Sub Lead

റിങ്കു ശര്‍മയുടേയും ഹിനയുടേയും കൊലപാതകങ്ങള്‍: 'ഗോഡി മീഡിയ'കള്‍ക്ക് ഇരട്ടത്താപ്പ്

നാല് ഹൈന്ദവ യുവാക്കള്‍ പ്രതിയായ മുസ്‌ലിം യുവതിയുടെ കൊലപാതക കേസില്‍ കുറ്റകരമായ മൗനവുമായി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന ആരോപണം ശക്തം.

റിങ്കു ശര്‍മയുടേയും ഹിനയുടേയും കൊലപാതകങ്ങള്‍: ഗോഡി മീഡിയകള്‍ക്ക് ഇരട്ടത്താപ്പ്
X

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ റിങ്കു ശര്‍മ എന്ന യുവാവിന്റെ വധവുമായി ബന്ധപ്പെട്ട് വര്‍ഗീയത ആളിക്കത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ട് പോവുന്ന 'ഗോഡി മീഡിയ' നാല് ഹൈന്ദവ യുവാക്കള്‍ പ്രതിയായ മുസ്‌ലിം യുവതിയുടെ കൊലപാതക കേസില്‍ കുറ്റകരമായ മൗനവുമായി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന ആരോപണം ശക്തം.

ഈ മാസം എട്ടിനാണ് ന്യൂഡല്‍ഹിയിലെ കിഷന്‍ഗഡ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 32കാരിയായ തര്‍ന്നുമെന്ന ഹിനയെ 21കാരനായ സുമിത് കുമാറും മൂന്നു കൂട്ടാളികളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹിതയായ ഹിനയുമായി സുമിതിന് ബന്ധമുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ മൂന്നു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഹിനയെ കൊലപ്പെടുത്താന്‍ സുമിത് പദ്ധതിയിടുകയും ഇതുപ്രകാരം ഹിനയുടെ വസതിയിലെത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

സുഹൃത്തുക്കളായ അരുണ്‍, അമിത്, രവി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് സുമിത് കുമാര്‍ ഹിനയെ കൊലപ്പെടുത്തിയത്. ജോലിയാവശ്യാര്‍ത്ഥം ഹിനയുടെ ഭര്‍ത്താവ് സാക്വിബ് ഖാന്‍ എന്ന രാജ തുഗ്ലക്കാബാദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. സംഭവത്തില്‍ നാലു പ്രതികളും അറസ്റ്റിലായിട്ടുണ്ട്. കിഷന്‍ഗഡ് പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് മൗര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഹിനയെ കൊലപ്പെടുത്തിയാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന് കുമാര്‍ സുഹൃത്തുക്കള്‍ക്ക് വാഗ്ദാനം ചെയ്തതായി ഹിന്ദി ദിനപത്രമായ അമര്‍ ഉജാല റിപോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, ഹിനയുടെ വീട്ടിലുണ്ടായിരുന്ന 15 ലക്ഷം രൂപയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് കുമാര്‍ കൂട്ടാളികളെ വിശ്വസിപ്പിച്ചിരുന്നു.

ഫെബ്രുവരി ഒമ്പതിന് രാവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നാണ് സംഭവത്തെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നതെന്ന് സൗത്ത് വെസ്റ്റ് അഡീഷണല്‍ ഡിസിപി ഇംഗിത് പ്രതാപ് സിംഗ് പറഞ്ഞു. പോലിസിനെ തെറ്റിദ്ധരിപ്പിക്കാനായി പ്രതി ഹീനയെ വീട്ടില്‍ വച്ച് ക്രൂരമായി ആക്രമിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

അതേസമയം, റിങ്കു ശര്‍മയെന്ന യുവാവ് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പോലിസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇതിന് സാമുദായി നിറം നല്‍കി വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് 'ഗോഡി മീഡിയകള്‍'.

Next Story

RELATED STORIES

Share it