Sub Lead

താന്‍ ആത്മഹത്യയുടെ വക്കില്‍; മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ കടുത്ത പീഡനമെന്ന് ജെഎന്‍യു പ്രഫസര്‍

സെന്റര്‍ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസിയിലെ (സിഎസ്എസ്ഇഐപി) അസിസ്റ്റന്റ് പ്രഫ. റോസിനാ നസീറാണ് ഇതു സംബന്ധിച്ച് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയത്.

താന്‍ ആത്മഹത്യയുടെ വക്കില്‍; മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ കടുത്ത പീഡനമെന്ന് ജെഎന്‍യു പ്രഫസര്‍
X

ന്യൂഡല്‍ഹി: മുസ്‌ലിം സ്വത്വത്തിന്റെ പേരില്‍ കടുത്ത വിവേചനവും മാനസിക പീഡനവും മോശമായ പെരുമാറ്റവും മാനസിക പീഡനവും നേരിടേണ്ടിവരുന്നെന്ന ഗുരുതര ആരോപണവുമായി ജെഎന്‍യുവിലെ അസി, പ്രഫസര്‍. സെന്റര്‍ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസിയിലെ (സിഎസ്എസ്ഇഐപി) അസിസ്റ്റന്റ് പ്രഫ. റോസിനാ നസീറാണ് ഇതു സംബന്ധിച്ച് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയത്.

വൈസ് ചാന്‍സലര്‍ മമിദാല ജഗദീഷ് കുമാറും സിഎസ്ഇഐപി ചെയര്‍പേഴ്‌സണല്‍ യഗതി ചിന്ന റാവുവും തന്നെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും വിവേചനം കാണിക്കുകയും ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. ഈ രണ്ടു 'ശക്തരായ' പുരുഷന്മാരും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും തന്റെയും കുട്ടികളുടെയും സുരക്ഷയില്‍ ഭയമുണ്ടെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും ന്യൂനപക്ഷ കമ്മീഷന് അയച്ച പരാതിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിയെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി രജിസ്ട്രാറിന് ന്യൂനപക്ഷ കമ്മീഷന്‍ നോട്ടിസ് അയച്ചു. സിഎസ്എസ്ഇഐപിയിലെ ഫാക്വല്‍ട്ടി സ്ഥാനത്തുനിന്നും രാജിവെച്ചില്ലെങ്കില്‍ നജീബിനെപ്പോലെ തന്നേയും അപ്രത്യക്ഷയാക്കുമെന്നാണ് കരുതുന്നതെന്ന് ഭര്‍ത്താവും മൂന്നു വയസുള്ള മകനുമൊപ്പം ജെഎന്‍യു കാംപസില്‍ കഴിയുന്ന റോസിന ഭയപ്പെടുന്നു.

2013ല്‍ ജെഎന്‍യുവില്‍ എത്തുന്നതിനു മുമ്പ് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ സ്ഥിരം ഫാക്വല്‍ട്ടി അംഗമായി നാലു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ആറുവര്‍ഷത്തിലേറെയായി ജെഎന്‍യുവില്‍ ജോലി ചെയ്യുന്ന തനിക്ക് നേരെ 2017 മാര്‍ച്ച് മുതലാണ് മാനസിക പീഡനം തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. യുജിസി സിഎസ്എസ്ഇഐപി നീട്ടി നല്‍കിയിട്ടും 2017 ഒക്ടോബറിനുശേഷം ജെഎന്‍യു ശമ്പളം നല്‍കിയിട്ടില്ല.

ഏകപക്ഷീയമായാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും തന്നെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റോസിനാ ആരോപിച്ചു. പിടിച്ചുവെച്ച ശമ്പളം വിട്ടുകിട്ടാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ മറുപടി നല്‍കാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം, ആരോപണങ്ങള്‍ ജെഎന്‍യു അധികൃതര്‍ നിഷേധിച്ചു. യുജിസിയുടെ ആസൂത്രണ പദ്ധതിയുടെ ഭാഗമായാണ് അവര്‍ സര്‍വകലാശാലയില്‍ ഉള്ളതെന്നും സ്ഥിരം ജീവനക്കാരിയല്ലെന്നും അതിനാല്‍ സര്‍വ്വകലാശാലയല്ല മറിച്ച് യുജിസിയാണ് അവര്‍ക്ക് ശമ്പളം നല്‍കേണ്ടതെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ, യുജിസി അവരുടെ ശമ്പളം വിട്ട് നല്‍കിയതായും അവര്‍ക്കത് കൈമാറിയതായും യൂനിവേഴിസ്റ്റി ജീവനക്കാരനെ ഉദ്ധരിച്ച് ന്യൂസ് 18 റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it