Sub Lead

'പണിയില്ലാത്ത മദ്യപാനികള്‍'; വിവാദപരാമര്‍ശം നടത്തിയ ബിജെപി എംപിക്കുനേരേ കര്‍ഷകരുടെ പ്രതിഷേധം, കാര്‍ തകര്‍ത്തു

പണിയില്ലാത്ത മദ്യപാനികള്‍; വിവാദപരാമര്‍ശം നടത്തിയ ബിജെപി എംപിക്കുനേരേ കര്‍ഷകരുടെ പ്രതിഷേധം, കാര്‍ തകര്‍ത്തു
X

ഛണ്ഡിഗഢ്: കര്‍ഷകര്‍ക്കെതിരേ വിവാദപരാമര്‍ശം നടത്തിയ ബിജെപി എംപിയ്ക്കുനേരേ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച കര്‍ഷകരെ ' പണിയില്ലാത്ത മദ്യപാനികള്‍' എന്ന് വിളിച്ച് അധിക്ഷേപിച്ച ബിജെപി രാജ്യസഭാ എംപി രാം ചന്ദര്‍ ജംഗ്രയ്‌ക്കെതിരേയാണ് കര്‍ഷകര്‍ രംഗത്തുവന്നത്. ഹിസാര്‍ ജില്ലയില്‍ നര്‍നൗണ്ട് നഗരത്തില്‍ ഒരു ധര്‍മശാല ഉദ്ഘടനത്തിനെത്തിയപ്പോഴാണ് പ്രതിഷേധിക്കാര്‍ രാം ചന്ദറിനെ വളയുകയും കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തത്. പ്രതിഷേധക്കാര്‍ അദ്ദേഹത്തിനെതിരേ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.

സമരക്കാരെ പോലിസ് പിരിച്ചുവിടാന്‍ നടത്തിയ ശ്രമം കൈയാങ്കളിയിലെത്തി. പോലിസും കര്‍ഷകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് അദ്ദേഹത്തിന്റെ കാര്‍ പ്രതിഷേധക്കാര്‍ തകര്‍ത്തത്. രാം ചന്ദറെത്തുമെന്നറിഞ്ഞ് പ്രതിഷേധക്കാര്‍ നേരത്തെ തന്നെ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വന്‍ പോലിസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരുന്നത്. കര്‍ഷകരെ തടയാന്‍ പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും അവരെ നിയന്ത്രിക്കാനായില്ല. കര്‍ഷകര്‍ വേദിയിലേക്ക് ഇരച്ചുകയറുകയും സര്‍ക്കാരിനും തദ്ദേശഭരണ സ്ഥാപനത്തിനുമെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേയും കര്‍ഷകര്‍ മുദ്രാവാക്യം വിളിച്ചു. ജംഗ്രയെ പിന്തുണക്കുന്നവര്‍ പ്രതിരോധവുമായി എതിര്‍ മുദ്രാവാക്യവും വിളിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി.

പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കര്‍ഷകര്‍ക്കും പരിക്കുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു. തന്റെ കാറിന് കേടുപാടുകള്‍ വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചില കര്‍ഷകരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഹ്തക്കില്‍ ഗോശാലയില്‍ ദീപാവലി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ എംപിക്ക് സമാനമായ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. പരിപാടിക്ക് ശേഷമാണ് പ്രതിഷേധിക്കുന്ന കര്‍ഷകരെക്കുറിച്ച് അദ്ദേഹം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പണിയില്ലാത്ത മദ്യപാനികള്‍ ആണ് പ്രതിഷേധിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിഷേധിക്കുന്നവരാരും കര്‍ഷകരല്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. കാര്‍ഷിക നിയമങ്ങളോട് എതിര്‍പ്പില്ല. പ്രതിഷേധിക്കുന്നവര്‍ ഗ്രാമങ്ങളില്‍ നിന്നുള്ള തൊഴിലില്ലാത്ത മദ്യപാനികളാണ്. അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. ഈയിടെ സിംഘു അതിര്‍ത്തിയില്‍ ചില നിഹാംഗുകള്‍ ഒരു നിരപരാധിയെ കൊലപ്പെടുത്തിയതോടെ അവര്‍ മോശക്കാരാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. അവര്‍ കര്‍ഷകരല്ല, ഇപ്പോള്‍ സാധാരണക്കാര്‍ പോലും എതിര്‍ക്കുന്ന മോശക്കാര്‍ മാത്രമാണ്. ഞാന്‍ സ്ഥിരമായി ഡല്‍ഹിയില്‍ പോവുന്നു. മിക്ക ടെന്റുകളും ശൂന്യമായി കിടക്കുന്നത് ഞാന്‍ കാണുന്നു. ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടും- അദ്ദേഹം ഒരു വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകരോട് പറയുന്നു.

Next Story

RELATED STORIES

Share it