Sub Lead

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട ചട്ടങ്ങള്‍ അടുത്ത വര്‍ഷം മാറുമെന്ന് കേന്ദ്രം

നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനവും കോളജുകള്‍ അനുവദിക്കലും നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മാനദണ്ഡങ്ങള്‍ മാറ്റുന്നത് സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട ചട്ടങ്ങള്‍ അടുത്ത വര്‍ഷം മാറുമെന്ന് കേന്ദ്രം
X

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇഡബ്ല്യൂഎസ് (സാമ്പത്തികമായി ദുര്‍ബലരായ വിഭാഗം) സംവരണ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങള്‍ ഈ അധ്യയന വര്‍ഷത്തേക്ക് നിലനിര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലം കഴിഞ്ഞ ദിവസം പുറത്ത് വന്നു.

നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനവും കോളജുകള്‍ അനുവദിക്കലും നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മാനദണ്ഡങ്ങള്‍ മാറ്റുന്നത് സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇഡബ്ല്യൂഎസ് മാനദണ്ഡം പുനപ്പരിശോധിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. പുതുക്കിയ ഇഡബ്ല്യൂഎസ് മാനദണ്ഡം തര്‍ക്കവിഷയമായ 8 ലക്ഷം വാര്‍ഷിക വരുമാന പരിധി നിലനിര്‍ത്തുന്നുണ്ട്.

എന്നാല്‍, വരുമാനം പരിഗണിക്കാതെ അഞ്ച് ഏക്കറോ അതില്‍ കൂടുതലോ കൃഷിഭൂമിയുള്ള കുടുംബങ്ങളെ ഒഴിവാക്കുന്നു. നവംബറില്‍ നടന്ന അവസാന ഹിയറിങില്‍, നിലവിലുള്ള വരുമാന മാനദണ്ഡങ്ങള്‍ പുനപ്പരിശോധിക്കുമെന്നും നാലാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.

8 ലക്ഷം രൂപ വാര്‍ഷിക വരുമാന മാനദണ്ഡം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 16 എന്നിവയുമായി പൊരുത്തപ്പെടുന്നതായി സര്‍ക്കാര്‍ നേരത്തെ വാദിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് ഇത് ബോധ്യപ്പെട്ടില്ല.

ഇഡബ്ല്യൂഎസ് ക്വാട്ട പ്രശ്‌നത്തെക്കുറിച്ചുള്ള തര്‍ക്കം നീറ്റ് പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. തീരുമാനത്തിലെ കാലതാമസത്തിനെതിരേ കഴിഞ്ഞ ആഴ്ച ദേശീയ തലസ്ഥാനത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ 14 ദിവസത്തെ പ്രതിഷേധം ആരംഭിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാറിന് കാലിടറുകയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ ആരോപണം. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. പ്രത്യേകിച്ച് കോവിഡ് പാന്‍ഡെമിക്കിന്റെ സാഹചര്യത്തില്‍.

വിദഗ്ധ സമിതിയുടെ ഇഡബ്ല്യൂഎസ് മാനദണ്ഡങ്ങള്‍ പുനപ്പരിശോധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. നവംബര്‍ 27 മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. സുപ്രീം കോടതി കേസിലെ സര്‍ക്കാര്‍ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഫോര്‍ഡ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹര്‍ജികള്‍ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്.

2021ലെ നീറ്റ് പിജി കൗണ്‍സിലിംഗ് സര്‍ക്കാര്‍ വേഗത്തിലാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒ ബി സി സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം ജുലൈ മാസത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പത്ത് ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യൂഎസ്)നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ അഖിലേന്ത്യാ ക്വോട്ടയില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഏഴരശതമാനവും സംവരണമാണ് ഉള്ളത്.

Next Story

RELATED STORIES

Share it