ഒന്നുകില്‍ ജോലി ചെയ്യുക അല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയുക; ഡോക്ടര്‍മാര്‍ക്ക് മമതയുടെ അന്ത്യശാസനം

ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളാന്‍ നാലു മണിക്കൂറും മമത നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാതെ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒന്നുകില്‍ ജോലി ചെയ്യുക അല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയുക; ഡോക്ടര്‍മാര്‍ക്ക് മമതയുടെ അന്ത്യശാസനം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരത്തിനെതിരേ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കുകയോ അല്ലെങ്കില്‍ എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ ഒഴിയുകയോ വേണമെന്ന് മമത ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കി. ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളാന്‍ നാലു മണിക്കൂറും മമത നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാതെ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടറായ പരിഭോഹോ മുഖര്‍ജിയെ ഒരു രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്നാരോപിച്ചാണ് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും സമരം അവസനിപ്പിക്കാനുമായി ആരോഗ്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ജൂനിയര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും മമതാ ബാനര്‍ജിയുമായി ഫോണില്‍ സംസാരിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദേശം തള്ളി. മുഖ്യമന്ത്രി നേരിട്ടെത്തി ചര്‍ച്ച നടത്തണം എന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയായ എസ്എസ്‌കെഎമ്മില്‍ എത്തിയ മമതാ ജൂനിയര്‍ ഡോക്ടര്‍മാരോട് ഉടന്‍ സമരം അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ ഹോസ്റ്റല്‍ വിട്ട് പോകുകയോ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പ്രതിഷേധിക്കുന്നവര്‍ ഡോക്ടര്‍മാരല്ലെന്നും പുറത്ത് നിന്നുള്ളവരാണെന്നും സംസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

RELATED STORIES

Share it
Top