Sub Lead

കാർഷിക നിയമം: സുപ്രിംകോടതി നിയമിച്ച വിദ​ഗ്ധ സമിതി അം​ഗങ്ങൾ ആരെന്നറിയാം

ഈ നാലുപേരിൽ ഭൂപീന്ദർ സിങ് മാത്രമാണ് പുതിയ നിയമത്തിന് പിന്തുണ നൽകാത്ത അംഗം.

കാർഷിക നിയമം: സുപ്രിംകോടതി നിയമിച്ച വിദ​ഗ്ധ സമിതി അം​ഗങ്ങൾ ആരെന്നറിയാം
X

ന്യൂഡൽഹി: കേന്ദ്രവും കർഷക യൂനിയനുകളും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കുന്നതിന് സുപ്രിംകോടതി രൂപീകരിച്ച സമിതിയിലെ നാലിൽ മൂന്നുപേർ സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ്.

ഭാരതീയ കിസാൻ യൂനിയനിലെ ഭൂപീന്ദർ സിങ് മൻ, ശേത്കാരി സംഘടൻ നേതാവ് അനിൽ ഘൻവത്, കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. പ്രമോദ് കുമാർ ജോഷി, അശോക് ഗുലാത്തി എന്നിവരാണ് സമിതിയിൽ അം​ഗങ്ങളായി സുപ്രിംകോടതി നിശ്ചയിച്ചത്. ഈ നാലുപേരിൽ ഭൂപീന്ദർ സിങ് മാത്രമാണ് പുതിയ നിയമത്തിന് പിന്തുണ നൽകാത്ത അംഗം.

അശോക് ഗുലാത്തി

2015 ൽ പത്മശ്രീ അവാർഡിന് അർഹനായ കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഗുലാത്തി. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിലെ (ഐസിആർഐആർ) ഇൻഫോസിസ് ചെയർ അഗ്രികൾച്ചർ പ്രൊഫസറാണ്. 2011 മുതൽ 2014 വരെ കാർഷിക ചെലവ്, ഉത്പന്നങ്ങളുടെ വില എന്നിവ നിയന്ത്രിക്കുന്ന സിഎസിപിയുടെ മേധാവിയായിരുന്നു. വിവിധ വിളകളുടെ താങ്ങുവില നിശ്ചയിക്കുന്നത് ഈ സമിതിയാണ്.

ദി ഇന്ത്യൻ എക്സ്പ്രസിൽ ഇദ്ദേഹം കാർഷിക നിയമത്തെ അനുകൂലിച്ച് ലേഖനം എഴുതിയിരുന്നു. കർഷകരെ സഹായിക്കുന്നതിന്, മണ്ഡികളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം ആ ലേഖനത്തിൽ ആവശ്യപ്പെട്ടത്.

ഭൂപീന്ദർ സിങ് മൻ

ഭൂപീന്ദർ സിങ് മൻ മുൻ രാജ്യസഭാ എംപിയാണ്, ഇപ്പോൾ ഭാരതീയ കിസാൻ യൂനിയന്റെ (ബികെയു) ദേശീയ പ്രസിഡന്റും അഖിലേന്ത്യാ കിസാൻ ഏകോപന സമിതി ചെയർമാനുമാണ്. പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ നേതൃത്വത്തിൽ നിൽക്കുന്ന സംഘടനകളിൽ ഒന്നാണ് ബികെയു.

ഫാർമർ ഫ്രണ്ട്സ് അസോസിയേഷന്റെ സ്ഥാപക അംഗമായി 1966 മുതൽ മൻ ഒരു കർഷക നേതാവായി പ്രവർത്തിച്ചു വരുന്നു. അഖിലേന്ത്യാ കിസാൻ കോർഡിനേഷൻ കമ്മിറ്റി (എഐകെസിസി) രൂപീകരിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചു.

പ്രമോദ് ജോഷി

ഡൽഹിയിലെ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ‌എഫ്‌പി‌ആർ‌ഐ) സൗത്ത് ഏഷ്യ മുൻ ഡയറക്ടറാണ് ഡോ. പ്രമോദ് കെ ജോഷി. ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെന്റിന്റെ ഡയറക്ടർ, ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ അഗ്രികൾച്ചറൽ ഇക്കണോമിക്സ് ആൻഡ് പോളിസി റിസർച്ച് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

താങ്ങുവിലയ്ക്ക് നിയമപരമായ പിന്തുണ നൽകുന്നതിനെ ജോഷി ശക്തമായി എതിർത്തിരുന്നു. കരാർ കൃഷി കർഷകർക്ക് ​ഗുണപരമാവുമെന്നാണ് അദ്ദേഹം വാദിക്കുന്നത്. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനും താങ്ങുവിലകൾ (എം‌എസ്‌പി) നിയമവിധേയമാക്കാനുമുള്ള കർഷക പ്രക്ഷോഭകരുടെ ആവശ്യം ഞങ്ങളെ അമ്പരപ്പിക്കുന്നുവെന്നാണ് ജോഷി ഫിനാൻഷ്യൽ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

അനിൽ ഘൻവത്

കർഷകരുടെ മുഴുവൻ പ്രക്ഷോഭങ്ങളിലും സർക്കാരിനെ പിന്തുണച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്ര ആസ്ഥാനമായുള്ള ശേത്കാരി സംഘടനയുടെ പ്രസിഡന്റാണ് അനിൽ ഘൻവത്.

2020 ആ​ഗസ്ത് 24 ന് മഹാരാഷ്ട്രയിലെ പല ജില്ലകളിലുമുള്ള ശേത്കാരി സംഘത്തിലെ അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മോദിയെ അഭിസംബോധന ചെയ്ത് താലൂക്ക് ഓഫീസുകൾ കേന്ദ്രീകരിച്ച് കാർഷിക നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട് പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു.

2020 ഡിസംബറിൽ ഘൻ‌വതിനെ ഉദ്ധരിച്ച് ദി പ്രിന്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇങ്ങനെ പറയുന്നു, "ഞങ്ങളെപ്പോലുള്ള നിരവധി സംഘടനകകൾ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഈ നിയമങ്ങൾ തയാറാക്കുമ്പോൾ കേന്ദ്രം കർഷകരെ ആത്മവിശ്വാസത്തിലേക്ക് പിടിച്ചുയർത്തിയില്ല".

Next Story

RELATED STORIES

Share it