Top

എല്ലായിടത്തും ശാഹീന്‍ബാഗുകള്‍ ഉയരും: ചന്ദ്രശേഖര്‍ ആസാദ്

'ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വോട്ടുചെയ്യാന്‍ അനുഭാവികളോട് അഭ്യര്‍ഥിക്കും. ഞാന്‍ ബിജെപിക്കെതിരാണ്, കാരണം ബിജെപി ഭരണഘടനയ്ക്ക് എതിരാണ്'. ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

എല്ലായിടത്തും ശാഹീന്‍ബാഗുകള്‍ ഉയരും: ചന്ദ്രശേഖര്‍ ആസാദ്
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം(സിഎഎ) മുസ്‌ലിംകള്‍ക്ക് മാത്രമല്ല ദലിതര്‍ക്കും ആദിവാസികള്‍ക്കും എതിരാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. 'വരും നാളുകളില്‍, ഓരോ ബാഗും (പൂന്തോട്ടം) ശാഹീന്‍ബാഗ് ആകാം'. ജയില്‍ മോചിതനായ ശേഷം എന്‍ഡിടിവിക്ക് നല്‍കിയ ആദ്യ അഭിമുഖത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

'എന്‍ആര്‍സി, എന്‍പിആര്‍, സിഎഎ എന്നീ നിയമങ്ങള്‍ പ്രധാനമായും ദലിത് വിരുദ്ധമാണ്. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവര്‍ എന്ന നിലയില്‍ ഈ നിയമങ്ങള്‍ ഒബിസി വിരുദ്ധവും ആദിവാസി വിരുദ്ധവുമാണ്. വരും കാലങ്ങളില്‍ ഓരോ ബാഗും ശാഹീന്‍ബാഗ് ആകാം. നിയമത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആഭ്യന്തരമന്ത്രി (അമിത് ഷാ) പറയുന്നു. ഭൂരിപക്ഷം കയ്യിലുള്ളപ്പോള്‍ രാജ്യം ഭിന്നിപ്പിക്കാനാണ് അമിത് ഷാ ആഗ്രഹിക്കുന്നത്. അദ്ദേഹം തന്റെ അജണ്ടയാണ് നടപ്പാക്കുന്നത്'. ആസാദ് പറഞ്ഞു.

ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വോട്ടുചെയ്യാന്‍ അനുഭാവികളോട് അഭ്യര്‍ത്ഥിക്കുമെന്ന് ആസാദ് പറഞ്ഞു. ഇതൊരു രാഷ്ട്രീയ അജണ്ടയല്ല. ഞാന്‍ ബിജെപിക്കെതിരാണ്, കാരണം ബിജെപി ഭരണഘടനയ്ക്ക് എതിരാണ്', അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് തങ്ങളെ (ദലിതരെ) ഒരു വോട്ട് ബാങ്ക് പോലെയാണ് പരിഗണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രക്ഷോഭം നടന്ന ജമാ മസ്ജിദിലോ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലോ അക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് ആസാദ് വ്യക്തമാക്കി. പഴയ ഡല്‍ഹിയിലെ പള്ളിയിലെ പ്രതിഷേധത്തിനും നഗരത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന മാര്‍ച്ചിനും ശേഷമാണ് ഡിസംബര്‍ 21 ന് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാവുന്നത്.

വെള്ളിയാഴ്ച മോചിതനായെങ്കിലും 24 മണിക്കൂറിനുള്ളില്‍ ദില്ലി വിട്ട് നാലാഴ്ചത്തേക്ക് മാറിനില്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇന്നലെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയെങ്കിലും ദിവസവും പോലിസ് സ്‌റ്റേഷനില്‍ ഹാജരാകേണ്ടതുള്ളത് കൊണ്ട് പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനാവുന്നില്ല.

താന്‍ അക്രമത്തിന് എതിരാണെന്നും അത് പോരാട്ടത്തിന്റെ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ആസാദ് പറഞ്ഞു. ആര്‍ക്ക് വേണ്ടിയാണ് ഡല്‍ഹി പോലിസ് ജോലി ചെയ്യുന്നതെന്ന് ചോദിച്ച ആസാദ് ഭരണകൂടം ആഗ്രഹിക്കുന്നതാണ് അതിന്റെ സേവകര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും തുറന്നടിച്ചു. കലാപം, പ്രകോപനപരമായ പ്രസംഗങ്ങള്‍, ആയുധങ്ങള്‍ സൂക്ഷിച്ചു തുടങ്ങിയ വകുപ്പുകള്‍ ഡല്‍ഹി പോലിസ് ആസാദിനെതിരേ ചുമത്തിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.144ാം വകുപ്പ് ലംഘിച്ചെന്ന് കാണിച്ച് തെറ്റായ കാരണങ്ങള്‍ പറഞ്ഞാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ആസാദ് പറഞ്ഞു.

'ഞാന്‍ ചെയ്ത ഒരേയൊരു കുറ്റകൃത്യം ഭരണഘടനയുടെ ആമുഖം വായിക്കുക മാത്രമാണ്. ഭരണഘടന അപകടത്തിലായതിനാല്‍ അത് സംരക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ എന്തിനാണ് തടങ്കലിലാക്കിയത്? ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുവയ്ക്കുന്നത് എന്തിനാണ്'. ആസാദ് ചോദിച്ചു.

Next Story

RELATED STORIES

Share it