Sub Lead

തുര്‍ക്കി പ്രഥമ വനിതയുമായി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി; സാമൂഹിക പദ്ധതികള്‍ ചര്‍ച്ച ചെയ്തു

2017ല്‍ ആരംഭിച്ച 'സീറോ വേസ്റ്റ് പ്രോജക്റ്റിന്റെ' ഏറ്റവും പ്രധാനപ്പെട്ട രക്ഷാധികാരിയും പൊതുമുഖവുമായ ആമിന ഉര്‍ദുഗാന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കി വരുന്ന പ്രധാനപ്പെട്ട സാമൂഹിക പദ്ധതികളേയും മാനുഷിക സഹായ പ്രവര്‍ത്തനങ്ങളേയും ആമിര്‍ഖാന്‍ പ്രകീര്‍ത്തിച്ചു.

തുര്‍ക്കി പ്രഥമ വനിതയുമായി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി; സാമൂഹിക പദ്ധതികള്‍ ചര്‍ച്ച ചെയ്തു
X

ആങ്കറ: ലോകപ്രശസ്ത ബോളിവുഡ് താരവും സംവിധായകനുമായ ആമിര്‍ ഖാന്‍ തുര്‍ക്കി പ്രഥമ വനിത ആമിന ഉര്‍ദുഗാനമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് പ്രസിഡന്റിന്റെ വസതിയായ ഇസ്താംബൂളിലെ ഹുബര്‍ മാന്‍ഷനില്‍ എത്തി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയത്. ഖാന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതിനായി താനും ഭാര്യയും സ്ഥാപിച്ച വാട്ടര്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ഉത്തരവാദിത്ത പദ്ധതികളെക്കുറിച്ച് ആമിര്‍ഖാന്‍ വിശദീകരിച്ചു. 2017ല്‍ ആരംഭിച്ച 'സീറോ വേസ്റ്റ് പ്രോജക്റ്റിന്റെ' ഏറ്റവും പ്രധാനപ്പെട്ട രക്ഷാധികാരിയും പൊതുമുഖവുമായ ആമിന ഉര്‍ദുഗാന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കി വരുന്ന പ്രധാനപ്പെട്ട സാമൂഹിക പദ്ധതികളേയും മാനുഷിക സഹായ പ്രവര്‍ത്തനങ്ങളേയും ആമിര്‍ഖാന്‍ പ്രകീര്‍ത്തിച്ചു.

സിനിമകളില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ധൈര്യത്തോടെ കൈകാര്യം ചെയ്തതിന് ആമിന ഉര്‍ദുഗാന്‍ ആമിര്‍ഖാനെ അഭിനന്ദിച്ചു.

തന്റെ ഭാര്യയുടെ കുറച്ചുകാലത്തെ തുര്‍ക്കി വാസം തുര്‍ക്കികളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ അവരെ പ്രേരിപ്പിച്ചെന്നും ഇരു സമൂഹങ്ങളിലും ഒരുപാട് സമാനതകളുണ്ടെന്നും ഇരു രാജ്യങ്ങൡലേയും പൊതു കുടുംബഘടന ഒരു പോലെയാണെന്നും ആമിര്‍ഖാന്‍ ചൂണ്ടിക്കാട്ടി. അതു പോലെ ഭാഷകളിലും ഈ സമാനത കണ്ടെത്താനാവുമെന്നു ഖാന്‍ വ്യക്തമാക്കി. തന്റെ മുസ്‌ലിമായ മാതാവിന്റെ സ്വാധീനത്തില്‍ താന്‍ സിനിമയില്‍ വന്നതടക്കമുള്ള ഓര്‍മകളും ഖാന്‍ പങ്കുവച്ചു.

1994ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ 'ഫോറെസ്റ്റ് ഗമ്പിന്റെ' റീ മെയ്ക്കായ ലാല്‍ സിംഗ് ചദ്ദ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ബോളിവുഡ് താരം കഴിഞ്ഞ ആഴ്ച മുതല്‍ തുര്‍ക്കിയിലാണ്.ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം മൂലം ഷൂട്ടിങ് തടസ്സപ്പെട്ടതിനെതുടര്‍ന്നാണ് ലൊക്കേഷന്‍ തുര്‍ക്കിയിലേക്ക് മാറ്റിയത്.

നിഡെ, അദാന, ഇസ്താംബുള്‍ എന്നിവയുള്‍പ്പെടെ നിരവധി തുര്‍ക്കി പ്രവിശ്യകളില്‍ സിനിമയുടെ ശേഷിക്കുന്ന ഭാഗം ചിത്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിലിം സെറ്റിലേക്കു പ്രഥമ വനിതയെ ആമിര്‍ഖാന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it