Latest News

പുതുചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രന്റെ മറുപുറം കണ്ടു

ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി നാലുപേര്‍

പുതുചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രന്റെ മറുപുറം കണ്ടു
X

വാഷിങ്ടണ്‍: 54 വര്‍ഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യര്‍ എന്ന ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് സംഘം. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച സംഘമായി ഓറിയോണ്‍ പേടകത്തിലെ സംഘം മാറി. 4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം മറികടന്നു. അപ്പോളോ 13 സഞ്ചരിച്ചതിനേക്കാള്‍ 6,616 കിമീ ദൂരം അധികമാണ് ആര്‍ട്ടിമിസ് 2 ദൗത്യസംഘം സഞ്ചരിച്ചത്.

ഒറയോണ്‍ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിയത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.32നാണ്. ചന്ദ്രനെ ചുറ്റിയ ഒറയോണ്‍ എന്ന പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചു. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡ് ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായ ആ നാല് പേര്‍ക്ക് സ്വന്തമായി. ഭൂമിയില്‍ നിന്ന് 4,06,771 കിലോമീറ്റര്‍ അകലെ വരെ എത്തി. അപ്പോളോ 13 സംഘത്തിന്റെ 1970 ഏപ്രില്‍ 14ലെ റെക്കോര്‍ഡാണ് ആര്‍ട്ടെമിസ് സംഘം മറികടന്നത്.

ഭൂമിയിലേക്ക് ആദ്യം സന്ദേശമയച്ചത് ക്രിസ്റ്റീന കുക്കാണ്. പേടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചത് ഇന്നാണ്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യന്‍ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയില്‍ എത്തിയത്. തുടര്‍ന്ന് ചന്ദ്രന്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കണ്ടു. ഒറയോണ്‍ ചന്ദ്രന്റെ പിന്നിലേക്ക് പോയതിനാല്‍ നാല്‍പ്പത് മിനിട്ടോളം പേടകവും ഭൂമിയും തമ്മില്‍ ബന്ധമുണ്ടായില്ല. ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഉദയവും അസ്തമയവും അവര്‍ കണ്ടു.

ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ചന്ദ്രന്റെ മറുഭാഗം ആദ്യമായി നേരില്‍ കാണുന്ന മനുഷ്യരായും ആര്‍ട്ടിമിസ് 2 സംഘം മാറി. ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചു. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജറെമി ഹാന്‍സന്‍ എന്നിവരാണ് പേടകത്തിലുള്ളത്. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്‌ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.

ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും. ദൗത്യത്തിന്റെ ഏഴാം ദിനം പകുതി കഴിയുമ്പോള്‍ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമാകും. എട്ടാം നാള്‍ പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒമ്പതാം നാള്‍ തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ്. പത്താം നാള്‍ ഭൂമിയിലേക്ക് ഒറയോണ്‍ വന്നിറങ്ങും.

Next Story

RELATED STORIES

Share it