Sub Lead

സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ്; യൂത്ത് കോണ്‍ഗ്രസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ്;  യൂത്ത് കോണ്‍ഗ്രസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന പരാതിയില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ വിശദീകരണം തേടി. ബിജെപിയും ഡിവൈഎഫ്‌ഐയും നല്‍കിയ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണം തേടിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ചില പത്രങ്ങളിലും വാര്‍ത്ത വന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന ചിത്രങ്ങളില്‍ കാണുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമീഷന്റ് ഐഡി കാര്‍ഡുമായി സാമ്യമുള്ളതാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഗൗരവതരമാണ്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉടനടി അന്വേഷണം നടത്തി നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപിയും പരാതി നല്‍കിയിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം ഡിജിപിക്കാണ് പരാതി നല്‍കിയത്. ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷന്‍ ഐഡി കാര്‍ഡ് ഉണ്ടാക്കിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതില്‍ പങ്കുണ്ടെന്നുമാണ് ഡിവൈഎഫ്‌ഐ പരാതിയില്‍ ആരോപിച്ചിരുന്നത്. ഒരു ആപ്പ് ഉപയോഗിച്ച് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ചെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it