Sub Lead

ഇന്ത്യയിൽ ദിവസേന അഞ്ചുപേർ കസ്റ്റഡിയിൽ കൊല്ലപ്പെടുന്നു

പ്ലയർ ഉപയോഗിച്ച് വിരൽ നഖങ്ങൾ പിഴുതെടുക്കുക, ഗർഭിണിയായ സ്ത്രീകളുടെ അടിവയറ്റിൽ ചവിട്ടുക തുടങ്ങിയ പീഡന മുറകളും ഇപ്പോഴും ഉപയോ​ഗിക്കുന്നു.

ഇന്ത്യയിൽ ദിവസേന അഞ്ചുപേർ കസ്റ്റഡിയിൽ കൊല്ലപ്പെടുന്നു
X

കോഴിക്കോട്: ഇന്ത്യയിൽ കസ്റ്റഡി കൊലപാതകങ്ങൾ വർധിച്ചുവരുന്നതായി കണക്കുകൾ. 2019 ൽ മാത്രം ഇന്ത്യയിൽ ആകെ 1,731 പേർ കസ്റ്റഡിയിൽ മരണപ്പെട്ടതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ദിവസേന അഞ്ച് മരണങ്ങളാണ് പോലിസ് കസ്റ്റ‍‍ഡിയിൽ നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടന പുറത്തിറക്കിയ റിപോർട്ടിൽ പറയുന്നു.

പീഡനത്തിനിരയായവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച്, ഇന്ത്യയിൽ നടന്നിട്ടുള്ള പീഡനത്തെക്കുറിച്ചുള്ള 2019ലെ വാർഷിക റിപോർട്ടിലാണ് 1,606 മരണങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിലും 125 എണ്ണം പോലിസ് കസ്റ്റഡിയിലും സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്നത്. പോലിസ് കസ്റ്റഡിയിലുള്ള 125 മരണങ്ങളിൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ, 14 മരണങ്ങൾ. തമിഴ്‌നാട്ടിലും പഞ്ചാബിലും 11 മരണങ്ങൾ വീതവും ബീഹാറിൽ 10 മരണങ്ങളുമാണ് റിപോർട്ട് ചെയ്തത്.

മധ്യപ്രദേശിൽ ഒമ്പത് മരണങ്ങളും ഗുജറാത്തിൽ എട്ട് പേരാണ് മരണപ്പെട്ടത്. ഡൽഹിയിലും ഒഡീഷയിലും ഏഴ് വീതം. ജാർഖണ്ഡിൽ ആറുപേർ മരണപ്പെട്ടപ്പോൾ ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ അഞ്ച് വീതമാണ്. ആന്ധ്രാപ്രദേശിലും ഹരിയാനയിലും നാല് വീതം; കേരളം, കർണാടക, പശ്ചിമ ബംഗാൾ മൂന്ന് വീതം വീതം; ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ രണ്ട് വീതം; അസം, ഹിമാചൽ പ്രദേശ്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ്.

പോലിസ് കസ്റ്റഡിയിൽ മരണപ്പെട്ട 125 കേസുകളിൽ 93 പേർ (74.4%) ക്രൂരമായ പീഡനത്തെ തുടർന്നാണ് മരണപ്പെട്ടത്. 24 (19.2%) പേർ സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടുവെന്നാണ് കണക്ക്. അതിൽ 16 പേർ ആത്മഹത്യ ചെയ്തെന്നാണ് പോലിസ് ഭാഷ്യം. അസുഖം ബാധിച്ച് ഏഴ് പേരും, പരിക്കുകൾ കാരണം ഒരാളുമാണ് മരണപ്പെട്ടത്. അഞ്ച് പേരുടെ (4%) കസ്റ്റഡി മരണത്തിന്റെ കാരണങ്ങൾ അജ്ഞാതമാണെന്ന് റിപോർട്ടിൽ പറയുന്നു.

ശരീരത്തിൽ ഇരുമ്പാണി അടിച്ചു തറപ്പിച്ചാണ് ബീഹാറിലെ തസ്ലിം അൻസാരിയെ കൊലപ്പെടുത്തിയത്. കാലുകളിൽ റോളർ പ്രയോഗിച്ചും പൊള്ളലേൽപ്പിച്ചുമാണ് ജമ്മു കശ്മീരിലെ റിസ് വാൻ ആസാദ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയത്. കേരളത്തിൽ രാജ്കുമാറിനെ കൊലപ്പെടുത്തിയത് കാൽപ്പാതത്തിൽ ചൂരൽകൊണ്ട് നിരന്തരം മർദ്ദിച്ചാണ്.

വൈദ്യുത ആഘാതം, പെട്രോൾ ഒഴിക്കുക അല്ലെങ്കിൽ മുളകുപൊടി സ്വകാര്യ ഭാഗങ്ങളിൽ പുരട്ടുക, കൈകൂപ്പിയിരിക്കുമ്പോൾ അടിക്കുക, സൂചി ഉപയോഗിച്ച് ശരീരം കുത്തുക, ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ച് പൊള്ളിക്കുക, വായിൽ മൂത്രമൊഴിക്കുക, മൂർച്ചയുള്ള വസ്തു മലദ്വാരത്തിൽ തിരുകി കയറ്റുക എന്നിവയാണ് പീഡനത്തിന്റെ മറ്റ് രീതികൾ. കൈകാലുകൾ കെട്ടി തലകീഴായി തൂക്കിയിട്ട ശേഷം അടിക്കുക, ഓറൽ സെക്‌സ് ചെയ്യാൻ നിർബന്ധിക്കുക, പ്ലയർ ഉപയോഗിച്ച് വിരൽ നഖങ്ങൾ പിഴുതെടുക്കുക, ഗർഭിണിയായ സ്ത്രീകളുടെ അടിവയറ്റിൽ ചവിട്ടുക തുടങ്ങിയ പീഡന മുറകളും ഇപ്പോഴും ഉപയോ​ഗിക്കുന്നു.

ഈ 125 പേരിൽ 75 (60%) പേർ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വിഭാ​ഗത്തിൽ പെട്ടവരാണെന്ന് എൻ‌സി‌എ‌ടിയുടെ വിശകലന റിപോർട്ടിൽ വെളിപ്പെടുത്തുന്നു. ഇവരിൽ 13 പേർ ദലിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരും 15 പേർ മുസ്‌ലിംകളുമാണ്. കസ്റ്റഡിയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയോ ലൈംഗിക അതിക്രമത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്. 2019 ൽ പോലിസ് കസ്റ്റഡിയിൽ കുറഞ്ഞത് നാല് സ്ത്രീകൾ കൊല്ലപ്പെട്ടതായും എൻ‌സി‌എടി റിപോർട്ടിൽ പറയുന്നു.

Next Story

RELATED STORIES

Share it