Sub Lead

യുദ്ധഭീതി അകലുന്നു; ഇന്ത്യ-പാക് സംഝോത എക്‌സ്പ്രസ് പുനരാരംഭിക്കുന്നു

ഐഎഎഫ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഡല്‍ഹിയിലെ ആശുപത്രിയിലെത്തി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു

യുദ്ധഭീതി അകലുന്നു; ഇന്ത്യ-പാക് സംഝോത എക്‌സ്പ്രസ് പുനരാരംഭിക്കുന്നു
X

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങളായി ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനിന്നിരുന്ന യുദ്ധഭീതി അകലുന്നു. പാകിസ്താന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ വിട്ടയച്ചതിനു പിന്നാലെ, ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന സംഝോതാ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചു. നാളെ ഇന്ത്യയില്‍ നിന്ന് സംഝോതാ എക്‌സ്പ്രസ് പാകിസ്താനിലേക്ക് പുറപ്പെടും. ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെ പാകിസ്താന്‍ തീവണ്ടി സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഫെബ്രുവരി 28ഓടെ ഇന്ത്യയും സര്‍വീസ് നിര്‍ത്തി. മുമ്പ് ഒരു തീവണ്ടിയാണ് ലാഹോര്‍ വരെ ഓടിയിരുന്നതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇനി പാകിസ്താനിലും ഇന്ത്യയിലും വേറെ വേറെ കോച്ചുകള്‍ ഉപയോഗിച്ചാവ് സര്‍വീസ് നടത്താനാണു തീരുമാനം. ഇന്ത്യന്‍ ഭാഗത്ത് ഡല്‍ഹിയില്‍ നിന്ന് അട്ടാരി വരെയും പാകിസ്താന്‍ ഭാഗത്ത് ലാഹോറില്‍ നിന്ന് വാഗ വരെയുമാണ് സംഝോതാ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. യോജിപ്പ് എന്നര്‍ത്ഥം വരുന്ന സംഝോത എന്ന പേരുള്ള തീവണ്ടിയില്‍ ആറ് സ്ലീപ്പര്‍ കോച്ചുകളും ഒരു എസി ത്രീ ടയര്‍ കോച്ചുമാണുള്ളത്. ഷിംല കരാറിന്റെ ഭാഗമായി 1976 ജൂലൈ 22നാണ് സംഝോതാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്.

2007 ഫെബ്രുവരി 18നു ലാഹോറിനും ഡല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ ഹിന്ദുത്വര്‍ സ്‌ഫോടനം നടത്തിയിരുന്നു. ഹരിയാനയിലെ പാനിപത്തിനടുത്ത് വച്ചുണ്ടായ സ്‌ഫോടന 68 പേരാണ് കൊല്ലപ്പെട്ടത്. കേസില്‍ 2010ല്‍ അസീമാനന്ദ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ സുനില്‍ ജോഷി, രാമചന്ദ്ര കല്‍സാംഗാര, സന്ദീപ് ഡാങ്കെ, ലോകേഷ് ശര്‍മാനന്ദ്, കമാല്‍ ചൗഹാന്‍ പങ്കാളികളാണെന്നു എന്‍ഐഎ കണ്ടെത്തിയിരുന്നു.

അതിനിടെ, കഴിഞ്ഞ ദിവസം പാകിസ്താന്‍ വിട്ടയച്ച ഐഎഎഫ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഡല്‍ഹിയിലെ ആശുപത്രിയിലെത്തി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. താങ്കളുടെ നിശ്ചയദാര്‍ഢ്യവും രാജ്യം അഭിമാനത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. പാകിസ്താന്‍ തടവിലുണ്ടായിരുന്ന 60 മണിക്കൂറുകളെ കുറിച്ച് അഭിനന്ദന്‍ മന്ത്രിയോട് വിശദീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. സാധാരണയായുള്ള മെഡിക്കല്‍ പരിശോധനയ്ക്കാണു അഭിനന്ദന്‍ വര്‍ധമാനെ എഎഫ്‌സിഎംഇ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും പരിശോധന ഞായറാഴ്ചയും തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കുടുംബാംഗങ്ങളും ഉന്നത സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.




Next Story

RELATED STORIES

Share it