Big stories

മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍ജെഡി നേതാവും ജെഡിയുവിന്റെ ആദ്യ ദേശീയ അധ്യക്ഷനുമായിരുന്നു അദ്ദേഹം. 2003ല്‍ ജനതാദള്‍ (യുനൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ അതിന്റെ അധ്യക്ഷ പദവി ശരത് യാദവ് അലങ്കരിച്ചു.

ഏഴുതവണ ലോക്‌സഭയിലും മൂന്ന് തവണ രാജ്യസഭയിലും അംഗവുമായിരുന്നു. 19992004ല്‍ വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു ശരത് യാദവ്. 1974ല്‍ ജബല്‍പ്പൂരില്‍ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിട്ടാണ് ശരത് യാദവിന്റെ പൊതുരംഗപ്രവേശനം. ജബല്‍പൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്‌സഭയിലെത്തി.

2017ല്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും കോണ്‍ഗ്രസ്, ആര്‍ജെഡി പാര്‍ട്ടികളും നേതൃത്വം നല്‍കിയ മഹാഗഡ്ബന്ധന്‍ സഖ്യം വിട്ട് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ശരത് യാദവ് അംഗമായി. നിതീഷിനൊപ്പം പോവാത്തതിനെ തുടര്‍ന്ന് ശരത് യാദവിന് 2017ല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു. പിന്നീട് 2018ല്‍ ലോകതാന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടി ശരത് യാദവ് രൂപീകരിച്ചു. 2022ല്‍ ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയില്‍ ശരത് യാദവിന്റെ പാര്‍ട്ടി ലയിച്ചു.

Next Story

RELATED STORIES

Share it