Sub Lead

സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

24 മുതല്‍ 26 വരെ കാസര്‍കോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് ഉള്ളത്. അവധി സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ഉണ്ടെങ്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം
X

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടറുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. ജില്ലയില്‍ 29 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന രീതിയിലാണ് സന്ദേശം പ്രചരിക്കുന്നത്. സംഭവത്തില്‍ കേസെടുക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. 24 മുതല്‍ 26 വരെ കാസര്‍കോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് ഉള്ളത്. അവധി സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ഉണ്ടെങ്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തൃശൂരും പത്തനംതിട്ടയിലും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

അതേ സമയം കാസര്‍കോട് അഞ്ചാം ദിവസവും മഴ ശക്തമായി തുടരുകയാണ്. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നുള്ള വിഷമതകളെ ജില്ല ഒറ്റക്കെട്ടായി നേരിടുകയാണെന്ന് ജില്ലാ കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും റവന്യു, കോസ്റ്റല്‍ പോലിസ്, ഫയര്‍ഫോഴ്‌സ്, പോലിസ്, ഫിഷറീസ് വിഭാഗങ്ങളും 24 മണിക്കൂറും ഏത് അടിയന്തര സാഹചര്യവും നേരിടുവാനും സജ്ജമായിട്ടുണ്ട്.

സമീപ വര്‍ഷങ്ങളില്‍ ജില്ല നേരിടുന്ന ഏറ്റവും ശക്തമായ കാലവര്‍ഷമാണിത്. വെള്ളക്കെട്ട് രൂക്ഷമായ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതിശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ ഇതുവരെ നാലു വീടുകള്‍ പൂര്‍ണ്ണമായും 136 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മാത്രമല്ല വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ 1,54,52,500 രൂപ(1.54 കോടി രൂപ) നഷ്ടമാണ് കാര്‍ഷിക മേഖയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 48,01,400 രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ട്. ഇതുവരെ 204.28705 ഹെക്ടര്‍ ഭൂമിയിലെ കൃഷിയെയാണ് കാലവര്‍ഷം ബാധിച്ചത്. ഇവര്‍ക്ക് സഹായം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കെടുതിയുമായി ബന്ധപ്പെട്ട എതു സഹായത്തിനും പൊതുജനങ്ങള്‍ക്ക് ഈ കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിച്ചു പറയാം. പരാതികള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ജില്ലാ കളക്ടറെ നേരിട്ട് വിളിക്കാം. മഴ ശക്തമായതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്.

ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം

നമ്പര്‍: 04994 257 700, 94466 01700

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:

ഹോസ്ദുര്‍ഗ്: 0467 2204042, 0467 2206222

വെള്ളരിക്കുണ്ട് 0467 2242320

കാസര്‍കോട് 04994 2230021

മഞ്ചേശ്വരം: 04998 244044

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്

കാലവര്‍ഷക്കെടുതി മൂലം കൃഷിനാശം സംഭിച്ചാല്‍ വിവരങ്ങള്‍ അറിയിക്കുന്നതിനായി കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.

ഫോണ്‍: 04994 255346, 9447270166.

Next Story

RELATED STORIES

Share it