Sub Lead

ബിജെപിയിലേക്കില്ലെന്ന് ഗുലാം നബി ആസാദ്; പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

ബിജെപിയിലേക്കില്ലെന്ന് ഗുലാം നബി ആസാദ്; പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ബിജെപിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വിവരം അറിയിച്ചത്. രാജിക്ക് പിന്നാലെ ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'താന്‍ ജമ്മു കശ്മീരിലേക്ക് പോവുന്നു. സംസ്ഥാനത്ത് താന്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കും. ദേശീയ സാധ്യത പിന്നീട് പരിശോധിക്കും'- ആസാദ് പറഞ്ഞു. ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനമെന്ന് ആസാദുമായി ബന്ധപ്പെട്ട വൃത്തങ്ങളും അറിയിച്ചു. കശ്മീരില്‍ ഈ വര്‍ഷം അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണായക തീരുമാനം.

പാര്‍ട്ടി രൂപീകരിച്ച ശേഷം പിന്നീട് ഇതിന്റെ ദേശീയ സാധ്യത പരിശോധിക്കാനാണ് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവിന്റെ നിലവിലെ നീക്കം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയതായി മുന്‍ എംഎല്‍എ ജി എം സരൂരി ചൗധരിയും പ്രതികരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. പിന്നാലെ ജമ്മു കശ്മീരിലെ അദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്. അതേസമയം, ആസാദിന്റെ സഹായം കശ്മീരില്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഗുലാം നബി ആസാദിന്റെ യാത്രയയപ്പില്‍ നരേന്ദ്രമോദി വിതുമ്പിയത് ഒന്നും കാണാതെയല്ല.

ആസാദിനും രാഹുല്‍ ഗാന്ധിക്കും ഇടയിലെ ഭിന്നത മനസ്സിലാക്കിയ ശേഷമാണ് പ്രധാനമന്ത്രി അന്ന് ആസാദിനെ പുകഴ്ത്തിയത്. ആസാദിനെ കൂടെ നിര്‍ത്താനുള്ള നീക്കം അതിനു ശേഷം ബിജെപി തുടങ്ങിയിരുന്നു. ആ കൂട്ടുകെട്ടിനുള്ള സാധ്യത ഇനിയും തള്ളാനാവില്ല. നേരത്തെ ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് മണിക്കൂറുകള്‍ക്കം ഗുലാം നബി ആസാദ് രാജിവച്ചിരുന്നു. തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണ് ഈ പദവിയിലേക്ക് നിയോഗിച്ചതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

തന്റെ അടുത്തയാളായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയത് ഗുലാം നബി ആസാദിനെ ചൊടിപ്പിച്ചിരുന്നു. ദീര്‍ഘനാളായി ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ തുടരുന്ന പോരിനെ തുടര്‍ന്നാണ് വികാര്‍ റസൂല്‍ വന്നിയെ കശ്മീര്‍ പിസിസി അധ്യക്ഷ സ്ഥാനത്ത് പാര്‍ട്ടി നിയമിച്ചത്. ഇന്ന് രാവിലെയാണ് പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി ആസാദ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നതായി അധ്യക്ഷ സോണിയാ ഗാന്ധിയെ അദ്ദേഹം കത്ത് മുഖേന അറിയിക്കുകയായിരുന്നു.

സോണിയക്ക് നല്‍കിയ കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിരുന്നു. 2013ല്‍ രാഹുല്‍ പാര്‍ട്ടി ഉപാധ്യക്ഷനായി ചുമതലയേറ്റതോടെ കോണ്‍ഗ്രസിലെ കൂടിയാലോചനകള്‍ അവസാനിച്ചതെന്നാണ് വിമര്‍ശനം. മുതിര്‍ന്ന നേതാക്കളെ പിന്തള്ളിക്കൊണ്ട് മുന്‍പരിചയം തീരെയില്ലാത്ത സ്വാര്‍ഥരായ ആളുകളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നു. രാഹുലിന്റെ പക്വതയില്ലായ്മയാണ് പാര്‍ട്ടിയെ തിരിച്ചുവരാനാവാത്തവിധം തകര്‍ച്ചയിലേയ്ക്ക് നയിച്ചതെന്നും കത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Next Story

RELATED STORIES

Share it