Sub Lead

കേന്ദ്രം കാർഷിക നിയമം പിൻവലിച്ചു; കർഷകർ പക്ഷേ സമരം നി‍ർത്തില്ല

വിളകളുടെ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നു. സമിതിയുടെ ഭാഗമാകാൻ അഞ്ച് പേരുകൾ പറയാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് സമരം പിൻവലിക്കില്ലെന്ന നിർണായക തീരുമാനം ടികായ്ത് അറിയിച്ചത്.

കേന്ദ്രം കാർഷിക നിയമം പിൻവലിച്ചു; കർഷകർ പക്ഷേ സമരം നി‍ർത്തില്ല
X

ന്യൂഡൽഹി: കർഷക സമരം അവസാനിപ്പിക്കില്ലെന്ന സൂചനകളാണ് കർഷക സംഘടനകളുടെ ഭാഗത്ത് നിന്ന് വരുന്നത്. കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷകർ മുന്നോട്ട് വെച്ച മറ്റ് ആവശ്യങ്ങൾ മോദി സർക്കാർ അംഗീകരിച്ചില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് ഭാരതീയ കിസാൻ യൂനിയൻ (ബികെയു) നേതാവ് രാകേഷ് ടികായ്ത് പറഞ്ഞത്. മാത്രമല്ല സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ (എസ്കെഎം) ഡിസംബർ 4 ന് യോഗം ചേരുമെന്നും വരും ദിവസങ്ങളിൽ എന്ത് നടപടികൾ സ്വീകരിക്കണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ മരണപ്പെട്ട 700 കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽണമെന്നായിരുന്നു കർഷക സംഘടനകൾ ആവശ്യപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുമോ എന്ന ചോദ്യം പ്രതിപക്ഷവും ഉയർത്തിയിരുന്നു. എന്നാൽ കർഷകരുടെ മരണവുമായി ബന്ധപ്പെട്ട യാതൊരുവിധ രേഖകളും കൃഷി മന്ത്രാലയത്തിന്റെ പക്കൽ ഇല്ലെന്നാണ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ പാർലമെന്റിനെ അറിയിച്ചത്. അതുകൊണ്ട് തന്നെ നഷ്ടപരിഹാരത്തെ കുറിച്ചുള്ള ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ധനസഹായത്തിന് പുറമെ പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത 50,000 കേസുകൾ പിൻവലിക്കണം, വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണം, ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണം തുടങ്ങിയ പ്രശ്‌നങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. മാത്രമല്ല സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കർഷകർ പറയുന്നുണ്ട്.

വിളകളുടെ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നു. സമിതിയുടെ ഭാഗമാകാൻ അഞ്ച് പേരുകൾ പറയാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് സമരം പിൻവലിക്കില്ലെന്ന നിർണായക തീരുമാനം ടികായ്ത് അറിയിച്ചത്. മാത്രമല്ല അഞ്ച് പേരെ തിരഞ്ഞെടുക്കണമെന്ന് അറിയിച്ചെങ്കിലും ഔപചാരികമായി രേഖാമൂലമുള്ള നിർദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സംയുക്ത് കിസാൻ മോർച്ചയുടെ നേതാക്കൾ പറയുന്നത്.

'സർക്കാരിൽ നിന്ന് ഒരു ഫോൺ കോൾ വന്നിരുന്നു. കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി എസ്കെഎമ്മിന്റെ ഭാഗത്തുനിന്ന് അഞ്ച് പേരുകൾ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ കമ്മിറ്റി എന്തിനാണെന്നോ അതിന്റെ ഉത്തരവിനെക്കുറിച്ചോ ആരുമായി ബന്ധപ്പെടണം എന്നതിനെ കുറിച്ചോ വിശദീകരണം തന്നില്ല. ഇത്തരം വിശദാംശങ്ങളുടെ അഭാവത്തിൽ കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന് പഞ്ചാബ് കർഷക യൂനിയൻ നേതാവ് പറഞ്ഞു.

മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതിന് പിന്നാലെ ഡൽഹി അതിർത്തി പ്രദേശങ്ങളിലെ പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് കർഷകർ നേരത്തെ പറഞ്ഞിരുന്നു. പഞ്ചാബിലെ 32 കർഷക സംഘങ്ങളിൽ ഭൂരിഭാഗവും സമരം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നതാണ്. നവംബർ 29ന് സിംഗു അതിർത്തിയിൽ ചേർന്ന യോഗത്തിലായിരുന്നു സംഘങ്ങൾ തീരുമാനം എടുത്തിരുന്നത്.

Next Story

RELATED STORIES

Share it