Sub Lead

ബലാല്‍സംഗ ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം; രാഹുലിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും

രാഹുലിന്റെ പോസ്റ്റുകള്‍ ഫേസ്ബുക്കിന്റെ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഫേസ്ബുക്ക് വക്താവ് വിശദീകരിച്ചു. ഞങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നതിനാല്‍ ഉള്ളടക്കം നീക്കംചെയ്യുന്നതിനുള്ള നടപടിയെടുത്തിട്ടുണ്ട്- വക്താവ് കൂട്ടിച്ചേര്‍ത്തു.

ബലാല്‍സംഗ ഇരയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം; രാഹുലിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തു. ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പങ്കുവച്ച പോസ്റ്റാണ് നീക്കം ചെയ്തത്. ദൃശ്യങ്ങള്‍ പങ്കുവച്ചതിന് ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഒമ്പതുകാരിയുടെ മാതാവിനെ ആശ്വസിപ്പിക്കുന്ന ചിത്രമാണ് രാഹുല്‍ പങ്കുവച്ചത്.

രാഹുലിന്റെ പോസ്റ്റുകള്‍ ഫേസ്ബുക്കിന്റെ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഫേസ്ബുക്ക് വക്താവ് വിശദീകരിച്ചു. ഞങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നതിനാല്‍ ഉള്ളടക്കം നീക്കംചെയ്യുന്നതിനുള്ള നടപടിയെടുത്തിട്ടുണ്ട്- വക്താവ് കൂട്ടിച്ചേര്‍ത്തു. രണ്ട് പ്ലാറ്റ്‌ഫോമില്‍നിന്നും പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഫേസ്ബുക്ക് രാഹുല്‍ ഗാന്ധിയെയും ദേശീയ ബാലാവകാശ കമ്മീഷനെയും അറിയിച്ചതായി റിപോര്‍ട്ടുണ്ട്. വിവാദ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഫേസ്ബുക്കിന് നേരത്തെ സമന്‍സ് അയച്ചിരുന്നു.

ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായ ഒമ്പതുവയസ്സുകാരിയെ തിരിച്ചറിയുംവിധം ചിത്രം പ്രസിദ്ധീകരിച്ചതിനെതിരേ നടപടി സ്വീകരിക്കാത്തതിനെ ചോദ്യംചെയ്താണ് സമന്‍സ് അയച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിയമവിരുദ്ധമാണെന്നും നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി നേരത്തെ ബാലാവകാശ കമ്മീഷന്‍ ഫേസ്ബുക്കിന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ മറുപടി നല്‍കുകയോ നടപടിയെടുത്തതിന്റെ റിപോര്‍ട്ടോ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം ഉടമസ്ഥരായ ഫേസ്ബുക്ക് ഉദ്യോഗസ്ഥരെ ബാലാവകാശ കമ്മീഷന്‍ വിളിച്ചുവരുത്തിയത്.

കമ്മീഷന്റെ ഓഫിസില്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയോ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങളുമായി ഹാജരാവാനാണ് ഫേസ്ബുക്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിനെതിരേ ബാലനീതി നിയമം 2015, പോക്‌സോ നിയമം, 2012, ഇന്ത്യന്‍ ശിക്ഷാ നിയമം തുടങ്ങിയവ പ്രകാരം ഉചിതമായ നടപടി സ്വീകരിക്കാനാണ് കമ്മീഷന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്.

കോഡും വീഡിയോയും നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. ഇരയുടെ കുടുംബത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് രാഹുല്‍ ഗാന്ധിയുടെ ഹാന്‍ഡിലിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്ത് നാലിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) ട്വിറ്ററിനും കത്തെഴുതിയിരുന്നു. പരാതിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ചട്ടങ്ങള്‍ക്കും നിയമത്തിനുമെതിരായതിനാല്‍ തക്കതായ നടപടി സ്വീകരിച്ചതായി ട്വിറ്റര്‍ അറിയിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it