Sub Lead

അസമിലെ പൗരത്വ പട്ടികയില്‍ നിന്നു പുറന്തള്ളപ്പെട്ട പതിനായിരങ്ങള്‍ ഭീതിയില്‍

അസമിലെ പൗരത്വ പട്ടികയില്‍ നിന്നു പുറന്തള്ളപ്പെട്ട പതിനായിരങ്ങള്‍ ഭീതിയില്‍
X

ദിസ്പൂര്‍: അസമിലെ പൗരത്വപട്ടികയില്‍ നിന്ന് പുറന്തള്ളപ്പെട്ട പതിനായിരങ്ങള്‍ ഭീതിയില്‍. വിദേശ ട്രൈബ്യൂണല്‍ മുമ്പാകെ ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും പൗരത്വം നേടാനാവാതെ രാജ്യമില്ലാത്തവരായി മാറുമെന്ന ഭീതിയോടെയാണ് കുടുംബങ്ങള്‍ കഴിയുന്നത്. നിരവധി രേഖകള്‍ സമര്‍പ്പിച്ചിട്ടും ചെറിയ അക്ഷരത്തെറ്റുകളുടെയും മറ്റും പേരില്‍ പൗരത്വ പട്ടികയ്ക്കു പുറത്താവുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ എല്ലാവര്‍ക്കും സുപരിചിതമായ പേരാണ് കംറൂപ് ജില്ലയിലെ ഗോരോയ്മാരി ബ്ലോക്കിലെ 50 കാരിയായ ജബേദ ബീഗം.

പടിഞ്ഞാറന്‍ അസാമിലെ ബക്‌സ ജില്ലയില്‍ ദേശീയ പൗരന്മാരുടെ രജിസ്റ്ററില്‍(എന്‍ആര്‍സി) നിന്ന് പുറന്തള്ളപ്പെട്ട വീട്ടമ്മയാണിത്. ഈ ബ്ലോക്കിലെ 75 ഗ്രാമങ്ങളിലായി ഏകദേശം 21,700 വീടുകളില്‍ 2019 ആഗസ്ത് 31ന് പ്രസിദ്ധീകരിച്ച എന്‍ആര്‍സിയില്‍ നിന്ന് ഒരു അംഗമെങ്കിലും പുറന്തള്ളപ്പെട്ടിട്ടുണ്ട്. മുക്താര്‍, ജോയ്‌നല്‍, അക്ബര്‍ അലി, മിര്‍ച്ചന്‍ നെസ.. ഇങ്ങനെ പോവുന്ന... കുടുംബത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ്. മിക്ക കുടുംബത്തിലെയും ഒന്നോ രണ്ടോ അംഗങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ 15, 16 രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടും നിരസിക്കുമ്പോള്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് 31 അംഗങ്ങളുള്ള കുടുംബത്തിലെ കര്‍ഷകനായ ജോച്ചന്‍ അലി പറഞ്ഞു. പാന്‍ കാര്‍ഡ്, ലാന്റ് റവന്യൂ രശീതി, ബാങ്ക് പാസ്ബുക്ക് എന്നിവയുള്‍പ്പെടെ 15 രേഖകള്‍ സമര്‍പ്പിച്ച ജബേദാ ബീഗത്തിന്റെ മുഖമാണ് എല്ലാവരെയും വേട്ടയാടുന്നത്. വിദേശ ട്രൈബ്യൂണല്‍(എഫ്ടി) വിദേശിയെന്ന് പ്രഖ്യാപിച്ച ഉത്തരവ് അസാധുവാക്കാന്‍ ഈ രേഖകളൊന്നും പര്യാപ്തമല്ലെന്ന് ഗുവാഹട്ടി ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് കോടതി അവരുടെ അപേക്ഷ തള്ളിയത്.

