Sub Lead

'ഉവൈസിയുടെ കാറിന് നേരെ വെടിയുതിര്‍ത്തത് കൊല്ലണമെന്ന ഉദ്ദേശത്തോടെ'; പോലിസിനോട് പ്രതി

പോലിസിന്റെ ചോദ്യം ചെയ്യലിലാണ് അറസ്റ്റിലായ രണ്ടു പേരില്‍ ഒരാളായ സച്ചിന്‍ പണ്ഡിറ്റ് ഈ ഞെട്ടലുളവാക്കുന്ന മൊഴി നല്‍കിയത്

ഉവൈസിയുടെ കാറിന് നേരെ വെടിയുതിര്‍ത്തത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; പോലിസിനോട് പ്രതി
X

ന്യൂഡല്‍ഹി: ഉവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവെച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ ആയിരുന്നുവെന്ന് സംഭവത്തില്‍ പോലിസ് പിടിയിലായ പ്രതി. പോലിസിന്റെ ചോദ്യം ചെയ്യലിലാണ് അറസ്റ്റിലായ രണ്ടു പേരില്‍ ഒരാളായ സച്ചിന്‍ പണ്ഡിറ്റ് ഈ ഞെട്ടലുളവാക്കുന്ന മൊഴി നല്‍കിയത്. ഉത്തര്‍പ്രദേശില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അസദുദ്ദീന്‍ ഉവൈസിയും ഒപ്പമുണ്ടായിരുന്നവരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

താന്‍ ഒരു വലിയ രാഷ്ട്രീയ നേതാവാകാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍, ഉവൈസിയുടെ പ്രസംഗങ്ങള്‍ കേട്ട് അസ്വസ്ഥനായിരുന്നുവെന്നും അതിനാല്‍, ഉവൈസിയെ കൊല്ലാന്‍ ഉറ്റ സുഹൃത്തായ ശുഭമും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് രണ്ടു പ്രതികളില്‍ മുഖ്യപ്രതിയായ സച്ചിന്‍ പോലിസ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപിയില്‍ അംഗമായ പ്രതി, എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസിയെ വധിക്കാനുള്ള പദ്ധതിയുമായി കഴിഞ്ഞ കുറെ ദിവസമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും സച്ചിന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

'സച്ചിന്‍ പണ്ഡിറ്റ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഉവൈസിയുടെ ചലനം നിരന്തരം നിരീക്ഷിച്ചിരുന്നു. കൂടാതെ എംപിയെ ആക്രമിക്കാനുള്ള അവസരം നോക്കി അദ്ദേഹത്തിന്റെ പല യോഗങ്ങളിലും പങ്കെടുത്തിരുന്നുവെങ്കിലും വലിയ ജനക്കൂട്ടം കാരണം പരാജയപ്പെട്ടു. താന്‍ ഉവൈസിക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ അദ്ദേഹം കുനിഞ്ഞു. താന്‍ താഴേക്ക് വെടിയുതിര്‍ത്തു, അയാള്‍ക്ക് വെടിയേറ്റതായി ഞാന്‍ കരുതി. അപ്പോള്‍ താന്‍ ഓടി'-പ്രതി പോലിസിനോട് സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.'അദ്ദേഹം മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുമെന്ന് അറിഞ്ഞപ്പോള്‍, ഞാന്‍ അദ്ദേഹത്തിന് മുമ്പായി ടോള്‍ഗേറ്റിലെത്തി, കാര്‍ വന്നയുടന്‍ വെടിവച്ചു'-പോലfസ് ചോദ്യം ചെയ്യലില്‍ അദ്ദേഹം പറഞ്ഞു.

ബിജെപി അംഗത്വം തെളിയിക്കുന്നതിനായി സച്ചിന്‍ പണ്ഡിറ്റ് തന്റെ അംഗത്വ സ്ലിപ്പിന്റെ പകര്‍പ്പും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ ശുഭം സഹറന്‍പൂര്‍ സ്വദേശിയാണ്. പത്താം ക്ലാസ് പാസ്സായ ശുഭം ഒരു കര്‍ഷകനാണ്. ഇയാള്‍ക്കെതിരെ ഇതുവരെ ഒരു ക്രിമിനല്‍ കേസും പോലിസ് കണ്ടെത്തിയിട്ടില്ല.

ഉത്തര്‍പ്രദേശിലെ ഛജാര്‍സി ടോളിന് സമീപമുള്ള ഹൈവേയില്‍ വെച്ച് വ്യാഴാഴ്ചയാണ് ഉവൈസിയുടെ കാറിന് നേരെ വെടിവയ്പുണ്ടായത്. മീററ്റിലെ തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തെഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് ഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

വെടിവെപ്പിനെ തുടര്‍ന്ന് ഉവൈസി സഞ്ചരിച്ച കാറിന്റെ ടയറുകള്‍ പഞ്ചറാവുകയും തുടര്‍ന്ന് മറ്റൊരു കാറിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോവുകയുമായിരുന്നു.

Next Story

RELATED STORIES

Share it