Sub Lead

പൗരത്വ നിയമത്തിനെതിരായ പോരാട്ടം മോദിവാഴ്ചയ്ക്ക് അന്ത്യം കുറിക്കും: എം എ ബേബി

ഗുജറാത്ത് വംശഹത്യയാണ് മോദിയുടെ മാതൃക. അത് രാജൃത്താകെ വ്യാപിപ്പിക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെയെന്ന് ബേബി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പോരാട്ടം മോദിവാഴ്ചയ്ക്ക് അന്ത്യം കുറിക്കും: എം എ ബേബി
X

തളിപ്പറമ്പ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടം മോദി വാഴ്ചയ്ക്ക് അന്ത്യം കുറിക്കുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ എം എ ബേബി. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ഭരണഘടന സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള മോദിയുടെയും അമിത് ഷായുടെയും നീക്കം വിജയിക്കില്ല. ഈ പോരാട്ടത്തിന്റെ കേന്ദ്രം മറ്റ് പലതിനും മാതൃകയായ കേരളമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി സത്യഗ്രഹം നടത്തിയതും നിയമസഭ ഐക്യകണേ്ഠ്യന പ്രമേയം പാസാക്കിയതും കേരളത്തിലാണ്. ഈ പ്രക്ഷോഭമാണ് ഇന്ത്യയ്ക്കു വഴികാട്ടുന്നത്. പൗരത്വ നിയമ ഭേദഗതി വേണ്ടെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല. നിയമ ഭേദഗതിയുടെ ഭരണഘടനാ വിരുദ്ധതയും ദുഷ്ടലാക്കും വഞ്ചനയുമാണ് സിപിഎമ്മും ഇടതുപക്ഷവും ചോദ്യം ചെയ്യുന്നത്. ഇടതുപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും യുക്തിപരവും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മൂന്ന് ഭേദഗതികള്‍ അവതരിപ്പിച്ചു. എന്നാല്‍, സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ മൂന്നും തള്ളി. മൂന്ന് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് എന്നതിന് പകരം അയല്‍ രാജ്യങ്ങള്‍ എന്നാക്കണമെന്നതാതിരുന്നു ഇടതുപക്ഷത്തിന്റെ ഒരു ഭേദഗതി. വടക്കുകിഴക്കന്‍ സംസ്ഥനങ്ങളെ ബാധിക്കുന്ന അസം കരാര്‍ പാലിക്കണമെന്നതായിരുന്നു രണ്ടാമത്തെ ഭേദഗതി. പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കുമെന്ന് ഉറപ്പാക്കുമ്പോള്‍ മുസ് ലിംകളെ കൂടി അതില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു മൂന്നാമത്തെ ഭേദഗതി.

ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷത്തെ അന്യവല്‍ക്കരിക്കുന്നതാണ് നിയമം. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന പൗരാവാകാശം, തുല്യത എന്നിവയുടെ ലംഘനമാണിത്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ വലിച്ചുകീറുന്നതാണിത്. ഇതിന്റെ മുന്നോടിയായി എല്ലായിടത്തും പൗരത്വ പട്ടിക വരാന്‍ പോവുകയാണ്. പട്ടികയുടെ ഭാഗമായ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ പണി ഏപ്രിലില്‍ തുടങ്ങാന്‍ പോവുകയാണ്. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നത്.

ഇന്ത്യയെ വിഭജിക്കുന്ന രാഷ്ട്രീയമാണ് മോദി പുറത്തെടുക്കുന്നത്. ഭൂപ്രദേശം മാത്രമുണ്ടായാല്‍ ഒരു രാജ്യമാവില്ല. അവിടെയുള്ള ജനങ്ങളാണ് പരമപ്രധാനം. ഇവരില്‍ വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടാവാം. ഒരു മതത്തില്‍ വിശ്വസിക്കാത്തവരും രാജ്യത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഒരു ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരം നിലനിര്‍ത്തുകയാണ് മോദിയുടെ ലക്ഷ്യം. ഗുജറാത്ത് വംശഹത്യയാണ് മോദിയുടെ മാതൃക. അത് രാജൃത്താകെ വ്യാപിപ്പിക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെയെന്ന് ബേബി പറഞ്ഞു.




Next Story

RELATED STORIES

Share it