1985 ആഗസ്ത് 15ലെ അസം കരാര്‍ പ്രകാരം വിദേശികളെയോ അനധികൃത കുടിയേറ്റക്കാരെയോ 'ബംഗ്ലാദേശികളെ'യോ കണ്ടെത്തുന്നതിനും നാടുകടത്താനുമുള്ള അവസാന തിയ്യതിയായി കണക്കാക്കിയിരുന്നത് 1971 മാര്‍ച്ച് 25നെയായിരുന്നു. ഇതനുസരിച്ച് പുറത്തിറക്കിയ അന്തിമ പൗരത്വ പട്ടികയില്‍ നിന്ന് 19.06 ലക്ഷം പേരാണ് പുറന്തള്ളപ്പെട്ടത്. തുടര്‍ന്ന് എന്‍ആര്‍സിയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി അപേക്ഷയ്ക്കായി പല രേഖകള്‍ക്കുമായി ഇവര്‍ നെട്ടോട്ടമോടുകയാണ്. അപേക്ഷ തള്ളിയ ശേഷം ഒളിവില്‍ പോയ ജബേദാ ബീഗത്തിന്റെ കേസ് പ്രദേശവാസിയായ അലിയെയും അദ്ദേഹത്തെപ്പോലുള്ള ആയിരക്കണക്കിന് ആളുകളെയും പ്രതീക്ഷകളെ തല്ലിക്കെടുത്തിയിരിക്കുകയാണ്.

മാര്‍ച്ച് 30നകം സ്ലിപ്പുകള്‍ നല്‍കാമെന്ന് അസം സര്‍ക്കാര്‍ ഏതാനും ദിവസം മുമ്പ് നിയമസഭയില്‍ പറഞ്ഞിരുന്നു. പൗരത്വം നിഷേധിക്കപ്പെടുകയും അപേക്ഷ നിരസിക്കപ്പെടുകയും ചെയ്യപ്പെട്ടവര്‍ ഈ സ്ലിപ്പ് ലഭിച്ച് 120 ദിവസത്തിനുള്ളില്‍ ഒരു അര്‍ധ ജുഡീഷ്യല്‍ വിദേശ ട്രൈബ്യൂണല്‍ മുമ്പാകെ അപ്പീല്‍ നല്‍കണമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ, ഞങ്ങള്‍ ഇതിനകം കാണിച്ചതിനപ്പുറം എന്ത് രേഖകളാണ് നമുക്ക് കാണിക്കാന്‍ കഴിയുകയെന്നാണ് ഇവരുടെ ചോദ്യം. ഞങ്ങള്‍ സമര്‍പ്പിക്കുന്ന പുതിയ രേഖകളില്‍ തെറ്റ് കണ്ടെത്തുന്നതില്‍ നിന്ന് അവരെ എന്താണ് തടയുകയെന്നായിരുന്നു ചെറുകിട വ്യാപാരിയായ ജമാലുദ്ദീന്റെ ചോദ്യം. പിതാവിന്റെ പേരിലെ ചെറിയ ക്ലറിക്കല്‍ പിശകുകളുടെ പേരുപറഞ്ഞ് അദ്ദേഹത്തിന്റെ കുടുംബത്തിലെ 26 അംഗങ്ങളെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

