Kerala

വീട്ടമ്മമാരെ അടുക്കളത്തോട്ടമൊരുക്കൂ, മീന്‍വളം റെഡി

എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് വീട്ടമ്മമാരുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം

വീട്ടമ്മമാരെ അടുക്കളത്തോട്ടമൊരുക്കൂ, മീന്‍വളം റെഡി
X

കൊച്ചി: വീട്ടമ്മമാരെ നിങ്ങള്‍ അടുക്കളത്തോട്ടമൊരുക്കു.മീന്‍ വളം ഞങ്ങള്‍ തരാമെന്നാണ് വീട്ടമ്മമാരായ സിനി ഷായും ഐവി ജോസും പറയുന്നത്.എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) വികസിപ്പിച്ച സാങ്കേതികവിദ്യ സ്വീകരിച്ച് മീന്‍വളനിര്‍മാണ യൂനിറ്റുകള്‍ സ്ഥാപിച്ചാണ് വീട്ടമ്മമാരായ സിനി ഷായും ഐവി ജോസും ഉല്‍പന്നം വിപണിയിലെത്തിക്കുന്നത്. വനിതാസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതൊടൊപ്പം മീന്‍വളം ആവശ്യക്കാരിലെത്തിച്ച് അടുക്കളത്തോട്ടങ്ങള്‍ സമ്പുഷ്ടമാക്കുകയാണ് കെവികെയുടെ ലക്ഷ്യം.കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ലഭിച്ച പരിശീലനത്തിന് ശേഷമാണ് മീന്‍വളനിര്‍മാണരംഗത്ത് സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാന്‍ വീട്ടമ്മമാരായ സിനി ഷായും ഐവി ജോസും മുന്നിട്ടിറങ്ങിയത്.

ചെറായി സ്വദേശിയായ സിനി ഷായും മുനമ്പം സ്വദേശി ഐവി ജോസും യഥാക്രമം 'ലച്ചൂസ് മല്‍സ്യവളം', 'ഐവീസ് അഗ്രോ ഹബ്' എന്നീ പേരുകളിലാണ് വ്യത്യസ്ത സ്റ്റാര്‍ട്ടപ്പ് യൂനിറ്റുകള്‍ക്ക് തുടക്കമിട്ടത്. തപാല്‍ വഴിയും ഓണ്‍ലൈന്‍ സൗകര്യങ്ങളുപയോഗപ്പെടുത്തിയുമാണ് ആദ്യഘട്ടത്തില്‍ ഇവര്‍ മീന്‍വളം ആവശ്യക്കാരിലെത്തിക്കുന്നത്.മീന്‍ മാര്‍ക്കറ്റുകളിലും മറ്റും വരുന്ന അവശിഷ്ടങ്ങള്‍ അത്രതന്നെ അളവില്‍ ചകിരിച്ചോറുമായി കലര്‍ത്തി സൂക്ഷ്മാണു മിശ്രിതം ഉപയോഗിച്ചാണ് 'ഫിഷ്‌ലൈസര്‍' എന്ന പേരില്‍ മീന്‍വളം തയ്യാറാക്കിയിരിക്കുന്നത്. എയ്‌റോബിക് കമ്പോസ്റ്റിംഗ് പ്രക്രിയയിലൂടെ ഉണ്ടാക്കുന്ന ഈ മല്‍സ്യവളത്തില്‍ പോഷകങ്ങളോടൊപ്പം മണ്ണിന് ഗുണകരമായ ധാരാളം സൂക്ഷ്മ ജീവികളുമുണ്ട്. സൂക്ഷ്മാണു മിശ്രിതം ഉപയോഗിക്കുന്നതിനാല്‍ അല്‍പം പോലും ദുര്‍ഗന്ധവും ഉണ്ടാവില്ല. ജലാംശം പൂര്‍ണമായും ചകിരിച്ചോര്‍ ആഗിരണം ചെയ്യുന്നതിനാല്‍ മീനിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതെ പൂര്‍ണമായും ചെടികള്‍ക്ക് ലഭ്യമാകും എന്ന പ്രത്യേകതയുമുണ്ട്.

എന്ത് കൊണ്ട് മീന്‍വളം

മീന്‍വളം വിളകള്‍ക്ക് പൊതുവെയും പച്ചക്കറികള്‍ക്ക് പ്രത്യേകിച്ചും അത്യുത്തമമാണ്. വൃക്ഷായുര്‍വേദത്തില്‍ പോലും മീന്‍ വളത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കടല്‍ മല്‍സ്യങ്ങളില്‍ നൈട്രജന്റെയും സൂക്ഷ്മ മൂലകങ്ങുളുടെയും അളവ് കൂടുതലായതിനാല്‍ പച്ചക്കറി തൈകള്‍ തഴച്ചു വളരുന്നതിനും പൂവിടുന്നതിനും കായ്ക്കുന്നതിനും നല്ലതാണ്. മീന്‍ വളം നല്‍കുന്നുണ്ടെങ്കില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുവാനും സാധിക്കും.കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് മീന്‍ അവശിഷ്ടങ്ങളുപയോഗിച്ച് കെവികെ മീന്‍വള സാങ്കേതികവിദ്യ വികസിപ്പിച്ചത്. പച്ചക്കറികള്‍ക്ക് 100 ഗ്രാം എന്ന തോതില്‍ അടിവളമായും 15 ദിവസം ഇടവേളകളില്‍ 50 ഗ്രാം വീതം മേല്‍വളമായും ചുവട്ടില്‍ ഇളക്കി ചേര്‍ത്തു കൊടുക്കാം. ഒരു കിലോയുടെ പായ്ക്കറ്റിന് 60 രൂപയാണ് വില.തപാലില്‍ ലഭിക്കാന്‍ കെവികെയുടെ വനിതാ സംരംഭകരെ ഫോണില്‍ വിളിക്കാം. ഐവീസ് അഗ്രോ ഹബ് 9349257562, ലച്ചൂസ് മല്‍സ്യവളം 9249203197.

Next Story

RELATED STORIES

Share it