനോക്കുമ്പോള്‍, ഗസയിലേക്കുള്ള ആഗോള മാര്‍ച്ച്, ഗസയിലെ മാനുഷിക ദുരന്തത്തിലേക്ക് വെളിച്ചം വീശുകയും ഉടനടി ആഗോള നടപടികള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്യുന്നതില്‍, സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സിവിലിയന്‍ ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി മാറാന്‍ പോവുകയാണ്.

Next Story

RELATED STORIES

Share it