അന്തിമ പൗരത്വ പട്ടിക പുറത്തുവിടുമ്പോള്‍ എന്‍ആര്‍സി അതോറിറ്റി 14 രേഖകള്‍ അനുവദനീയമാണെന്ന് അറിയിച്ചിരുന്നു. 1951 ലെ എന്‍ആര്‍സി, 1971 മാര്‍ച്ച് 24 അര്‍ധരാത്രി വരെയുള്ള വോട്ടര്‍ പട്ടിക, ഭൂമി, റവന്യൂ രേഖകള്‍, പൗരത്വ സര്‍ട്ടിഫിക്കറ്റ്, അഭയാര്‍ഥി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അധിക പട്ടികയില്‍ റേഷന്‍ കാര്‍ഡും വിവാഹിതരായ സ്ത്രീകളുടെ കാര്യത്തില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ സര്‍ക്കിള്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പ്രസ്തുത രേഖകള്‍ നല്‍കിയവര്‍ക്കു പോലും പട്ടികയില്‍ ഇടംലഭിക്കുന്നില്ലെന്നാണ് പരാതി.'ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും സിസ്റ്റം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഒരു പ്രമാണവും സ്വീകരിക്കില്ലെന്ന് പറഞ്ഞാല്‍ ഒഴിവാക്കപ്പെട്ടവര്‍ വിദേശ ട്രൈബ്യൂണലിലേക്ക് പോകേണ്ടിവരും. അത് വറചട്ടിയില്‍ നിന്ന് തീയിലേക്ക് ചാടുന്നതുപോലെയാവുമെന്നും ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് റജ്ഉല്‍ കരീം സര്‍ക്കാര്‍ ദി ഹിന്ദുവിനോട് പറഞ്ഞു. ഓരോ വിദേശ ട്രൈബ്യുണലിനും നേതൃത്വം നല്‍കുന്നത് വിരമിച്ച ജഡ്ജിയോ ജുഡീഷ്യല്‍ പരിചയമുള്ള ബ്യൂറോക്രാറ്റോ അല്ലെങ്കില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രാക്റ്റീസുള്ള അഭിഭാഷകനോ ആണ്. എന്‍ആര്‍സി ഒഴിവാക്കപ്പെട്ടവരുടെ കേസുകള്‍ കൈകാര്യം ചെയ്യാനായി നിലവിലുള്ള 100 എണ്ണത്തിലേക്ക് 200 വിദേശ ട്രൈബ്യൂണലുകളിലായി 221 അംഗങ്ങളെ അസം സര്‍ക്കാര്‍ 2019 ആഗസ്തില്‍ നിയമിച്ചിരുന്നു.

അതേസമയം, എന്‍ആര്‍സിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ബംഗാളി മുസ് ലിംകള്‍ക്കു പുറമെ രണ്ടാമത്തെ വലിയ ഗ്രൂപ്പായ ബംഗാളി ഹിന്ദുക്കള്‍ക്ക് 2019ലെ പൗരത്വ (ഭേദഗതി) നിയമം (സിഎഎ) അനുസരിച്ചുള്ള വിദേശ ട്രൈബ്യൂണലിന്റെ തിരസ്‌കരണത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എന്‍ആര്‍സിയില്‍ നിന്നു പുറന്തള്ളപ്പെട്ട നിരവധി ബംഗാളി ഹിന്ദുക്കള്‍ 1971ന് മുമ്പ് അസമില്‍ താമസിക്കുന്നവരാണ്. അവരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സിഎഎയില്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല. കാരണം 1971നും 2014നും ഇടയില്‍ അസമില്‍ പ്രവേശിച്ച അഭയാര്‍ഥികളാണെന്ന് അവര്‍ സ്വയം തെളിയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ബംഗാളി ആധിപത്യമുള്ള പട്ടണമായ തെക്കന്‍ അസാമിലെ സില്‍ചാര്‍ ആസ്ഥാനമായുള്ള അണ്‍ കണ്ടീഷണല്‍ സിറ്റിസണ്‍ഷിപ്പ് ഡിമാന്റ് കമ്മിറ്റി പ്രതിനിധി കമല്‍ ചക്രബര്‍ത്തി പറഞ്ഞു. 'ഇത് നീണ്ട നിയമപോരാട്ടത്തിനു കാരണമാവും. ഒരുപക്ഷേ ഒരിക്കലും അവസാനിക്കാത്ത പോരാട്ടം. അത് അവരെയും അവരുടെ പിന്‍ഗാമികളെയും സാമ്പത്തികമായും മാനസികമായും തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എത്ര സമയമെടുത്താലും ഞങ്ങള്‍ കോടതികളില്‍ പോരാടും. കാരണം കോടതികളിലാണ് ഞങ്ങളുടെ അവസാന പ്രതീക്ഷയെന്നും ചക്രബര്‍ത്തി പറഞ്ഞു.




Next Story

RELATED STORIES

Share it