Sub Lead

ഗ്യാന്‍വാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗം: വിശ്വ ഹിന്ദു പരിഷത്ത്

ഗ്യാന്‍വാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗം: വിശ്വ ഹിന്ദു പരിഷത്ത്
X

ന്യൂഡല്‍ഹി: വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയത് അത് ക്ഷേത്രമാണെന്ന് തെളിയിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍. ശിവലിംഗം കണ്ടെത്തിയ സ്ഥലം ക്ഷേത്രമാണെന്ന് രാജ്യത്തെ എല്ലാ പൗരന്മാരും അംഗീരിക്കണമെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

'മസ്ജിദിനുള്ളിലെ മുറികളില്‍ ഒന്നില്‍ നിന്ന് സര്‍വേയ്ക്കിടെയാണ് ശിവലിംഗം കണ്ടെത്തിയത്. ഇത് അതീവ സന്തോഷകരമായ വാര്‍ത്തയാണ്. ഇരു പാര്‍ട്ടികളുടെയും അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗം കണ്ടെത്തിയതോടെ സ്ഥലം ക്ഷേത്രമാണെന്ന് സ്വയം തെളിഞ്ഞിരിക്കുകയാണെന്നും കൂടാതെ ഇതിന്റെ മതപരമായ അടിസ്ഥാന ഘടന 1947ലും ക്ഷേത്രമായിരുന്നു.' അലോക് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു.

'ഗ്യാന്‍വാപി മസ്ജിദില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തിയ ഇക്കാര്യം എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് കരുതുന്നു. സംഭവത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാതെ നോക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അലഹബാദ് ഹൈക്കോടതിയില്‍ നിന്നുള്ള അന്തിമവിധി വന്നതിന് ശേഷം ഇനി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശ്വഹിന്ദുപരിഷത്ത് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായ കാര്യമായതിനാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് അനുചിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശിവലിംഗം കണ്ടെത്തിതായി പറയുന്നതു ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി (വുദു ടാങ്ക്) യിലെ വാട്ടര്‍ ഫൗണ്ടന്‍ ആണ് ഇതെന്നും മസ്ജിദ് അധികൃതര്‍ വ്യക്തമാക്കി.

കോടതി ഇക്കാര്യത്തില്‍ ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടതെന്നും കോടതി തന്നെ നിയോഗിച്ച നിഷ്പക്ഷ കക്ഷിയായ കമീഷണറെ ഒഴിവാക്കി മസ്ജിദിനു മേല്‍ അവകാശവാദം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അഭിഭാഷകന്റെ പരാതിക്കു വഴങ്ങുകയായിരുന്നുവെന്നും യാസീന്‍ കുറ്റപ്പെടുത്തി.

പള്ളിയിലും പരിസരത്തും വിശദമായ പരിശോധന നടത്തി ക്ഷേത്രത്തിന് ആധാരമായ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി രവികുമാര്‍ ദിവാകര്‍ നേരത്തേ കമീഷനെ നിയോഗിച്ചിരുന്നു.

135 മണിക്കൂര്‍ നീണ്ട പരിശോധന അവസാനിച്ചപ്പോള്‍ ഹിന്ദുവിഭാഗം അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ പരിശോധനയില്‍ 'സുപ്രധാന തെളിവ്' കണ്ടെത്തിയതായി കോടതിയെ അറിയിക്കുകയായിരുന്നു. പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയില്‍ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി കമീഷണറുടെ ആവശ്യമനുസരിച്ച് സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നും പരാതിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് പള്ളി സമുച്ചയം മുദ്രവെക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ച് ഉത്തരവിട്ടു.

അതേസമയം, കണ്ടെത്തിയെന്ന് പറയുന്നത് മുഗള്‍കാല നിര്‍മിതിയായ മസ്ജിദിന്റെ വുസു ഖാനയിലുള്ള വാട്ടര്‍ ഫൗണ്ടന്റെ ഭാഗമാണെന്നും ഇതു വ്യക്തമാക്കി മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഗ്യാന്‍വാപി മസ്ജിദിന്റെ സംരക്ഷണചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് ജോ. സെക്രട്ടറി സയിന്‍ യാസീന്‍ 'ദ ഹിന്ദു' പത്രത്തോട് പറഞ്ഞു. മസ്ജിദില്‍ കണ്ടത് വുദു ടാങ്കിലെ വാട്ടര്‍ ഫൗണ്ടന്‍ ആണെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകനും വ്യക്തമാക്കി.

രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലില്‍ തീര്‍ത്തതാണ് ഫൗണ്ടന്‍. രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണര്‍ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടന്‍ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദം ഉയര്‍ന്നതോടെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദിന്റെ വീഡിയോ സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയാണ് വാരണാസി ജില്ലാ സിവില്‍ കോടതി ഉത്തരവിറക്കിയത്. മസ്ജിദിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വീഡിയോ സര്‍വേക്കെത്തിയ കമ്മീഷന്‍ മസ്ജിദില്‍ അംഗസ്‌നാനം നടത്താന്‍ ഉപയോഗിച്ചിരുന്ന ടാങ്കിലെ വെള്ളം വറ്റിച്ചിരുന്നു. ഇതിനിടെയാണ് ഇവിടെ ശിവലിംഗം കണ്ടെത്തിയതെന്നാണ് അഭിഭാഷകനായ വിഷ്ണു ജെയിന്റെ വാദം.

അതേസമയം വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ സര്‍വേ ചോദ്യം ചെയ്തുള്ള ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഗ്യാന്‍വാപി മസ്ജിദ് സര്‍വേ നടത്തണമെന്ന വാരാണസി കോടതി ഉത്തരവിനെതിരെ അഞ്ജുമന്‍ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ച, സര്‍വേയില്‍ തല്‍സ്ഥിതിയുടെ ഇടക്കാല ഉത്തരവ് നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു, എന്നാല്‍ സര്‍വേയ്‌ക്കെതിരായ ഒരു മുസ് ലിം വിഭാഗത്തിന്റെ ഹര്‍ജി പരിഗണിക്കാന്‍ കോടതി സമ്മതിക്കുകയായിരുന്നു.Next Story

RELATED STORIES

Share it