Sub Lead

കണ്ണൂര്‍ വിസിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധം; രേഖകള്‍ പുറത്തുവിട്ട് കെഎസ്‌യു

കണ്ണൂര്‍ വിസിയുടെ ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധം; രേഖകള്‍ പുറത്തുവിട്ട് കെഎസ്‌യു
X

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപനിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം മാത്രമല്ല, ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമാണെന്ന ആരോപണവുമായി കെഎസ്‌യു രംഗത്ത്. വിസി നിയമനത്തിനായുള്ള 2017 ലെ സെര്‍ച്ച് കമ്മിറ്റി പാനല്‍ നല്‍കിയില്ല. മൂന്നംഗ സെര്‍ച്ച് കമ്മിറ്റി മറ്റ് പേരുകള്‍ നല്‍കാതെ ഗോപിനാഥ് രവീന്ദ്രന്റെ ഒറ്റപ്പേര് മാത്രമാണ് നിര്‍ദേശിച്ചത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് കെഎസ്‌യു വ്യക്തമാക്കി. കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച രേഖകള്‍ സഹിതം പുറത്തുവിട്ടത്.


സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് അയച്ച കത്താണ് പുറത്തുവന്നത്. സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2010 ലെ യുജിസി റെഗുലേഷന്‍ ആക്ടില്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. മൂന്ന് മുതല്‍ അഞ്ചുവരെയുള്ള പേരുകളാണ് വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്കേണ്ടത്. എന്നാല്‍, അതുണ്ടാവാത്തത് യുജിജി ചട്ടങ്ങളുടെ പൂര്‍ണമായ ലംഘനമാണ്. നിയമനം തന്നെ ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന സെര്‍ച്ച് കമ്മിറ്റിയുടെ രേഖകളുടെ പകര്‍പ്പുമായി നിയമപോരാട്ടത്തിന് കെഎസ്‌യു തയ്യാറെടുക്കും.

വിസി കസേരയില്‍ ഗോപിനാഥ് രവീന്ദ്രന്‍ അള്ളിപ്പിടിച്ചിരിക്കാമെന്ന് കരുതേണ്ടെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍നിയമനത്തിന് ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നതിന് തെളിവായി മന്ത്രി അയച്ച കത്ത് ഇന്നലെ രാത്രിയോടെ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് പ്രഫ. ബിന്ദു കത്ത് നല്‍കിയത്. വിസി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാല്‍, വിവാദത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രഫസറായി നിയമിക്കാനുള്ള തീരുമാനം നടപ്പാക്കിയാല്‍ ശക്തമായ പ്രക്ഷേഭം തുടങ്ങുമെന്നും കെഎസ്‌യു അറിയിച്ചിട്ടുണ്ട്. നേരത്തെ വിവാദനിയമനത്തില്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനോട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരുന്നു. നിയമനത്തില്‍ വിശദമായ റിപോര്‍ട്ട് നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം.

Next Story

RELATED STORIES

Share it