Sub Lead

ഏറ്റുമുട്ടല്‍ തുടരുന്നു; റഷ്യന്‍ സൈന്യം കീവില്‍ കടന്നു, തിരിച്ചടിച്ചതായി യുക്രെയ്ന്‍

ഏറ്റുമുട്ടല്‍ തുടരുന്നു; റഷ്യന്‍ സൈന്യം കീവില്‍ കടന്നു, തിരിച്ചടിച്ചതായി യുക്രെയ്ന്‍
X

കീവ്: രണ്ടാം ദിനവും യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കി റഷ്യ. ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചു. റഷ്യന്‍ ടാങ്കുകള്‍ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളിലെത്തി. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കീവിലെ വടക്കന്‍ ജില്ലകളിലാണ് റഷ്യന്‍ സൈന്യമെത്തിയത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സൈനികര്‍ നഗരത്തിന് പുറത്തെത്തുകയും ഒബോലോണ്‍സ്‌കിക്ക് സമീപമുള്ള ഒരു എയര്‍ഫീല്‍ഡ് ആക്രമിക്കുകയും ചെയ്തു. വന്‍ സ്‌ഫോടന പരമ്പരയാണ് കീവിലുണ്ടായത്.

ജനവാസ മേഖലകളിലും ആക്രമണമുണ്ടായി. കനത്ത ആള്‍നാശമുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. ഒറ്റരാത്രി കൊണ്ട് നഗരം സ്‌ഫോടനങ്ങളാല്‍ തകര്‍ന്നു. നിരവധി ഫ്ളാറ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റഷ്യന്‍ സേന കീവ് വളയാന്‍ ശ്രമിക്കുകയാണെന്നും താനും കുടുംബവും കീവില്‍ തന്നെ തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞിരുന്നു. റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്നും സെലന്‍സ്‌കി അറിയിച്ചു. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗോസ്‌റ്റോമല്‍ വ്യോമതാവളത്തിന് നേരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ സാധിച്ചെന്ന് യുക്രേനിയന്‍ സൈന്യം അവകാശപ്പെടുന്നു. യുക്രെയ്ന്‍ സൈന്യം ഒരു റഷ്യന്‍ ടാങ്ക് പിടിച്ചെടുത്തതായാണ് റിപോര്‍ട്ടുകള്‍. കേഴ്‌സണില്‍ റഷ്യന്‍ ടാങ്ക് പിടിച്ചെടുത്ത് തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യയും അറിയിച്ചു. രാജ്യതലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യമെത്തിയെങ്കിലും യുക്രെയ്ന്‍ സൈന്യം തിരിച്ചടി തുടരുകയാണ്. കീവിന്റെ നഗരപ്രാന്തത്തിലൂടെ സൈനികവാഹനങ്ങള്‍ റോന്തുചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തലസ്ഥാനഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ഡിമെര്‍, ഇവാന്‍കിവ് എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സൈനിക നടപടിക്കിടെ 450 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ സേനയുടെ 800 സൈനികരെ വധിച്ചെന്നാണ് യുക്രെയ്ന്‍ പറയുന്നത്. റഷ്യയുടെ 30 ടാങ്കുകളും ഏഴ് വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും ഒരു യുദ്ധവിമാനം തകര്‍ത്തെന്നുമാണ് യുക്രെയ്ന്‍ അവകാശപ്പെട്ടത്.

പ്രധാനമായും റഷ്യന്‍ സേന യുക്രെയ്‌ന്റെ തലസ്ഥാന നഗരമായ കീവില്‍ ലക്ഷ്യംവയ്ക്കുന്നത് പതലാണ്. കീവിലെ ഡിനിപ്രോ നദീതീരത്തായാണ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ മരീന്‍സ്‌കി സ്ഥിതി ചെയ്യുന്നത്. 1917 ലെ ആഭ്യന്തര യുദ്ധകാലത്ത് സൈനിക ആസ്ഥാനമായിരുന്നു മരീന്‍സ്‌കി. റഷ്യന്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മരീന്‍സ്‌കിയാണ്. പ്രസിഡന്റിന്റെ മറ്റു രണ്ട് ഓദ്യോഗിക വസതികളായ ഹൗസ് വിത്ത് കിമറോസ്, ഹൗസ് ഓഫ് വീപ്പിങ് വിഡോസ് എന്നിവയും റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

ഹൗസ് വിത്ത് കിമറോസിന് എതിര്‍വശത്തായാണ് പ്രസിഡന്റിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. റഷ്യന്‍ സേന യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഓഫിസ് കെട്ടിടവും ലക്ഷ്യമിടുന്നുണ്ട്. കൊട്ടാരത്തിന് തൊട്ടടുത്തുള്ള യുക്രെയ്ന്‍ പാര്‍ലമെന്റ് മന്ദിരവും റഷ്യ ഉന്നം വയ്ക്കുന്നുണ്ട്. പൂര്‍ണതോതില്‍ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇത് ആവശ്യമാണെന്ന് റഷ്യന്‍ സേന കരുതുന്നു.

Next Story

RELATED STORIES

Share it