Sub Lead

ഫേസ്ബുക്ക് ഇന്ത്യ പോളിസി എക്സിക്യൂട്ടീവ് അങ്കി ദാസ് രാജിവച്ചു

പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങാന്‍ വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് അങ്കി രാജി വച്ചതെന്ന് അജിത് മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫേസ്ബുക്ക് ഇന്ത്യ പോളിസി എക്സിക്യൂട്ടീവ് അങ്കി ദാസ് രാജിവച്ചു
X

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ പോളിസി എക്സിക്യൂട്ടീവ് അങ്കി ദാസ് രാജിവച്ചു. ഫെയ്സ്ബുക്ക് ഇന്ത്യ എം.ഡി അജിത് മോഹനാണ് അങ്കി ദാസിന്റെ രാജിവാര്‍ത്ത പുറത്തുവിട്ടത്. പാര്‍ലമെന്ററി സമിതിയുടെ ചോദ്യം ചെയ്യലിന് വിധേയയായ ശേഷമാണ് അങ്കി ദാസിന്റെ രാജി. പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങാന്‍ വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് അങ്കി രാജി വച്ചതെന്ന് അജിത് മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫേസ്ബുക്ക് ഇന്ത്യയുടെ ആദ്യകാല ജീവനക്കാരില്‍ ഒരാളാണ് അന്‍ഖിയെന്നും കമ്പനിയുടെ ഒമ്പത് വര്‍ഷത്തെ വളര്‍ച്ചയ്ക്ക് പ്രധാന്യമേറിയ പങ്ക് അങ്കി വഹിച്ചിരുന്നുവെന്നും അജിത് പറഞ്ഞു.

വെള്ളിയാഴ്ച അങ്കിദാസിനെ പാര്‍ലമെന്ററി സമിതി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ ഫെയ്സ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അങ്കിദാസിന് പുറമെ അജിത്ത് മോഹനും പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു.

ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ട റിപോര്‍ട്ടിലാണ് അങ്കി ദാസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേസ്ബുക്ക് നിലപാട് സ്വീകരിക്കുന്നുവെന്നും കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരേ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെഅനന്ത് കുമാര്‍ ഹെഗ്‌ഡെ, കപില്‍ മിശ്ര എന്നിവരുള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ വിദ്വേഷപ്രചരണം നടത്തിയിട്ടും ഇവര്‍ക്കെതിരെ ഫേസ്ബുക്ക് മാനദണ്ഡങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല എന്നായിരുന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്. വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് രാജാ സിങിനെ അപകടകാരിയായ വ്യക്തിയായി ഫേസ്ബുക്ക് കണക്കാക്കിയെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കിയിരുന്നു.രാജ സിങ്ങിനെ ഫേസ്ബുക്കില്‍ നിന്ന് വിലക്കാതിരിക്കാന്‍ അങ്കി ദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണലിലെ റിപോര്‍ട്ടില്‍ പറയുന്നു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് റായ്പൂരിലെ പത്രപ്രവര്‍ത്തകന്‍ അവേശ് തിവാരിയുടെ പരാതിയില്‍ ഇവര്‍ക്കെതിരെ പോലിസ് കേസടുത്തിരുന്നു




Next Story

RELATED STORIES

Share it