Sub Lead

ലഖ്‌നോ ലുലുമാളില്‍ നമസ്‌കരിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍

മാള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്

ലഖ്‌നോ ലുലുമാളില്‍ നമസ്‌കരിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍
X

ലഖ്‌നോ: ലുലുമാളില്‍ നമസ്‌കരിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍.ലഖ്‌നോവിലെ ഇന്ദിരാ നഗര്‍ പ്രദേശത്തെ താമസക്കാരായ മുഹമ്മദ് റഹാന്‍, അതിഫ് ഖാന്‍, മുഹമ്മദ് ലോക്മാന്‍, മുഹമ്മദ് നൊമാന്‍ എന്നിവരാണ് അറസ്റ്റിലായത്.മാള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

മാള്‍ പബ്ലിക് റിലേഷന്‍ മാനേജര്‍ സിബ്‌തൈന്‍ ഹുസൈന്റെ പരാതിയെ തുടര്‍ന്ന് സുശാന്ത് ഗോള്‍ഫ് സിറ്റി പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.അജ്ഞാതര്‍ അനുമതിയില്ലാതെ വന്ന് മാളില്‍ നമസ്‌കരിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ(1)(വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍),295എ (മതവികാരം വ്രണപ്പെടുത്താനുള്ള പ്രവര്‍ത്തനം), 341 (തെറ്റായ നിയന്ത്രണം), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന നടത്തല്‍) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.നമസ്‌കാരത്തില്‍ മാള്‍ ജീവനക്കാരോ മാനേജ്‌മെന്റോ ഉള്‍പ്പെട്ടതായി അറിവില്ലെന്നും പൊതുസ്ഥലങ്ങളില്‍ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പോലിസ് വ്യക്തമാക്കി.

മാളിലെ നമസ്‌കാര വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ബജ്രംഗ്ദള്‍, കര്‍ണിസേന, ഹിന്ദു യുവമഞ്ച്, ഹിന്ദു സമാജ് പാര്‍ട്ടി തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാളിനുമുന്നില്‍ നടന്നത്. പ്രതിഷേധക്കാര്‍ ഹനുമാന്‍ ചാലീസ ചൊല്ലുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.ജീവനക്കാരെ നിയമിക്കുമ്പോള്‍ മാള്‍ അധികൃതര്‍ ഹിന്ദുക്കളോട് വിവേചനം കാണിക്കുകയും ലൗ ജിഹാദ് നടത്തുകയും ചെയ്യുന്നതായും ഗ്രൂപ്പുകള്‍ ആരോപിച്ചു.മാള്‍ ജീവനക്കാരില്‍ 70 ശതമാനവും മുസ്‌ലിം പുരുഷന്മാരും ബാക്കിയുള്ളവര്‍ ഹിന്ദു സമുദായത്തില്‍ നിന്നുള്ള സ്ത്രീകളുമാണെന്നായിരുന്നു പരാതിയിലെ ആരോപണം.

എന്നാല്‍ ഈ ആരോപണങ്ങള്‍ മാള്‍ അധികൃതര്‍ തള്ളി.മാള്‍ ജീവനക്കാരില്‍ 80 ശതമാനത്തിലധികം ഹിന്ദുക്കളാണെന്നും,ബാക്കി 20 ശതമാനം മുസ്‌ലിം, ക്രിസ്ത്യന്‍, മറ്റ് മതവിഭാഗങ്ങളില്‍ നിന്നുമുള്ളവരാണെന്നും പ്രസ്തവനയില്‍ വ്യക്തമാക്കി.'ഞങ്ങളുടെ ജീവനക്കാരെ നിയമിക്കുന്നത് കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ്, ജാതി, ക്ലാസ്, മതം എന്നിവ അടിസ്ഥാനമാക്കിയല്ല,' അധികൃതര്‍ പറഞ്ഞു.ഒരു വിഭാഗം സ്വാര്‍ഥ താല്‍പര്യക്കാര്‍ കമ്പനിയെ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും മാള്‍ അധികൃതര്‍ പറഞ്ഞു.വിവാദങ്ങള്‍ക്ക് പിന്നാലെ ഹാളില്‍ പ്രാര്‍ഥനയ്ക്ക് അനുമതിയില്ലെന്ന ബോര്‍ഡ് ലുലു മാള്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്.

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് മാളിനു മുമ്പില്‍ വിന്യസിച്ചിരിക്കുന്നത്. സമീപത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ഡ്രോണ്‍ കാമറകള്‍ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it