Sub Lead

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക; പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്

ഈ ആവശ്യമുന്നയിച്ച് ജൂലൈ 14ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. സച്ചാര്‍- പാലോളി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകളും ക്ഷേമപദ്ധതികളും ബജറ്റ് വിഹിതവും നൂറുശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രമായി ഉറപ്പുവരുത്തണം.

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക; പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്
X

കോഴിക്കോട്: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രക്ഷോഭത്തിലേക്ക്. ഈ ആവശ്യമുന്നയിച്ച് ജൂലൈ 14ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇനിയും നടപ്പിലായിട്ടില്ല. നാമമാത്രമായി നടപ്പാക്കിയ ചില പദ്ധതികളാവട്ടെ നുണപ്രചാരണത്തിലൂടെ നിലച്ച അവസ്ഥയിലാണ്. മുസ്‌ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ണമായും അടിയന്തരമായി നടപ്പാക്കണം.

സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍കളെ തുടര്‍ന്ന് 2011 മുതല്‍ കേരളത്തില്‍ നടപ്പാക്കിവന്നിരുന്ന മുസ്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഹിതത്തില്‍ മുസ്‌ലിംകള്‍ക്കൊപ്പം പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 അനുപാതം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കേരളത്തിലും നിലച്ചിരിക്കുന്നത്.

പൂര്‍ണമായും മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട പദ്ധതിയില്‍ ഇതരവിഭാഗത്തെ ഉള്‍പ്പെടുത്തിയതിലൂടെയാണ് ഈ പദ്ധതി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് മുസ്‌ലിംകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്ഷേമപദ്ധതികള്‍ക്ക് ഭാവിയില്‍ കോടതി വ്യവഹാരങ്ങള്‍ക്കു ഇടവരാത്ത വിധം സമഗ്രവും സമ്പൂര്‍ണവും കുറ്റമറ്റതുമായ നിയമനിര്‍മാണം നടത്തണം. സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പത്തിന നിര്‍ദേശങ്ങളാണ് പാലോളി കമ്മറ്റി മുന്നോട്ടുവച്ചത്.

ഈ നിര്‍ദേശങ്ങള്‍ ഇനിയും സംസ്ഥാനത്ത് നടപ്പായിട്ടില്ല. സച്ചാര്‍- പാലോളി കമ്മിറ്റികളുടെ ശുപാര്‍ശകള്‍ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകളും ക്ഷേമപദ്ധതികളും ബജറ്റ് വിഹിതവും നൂറുശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രമായി ഉറപ്പുവരുത്തണം. ഒപ്പം പാലോളി കമ്മറ്റിയുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും അടിയന്തരമായി നടപ്പാക്കണം. 2016 ലും 2021 ലും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പാലോളി കമ്മറ്റി ശുപാര്‍ശകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കി സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം.

ഇതര സമുദായങ്ങള്‍ക്ക് നല്‍കിവരുന്ന പരിഗണന മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. വിദ്യാഭ്യാസ, ഉദ്യോഗസ്ഥ, തൊഴില്‍ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് തന്നെ ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. ഇതോടൊപ്പം മുസ്‌ലിം വിഭാഗത്തെ അരികുവല്‍ക്കരിച്ച് ഒറ്റപ്പെടുത്തി വേട്ടയാടാനും ശ്രമം നടക്കുന്നു. മുസ്‌ലിം വിഭാഗം നേരിടുന്ന പിന്നാക്കാവസ്ഥയും അവഗണയും പരിഹരിക്കുന്നതുവരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോവാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു.

പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാര്‍, പി പി റഫീഖ്, സി എ റഊഫ്, ട്രഷറര്‍ കെ എച്ച് നാസര്‍, അംഗങ്ങളായ ബി നൗഷാദ്, പി കെ യഹിയ തങ്ങള്‍, പി കെ അബ്ദുല്‍ ലത്തീഫ്, എം കെ അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it