Sub Lead

1500 പോലിസ് ഏറ്റുമുട്ടലുകള്‍, 69 കൊലപാതകം; ന്യായീകരിച്ച് യോഗി

പോലിസ് നടത്തുന്ന കൊലപാതകങ്ങള്‍ക്ക് പുറമെ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘങ്ങളും പ്രതിയോഗികളേയും യോഗി വിമര്‍ശകരേയും വെടിവച്ചു കൊന്നു.

1500 പോലിസ് ഏറ്റുമുട്ടലുകള്‍, 69 കൊലപാതകം; ന്യായീകരിച്ച് യോഗി
X

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടന്നത് 1500 പോലിസ് ഏറ്റുമുട്ടലുകള്‍. നിരവധി സംഭവങ്ങളിലായി 69 പേരെയാണ് പോലിസ് വെടിവച്ചു കൊന്നത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലിസ് നടത്തുന്ന കൊലപാതകങ്ങള്‍ക്ക് പുറമെ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘങ്ങളും പ്രതിയോഗികളേയും യോഗി വിമര്‍ശകരേയും വെടിവച്ചു കൊന്നു. കൂട്ട ശിശുമരണങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ച്ച പുറത്ത് കൊണ്ടുവന്ന ഡോ. കഫീല്‍ ഖാന്റെ സഹോദനെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചതും നേരത്തെ ഏറെ ചര്‍ച്ചയായിരുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും യുപിയില്‍ വ്യാപകമായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പശുവിന്റെ പേരില്‍ ആസൂത്രണം ചെയ്ത കലാപത്തില്‍ പോലിസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നത്. പോലിസും ആള്‍ക്കൂട്ടവും നിയമം കയ്യിലെടുക്കുമ്പോള്‍ സര്‍വ്വ പിന്തുണയും നല്‍കി കൂടെ നില്‍ക്കുകയാണ് യോഗി ഭരണകൂടം.

പോലിസ് ഏറ്റുമുട്ടല്‍ കൊലകളെ ന്യായീകരിച്ചുള്ള പ്രസ്താവനയുമായി യോഗി ആദിത്യനാഥ് രംഗത്തെത്തി. മനുഷ്യാവകാശം സാധാരണക്കാര്‍ക്ക് മാത്രമാണെന്നും കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും ഉള്ളതല്ലെന്നും വാദിച്ചാണ് യോഗി ഏറ്റുമുട്ടല്‍ കൊലകളെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന 'പൊലീസ് വീക്ക്' പരിപാടിയില്‍ ഇന്ത്യന്‍ പോലിസ് സെര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ തെറ്റായ ആളുകളെ സംരക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ തന്നെ തങ്ങള്‍ക്ക് മനുഷ്യാവകാശം നിഷേധിച്ചെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശബ്ദം ഉയര്‍ത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

'നിരവധി സംഘടനകളും ആളുകളുമാണ് മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ സര്‍ക്കാരിനേയും പൊലീസിനേയും കുറ്റം പറയുന്നത്. മനുഷ്യാവകാശത്തിന്റെ പേരില്‍ നമ്മുടെ പൊലീസ് പഴി കേള്‍ക്കുന്നുണ്ട്. ഈ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പൊലീസിന്റെ നടപടി ജനങ്ങള്‍ പ്രശംസിക്കുന്നുണ്ട്,' യോഗി ആദിത്യനാഥ് പറഞ്ഞു.



Next Story

RELATED STORIES

Share it