Big stories

ഒമ്പതാം ദിനവും റഷ്യന്‍ ആക്രമണം ശക്തം; യുക്രെയ്‌നിലെ ആണവനിലയത്തില്‍ വന്‍ തീപ്പിടിത്തം

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയ്‌നിലെ സപ്പോരിജിയ ആണവനിലയത്തിന് നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ റഷ്യന്‍ സൈനികരുടെ ആക്രമണമുണ്ടായത്. ഇതെത്തുടര്‍ന്ന് വന്‍ തീപ്പിടിത്തമുണ്ടായതായി അടുത്തുള്ള പട്ടണമായ എനെര്‍ഗോദറിലെ മേയര്‍ പറഞ്ഞു.

ഒമ്പതാം ദിനവും റഷ്യന്‍ ആക്രമണം ശക്തം; യുക്രെയ്‌നിലെ ആണവനിലയത്തില്‍ വന്‍ തീപ്പിടിത്തം
X

കീവ്: യുക്രെയ്‌നില്‍ അധിനിവേശം തുടങ്ങി ഒമ്പതാം ദിനത്തിലും റഷ്യന്‍ ആക്രമണത്തില്‍ വിറങ്ങലിച്ച് നഗരങ്ങള്‍. യുക്രെയ്ന്‍ തലസ്ഥാനമായ പ്രധാന നഗരമായ ഖാര്‍ഖീവിലും റഷ്യ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം യുക്രെയ്‌നിലെ ആണവ നിലയത്തിന് നേരേ റഷ്യന്‍ സേന ആക്രമണം നടത്തിയതായാണ് വിവരം. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയ്‌നിലെ സപ്പോരിജിയ ആണവനിലയത്തിന് നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ റഷ്യന്‍ സൈനികരുടെ ആക്രമണമുണ്ടായത്. ഇതെത്തുടര്‍ന്ന് വന്‍ തീപ്പിടിത്തമുണ്ടായതായി അടുത്തുള്ള പട്ടണമായ എനെര്‍ഗോദറിലെ മേയര്‍ പറഞ്ഞു.


പ്രാദേശിക സേനയും റഷ്യന്‍ സൈനികരും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടന്നതെന്ന് ഡിമിട്രോ ഒര്‍ലോവ് ഒരു ഓണ്‍ലൈന്‍ പോസ്റ്റില്‍ പറഞ്ഞു. ആളപായമുണ്ടായെങ്കിലും വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പ്ലാന്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം ശക്തമാക്കുകയാണെന്നും ടാങ്കുകളുമായി നഗരത്തില്‍ പ്രവേശിച്ചതായും യുക്രെയ്ന്‍ അധികൃതര്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. 'യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ കെട്ടിടങ്ങള്‍ക്കും യൂനിറ്റുകള്‍ക്കും നേരേ ശത്രുക്കളുടെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തിന്റെ ഫലമായി, സപ്പോരിജിയ ആണവ നിലയത്തിന് തീപ്പിടിച്ചിരിക്കുകയാണ്- ഓര്‍ലോവ് തന്റെ ടെലിഗ്രാം ചാനലില്‍ പറഞ്ഞു.

ലോകസുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീപ്പിടിത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാഷ്ട്രത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമായാണ് റഷ്യന്‍ ആക്രമണത്തെ വിലയിരുത്തുന്നത്. ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. യുദ്ധം 1 ദശലക്ഷം അഭയാര്‍ഥികളെ സൃഷ്ടിച്ചു. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. ഒഡേസ പിടിച്ചെടുക്കാനായി കൂടുതല്‍ റഷ്യന്‍ സൈന്യമെത്തുമെന്നാണ് റിപോര്‍ട്ട്.

ചെര്‍ണീവിലുണ്ടായ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ സ്ഥിരീകരിച്ചു. കീവിനെ ലക്ഷ്യം വച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. യുക്രെയ്‌നിലെ കേഴ്‌സണ്‍ നഗരം പിടിച്ചെടുത്തതോടെ ഡേസയും ഡോണ്‍ബാസും ലക്ഷ്യംവച്ചാണ് റഷ്യന്‍ നീക്കം. ചെര്‍ണീവിലുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടെന്നും 18 പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്ന്‍ സ്ഥിരീകരിച്ചു. മരിയപോളില്‍ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടര്‍ന്നു.

ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു. യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവില്‍നിന്ന് ഏകദേശം 100 കിലോമീറ്റര്‍ (62 മൈല്‍) വടക്ക്, പ്രവര്‍ത്തനരഹിതമായ ചെര്‍ണോബില്‍ പ്ലാന്റ് റഷ്യ ഇതിനകം പിടിച്ചെടുത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മധ്യസ്ഥത ശ്രമവുമായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി സംസാരിച്ചു. എന്നാല്‍, യുക്രെയ്‌നെ നിരായുധീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നായിരുന്നു പുടിന്റെ പ്രതികരണം. കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷകളെല്ലാം അവസാനിച്ചെന്നും യുക്രെയ്‌നില്‍ കൂടുതല്‍ മോശമായ അവസ്ഥയാണ് ഇനി വരാന്‍ പോവുന്നതെന്നും മാക്രോണ്‍ പറഞ്ഞു.

Next Story

RELATED STORIES

Share it