Sub Lead

ആറ് വര്‍ഷത്തിന് ശേഷം ആദ്യ ജാമ്യം; ജയില്‍ മോചിതനായി ഇബ്രാഹിം

ആറ് വര്‍ഷത്തിന് ശേഷം ആദ്യ ജാമ്യം; ജയില്‍ മോചിതനായി ഇബ്രാഹിം
X

തൃശൂര്‍: മാവോയിസ്റ്റു സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന കുറ്റാരോപണത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന യുഎപിഎ തടവുകാരന്‍ ഇബ്രഹാമിന് ആറുവര്‍ഷത്തിന് ശേഷം ആദ്യമായി ജാമ്യം ലഭിച്ചു. ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇന്ന് വൈകീട്ടാണ് പുറത്തിറങ്ങാനായത്. 67 കാരനായ ഇബ്രാഹിമിന്റെ ആരോഗ്യനില അത്യന്തം ഉത്ക്കണ്ഠയുളവാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ചികില്‍സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇന്നലെ രാവിലെയാണ് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, വിചാരണക്ക് തടസ്സമുണ്ടാവരുത് തുടങ്ങി നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇബ്രാഹിമിന് വേണ്ടി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ. പി എ ഷൈന എന്നിവര്‍ ഹാജരായി.

കടുത്ത പ്രമേഹരോഗിയായ ഇബ്രാഹിമിനെ നെഞ്ചു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇബ്രാഹിമിനെ ചികില്‍സിച്ച ഡോക്ടര്‍മാരുടെ അഭിപ്രായം അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലത്തിന് പ്രത്യേക കരുതല്‍ വേണമെന്നായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 452 എന്ന നിലയില്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നതും, അടിക്കടിയുള്ള നെഞ്ചു വേദനയും രക്തധമനികളില്‍ വീണ്ടും ബ്ലോക്കുണ്ടാവുന്നതിനുള്ള സാധ്യതകളുടെ ശക്തമായ ലക്ഷണങ്ങളായി ചില സ്വകാര്യ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു. രണ്ടു തവണ ഹൃദയാഘാതമുണ്ടായ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണ്. ആന്‍ജിയോഗ്രാം ചെയ്യുന്നതാണ് ബ്ലോക്കിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗ്ഗം. എന്നാല്‍ അതിനൊന്നും മുതിരാതെ ബുധനാഴ്ചയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇബ്രാഹിമിന് വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

Next Story

RELATED STORIES

Share it