Sub Lead

സിബിഐ നടപടി കോടതീയലക്ഷ്യം; ആകാര്‍ പട്ടേല്‍ കോടതിയിലേക്ക്

തനിക്കെതിരായ ലുക്കൗട്ട് സര്‍ക്കുലര്‍ റദ്ദാക്കിയ കോടതി ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ടാണ് സിബിഐ തന്റെ യാത്ര തടഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് ആകാര്‍ പട്ടേല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

സിബിഐ നടപടി കോടതീയലക്ഷ്യം; ആകാര്‍ പട്ടേല്‍ കോടതിയിലേക്ക്
X

ന്യൂഡല്‍ഹി: കോടതി ഉത്തരവ് ഉണ്ടായിട്ടും യുഎസിലേക്കുള്ള യാത്ര തടഞ്ഞ സിബിഐക്കെതിരേ കോടതിയെ സമീപിച്ച് ആംനസ്റ്റി ഇന്ത്യ മുന്‍ മേധാവി ആകാര്‍ പട്ടേല്‍. തനിക്കെതിരായ ലുക്കൗട്ട് സര്‍ക്കുലര്‍ റദ്ദാക്കിയ കോടതി ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ടാണ് സിബിഐ തന്റെ യാത്ര തടഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് ആകാര്‍ പട്ടേല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കോടതി ഉത്തരവ് സിബിഐ പോലുള്ള ഏജന്‍സി ധിക്കരിക്കുമെന്ന് വിശ്വാസിക്കാന്‍ പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മേധാവിയും എഴുത്തുകാരനുമാണ് ആകാര്‍ പട്ടേല്‍.ലുക്ക് ഔട്ട് നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആകാര്‍ പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കി ഡല്‍ഹി റോസ് അവന്യൂ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലായി പരിപാടികളില്‍ പങ്കെടുക്കാനും ജോലി ആവശ്യങ്ങള്‍ക്കുമായി വിദേശത്ത് പോവാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആകാര്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം അമേരിക്കയിലേക്ക് പോവാനായി ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ആകാറിനെ സിബിഐ തടയുകയായിരുന്നു. ഫോറിന്‍ കോണ്‍ഡ്രിബ്യൂഷന്‍ ആക്ട് ലംഘനവുമായി ബന്ധപ്പെട്ടായിരുന്നു നടപടി. വിദേശ ഫണ്ടിങിലെ ക്രമക്കേട് ആരോപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യക്കെതിരായ കേസുള്ളത്.

കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 10 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി സ്വീകരിച്ചുവെന്നാണ് പരാതി. യുകെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളില്‍ നിന്നായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കോടികള്‍ വാങ്ങിയെന്നും കേന്ദ്ര ഏജന്‍സികള്‍ ആരോപിച്ചിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആകാറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ യാത്രക്കായി ആകാര്‍ കോടതിയുടെ ഇടപെടല്‍ തേടുകയായിരുന്നു.

കോടതി ഇടപെട്ട് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിരുന്നു.അമേരിക്കന്‍ യാത്രക്ക് ശേഷം പാസ്‌പോര്‍ട്ട് തിരികെ ഏല്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം, മുംബൈ വിമാനത്താവളത്തിലെത്തിയ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെ ലണ്ടനില്‍ പോകുന്നതില്‍ നിന്ന് ഇഡി തടഞ്ഞിരുന്നു. സാമ്പത്തിക കുറ്റാരോപണത്തിന്റെ പേരിലായിരുന്നു ഇഡിയുടെ ഈ നടപടി. കൊവിഡ് കാലത്ത് ദുരിതാശ്വാസങ്ങള്‍ക്കായി കൈപ്പറ്റിയ വിദേശപണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് റാണ അയൂബിനെതിരേയുള്ള കേസ്. അതേ സമയം, ഏപ്രില്‍ ഒന്നിന് ഹാജരാകാന്‍ റാണാ അയ്യൂബിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ആ കാരണത്തിനാലാണ് യാത്ര തടഞ്ഞതെന്നുമാണ് ഇഡിയുടെ വിശദീകരണം. അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്താനായി ലണ്ടനിലേക്ക് പോകുകയായിരുന്നു റാണ അയ്യൂബ്.

Next Story

RELATED STORIES

Share it