Sub Lead

പ്രവാസികള്‍ നാടണയാന്‍ നിമിഷങ്ങള്‍; പ്രാര്‍ഥനയോടെ കേരളം

പ്രവാസികള്‍ നാടണയാന്‍ നിമിഷങ്ങള്‍; പ്രാര്‍ഥനയോടെ കേരളം
X

കൊച്ചി/കോഴിക്കോട്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക് ഡൗണില്‍ അകപ്പെട്ട പ്രവാസികളെയും വഹിച്ചുള്ള വിമാനങ്ങള്‍ നിമിഷങ്ങള്‍ക്കകം കേരളത്തിലെത്തും. അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ അബൂദബിയില്‍ നിന്നും ദുബയില്‍ നിന്നുമാണ് ആദ്യ വിമാനങ്ങള്‍ പുറപ്പെട്ടത്. നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ കരുതലോടെയുള്ള തിരിച്ചുവരവിന് കേരളം പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്. അബൂദബി വിമാനം രാത്രി 10.17ന് കൊച്ചിയിലെത്തുമെന്നാണ് വിവരം. ഈ വിമാനത്തിലുള്ളത് 181 യാത്രക്കാരാണ്. ഇതില്‍ 4 കുട്ടികളും 49 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. ഇവര്‍ക്കായി 5 എമിഗ്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മുഴുവന്‍ യാത്രക്കാര്‍ക്കുമായി ആകെ എട്ട് കെഎസ്ആര്‍ടിസി ബസ്സുകളാണു സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് തൃശൂരിലേക്കാണ്. 60 പേര്‍. ഇവര്‍ക്കായി മൂന്ന് ബസുകളാണ് സജ്ജീകരിച്ചത്.

അതിനിടെ, പ്രവാസി മലയാളികളുമായി ദുബയില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 344 വിമാനത്തില്‍ വരുന്നവരെ സ്വീകരിക്കാന്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. വിമാനത്തില്‍ നിന്ന് ഇറങ്ങിയാലുടന്‍ എയ്‌റോ ബ്രിഡ്ജില്‍വച്ചുതന്നെ യാത്രക്കാരെ തെര്‍മല്‍ സ്‌കാനിങിന് വിധേയരാക്കും. അരോഗ്യ പ്രശ്‌നങ്ങളുള്ളവരെയും ഇല്ലാത്തവരെയും വ്യത്യസ്ത വിഭാഗങ്ങളാക്കി ഇവര്‍ക്ക് കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്‍കും. ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തുക. ആരോഗ്യ പരിശോധനയ്ക്കായി നാല് മെഡിക്കല്‍ സംഘങ്ങളാണ് വിമാനത്താവളത്തിലുള്ളത്. വിവര ശേഖരണത്തിന് 10 കൗണ്ടറുകളും എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനയ്ക്ക് നാലും കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആരോഗ്യ ജാഗ്രത ഉറപ്പാക്കിയുള്ള സജജീകരണങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഒരുക്കിയിരിക്കുന്നത്.


വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കു മാറ്റും. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്നവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍, 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തുന്നവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേക്കും മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്ററിലുമാക്കും. മലപ്പുറം ജില്ലക്കാരെ കാളികാവിലെ സഫ ഹോസ്പിറ്റലിലെ കൊവിഡ് കെയര്‍ സെന്ററിലേക്കാണ് പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോവുക. കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലുള്ള പ്രവാസികളെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി കെഎസ്ആര്‍ടിസി ബസുകളില്‍ അതാത് ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കും. ഒന്നോ രണ്ടോ ആളുകള്‍ മാത്രമുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് ടാക്‌സി സംവിധാനം ഒരുക്കിക്കൊടുക്കും. അപ്രകാരം പോവാന്‍ സാധിക്കാത്തവരെ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററുകളിലാക്കും.

23 കെഎസ്ആര്‍ടിസി ബസുകളാണ് യാത്രയ്ക്കായി വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് ലക്ഷണങ്ങളുള്ളവര്‍, മറ്റ് രോഗികള്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരെ കൊണ്ടുപോകാന്‍ 108 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 18 എണ്ണം മലപ്പുറം ജില്ലയില്‍ നിന്നുള്ളതും 10 എണ്ണം കോഴിക്കോട് ജില്ലയില്‍ നിന്നുള്ളതുമാണ്. കൂടാതെ പ്രീ പെയ്ഡ് ടാക്‌സി സൗകര്യവും വിമാനത്താവളത്തിലുണ്ട്. വിമാനത്താവളത്തിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡിഐജി എസ് സുരേന്ദ്രന്‍, ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. വിവിധ ഏജന്‍സി പ്രതിനിധികള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.




Next Story

RELATED STORIES

Share it