Sub Lead

ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം; മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാന്‍ റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്/ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ നമ്പര്‍ ക്യാംപ് രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണം. ഇവ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പറില്‍ അഞ്ച് ദിവസത്തിനകം ലഭിക്കുന്ന സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന തീയതിയിലും സമയത്തിലും ഈ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം വില്ലേജ് ഓഫീസുകളില്‍ എത്തണം. അല്ലെങ്കില്‍ സന്ദേശത്തില്‍ സൂചിപ്പിച്ചിരിക്കുന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴി രേഖകളുടെ ഫോട്ടോയെടുത്ത് അയക്കുകയോ ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം; മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍
X

കൊച്ചി: കാലവര്‍ഷത്തില്‍ ദുരിതബാധിതരായവര്‍ കഴിയുന്ന ക്യാംപുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാന്‍ റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്/ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ നമ്പര്‍ ക്യാംപ് രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തണം. ഇവ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പറില്‍ അഞ്ച് ദിവസത്തിനകം ലഭിക്കുന്ന സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന തീയതിയിലും സമയത്തിലും ഈ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം വില്ലേജ് ഓഫീസുകളില്‍ എത്തണം. അല്ലെങ്കില്‍ സന്ദേശത്തില്‍ സൂചിപ്പിച്ചിരിക്കുന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴി രേഖകളുടെ ഫോട്ടോയെടുത്ത് അയക്കുകയോ ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ക്യാംപുകളില്‍ എത്തുന്നവരുടെ എല്ലാ വിശദാംശങ്ങളും ശേഖരിക്കേണ്ടതാണ്. പേര്, വിലാസം, ഗൃഹനാഥന്റെ പേര്, വയസ്സ്, പുരുഷന്‍, സ്ത്രീ, കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിക്കണം. മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കാന്‍ സാധിക്കാത്തവര്‍ക്ക് നിശ്ചിത ദിവസം വില്ലേജ് ഓഫീസില്‍ ഹാജരാകണം എന്നാവശ്യപ്പെടുന്ന നോട്ടീസ്, ക്യാംപ് അവസാനിക്കുന്നതിനു മുമ്പായി നല്‍കണം. ക്യാംപില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ ദിവസവും രേഖപ്പെടുത്തുന്ന അന്തേവാസികളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന പേജിന്റെ ഫോട്ടോ വാട്‌സ്ആപ്പ് മുഖേന താലൂക്ക് ഓഫീസിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് നല്‍കണം.ക്യാംപുകളില്‍ ആവശ്യമായ കുടിവെള്ളം ലഭ്യമാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം അല്ലെങ്കില്‍ കുപ്പി വെള്ളം മാത്രമാണ് നല്‍കേണ്ടത്. ഭക്ഷണം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ പരമാവധി സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ലഭ്യമാക്കേണ്ടതാണ്. ആവശ്യമെങ്കില്‍ സമീപ പ്രദേശങ്ങളിലെ കടകളില്‍ നിന്നും വിലകൊടുത്ത് വാങ്ങണം. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറക്, ഇന്ധനം, പാത്രങ്ങള്‍, പാചകക്കാര്‍ എന്നിവ ഏര്‍പ്പാടാക്കണം.

രാവിലെ പ്രാതലിന് ഉപ്പുമാവും പഴവും ആണ് നല്‍കേണ്ടത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മുട്ടയും പാലും കൂടി നല്‍കണം. ചോറ്, സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നിവ അടങ്ങിയതായിരിക്കണം ഉച്ചയൂണ്. ചായ, ബിസ്‌കറ്റ് എന്നിവ വൈകുന്നേരവും കഞ്ഞി, പയര്‍ അല്ലെങ്കില്‍ ചപ്പാത്തി, പയറുകറി എന്നിവ അടങ്ങിയതാണ് രാത്രി ഭക്ഷണം.ക്യാംപുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്ലറ്റുകള്‍ ഏര്‍പ്പാടാക്കേണ്ടതാണ്. ആവശ്യമായ ടോയ്‌ലറ്റ് സൗകര്യമില്ലെങ്കില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കണം. ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭാ സെക്രട്ടറി /പ്രസിഡന്റ് / മെമ്പര്‍ എന്നിവരുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ക്യാംപുകളുടെ ശുചീകരണം നടത്തണം. ദിവസവും ക്യാംപും പരിസരവും ശുചിയാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.

വില്ലേജ് ഓഫീസര്‍ക്കാണ് ക്യാംപ് നടത്തിപ്പിനുള്ള സംഘാടക ചുമതല. ഇതിനുള്ള തുക നിലവില്‍ ലഭ്യമായിട്ടില്ലെങ്കില്‍ മുന്‍കൂറായി ചെലവഴിക്കേണ്ടത്. ഈ തുക രണ്ടാഴ്ചയ്ക്കകം തിരികെ നല്‍കും. ചെലവുകളുടെ രസീതുകളും വൗച്ചറുകളും വില്ലേജ് ഓഫീസര്‍മാര്‍ സൂക്ഷിക്കണം. ക്യാംപിലെ ആവശ്യത്തിനായി വേണ്ടിവരുന്ന പായ, ബെഡ്ഷീറ്റ് തുടങ്ങിയവ സന്നദ്ധ സംഘടനകളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയോ ഏര്‍പ്പാടാക്കാം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ദിവസവും ക്യാംപ് സന്ദര്‍ശിക്കുന്നുണ്ട് എന്നും ആവശ്യമായ വ്യക്തികള്‍ക്ക് വൈദ്യസഹായം നല്‍കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.ക്യാംപിന്റെ നടത്തിപ്പില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട സെക്ടറല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തണം. രാഷ്ട്രീയ, മത, സാമുദായിക സംഘടനകള്‍, അവരുടെ അടയാളങ്ങള്‍ / ചിഹ്നങ്ങള്‍ പതിപ്പിച്ച ഭക്ഷണപ്പൊതികളും ദുരിതാശ്വാസ സാമഗ്രികളും ക്യാംപിനകത്ത് വിതരണം ചെയ്യുന്നത് നിര്‍ബന്ധമായും വിലക്കണം. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യാത്ത പുറമേ നിന്നുള്ള വ്യക്തികള്‍ക്ക് ക്യാംപില്‍ പ്രവേശനം നല്‍കേണ്ടതില്ല. ക്യാംപില്‍ താമസിക്കുന്ന വ്യക്തികളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നതിനായി പ്രത്യേക ഇടം സജ്ജീകരിക്കേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it