Sub Lead

ആന കൊല്ലപ്പെട്ട സംഭവം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി- ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനം ഡിവിഷനിലാണ് ആന കൊല്ലപ്പെട്ടതെന്നും ചീഫ് വൈല്‍ഡ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ പറഞ്ഞു.

ആന കൊല്ലപ്പെട്ട സംഭവം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി- ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
X

തിരുവനന്തപുരം: ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്തി കനത്ത ശിക്ഷ നല്‍കുമെന്നും ഇതിനുള്ള നടപടികള്‍ വകുപ്പ് ആരംഭിച്ചു കഴിഞ്ഞതായും ചീഫ് വൈല്‍ഡ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് വനംവകുപ്പിനെ കുറിച്ച് തെറ്റിദ്ധാരണ ഉളവാക്കുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനം ഡിവിഷനിലാണ് ആന കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പടക്കം നിറച്ച പൈനാപ്പിള്‍ ആനയെ തീറ്റിച്ചതാണെന്ന പ്രചാരണവും വിശ്വാസ്യയോഗ്യമല്ല. പൈനാപ്പിള്‍, ചക്ക, വാഴപ്പഴം എന്നിവയിലേതിലെങ്കിലും പടക്കം നിറച്ച് വന്യമൃഗങ്ങളെ തുരത്താനായി കൃഷിയിടങ്ങളില്‍ ഇട്ടിരിന്നിരിക്കാനാണ് സാധ്യത. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളു.

സംസ്ഥാനത്തെ വനാതിര്‍ത്തികളോടുചേര്‍ന്നുള്ള എല്ലാ കൃഷിയിടങ്ങളിലും ദ്രുതപരിശോധന നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആന കൊല്ലപ്പെട്ട സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമരപ്പിക്കുന്നതിന് സൈലന്റ്് വാലി വൈല്‍ഡ്ലൈഫ് വാര്‍ഡന്റെയും മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

ആനയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ മുന്നോട്ടുവരണമെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വനംവകുപ്പ് തക്കതായ പാരിതോഷികം നല്‍കുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ഭൂമി നമ്മുടേത് മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടാകണം. മൃഗ സംരക്ഷണത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്.നാട്ടാന പരിപാലനത്തിലും സംരക്ഷണത്തിനും നിയമം പാസ്സാക്കിയ ആദ്യസംസ്ഥാനമാണ് കേരളം. ഇതിലുണ്ടാകുന്ന ഓരോ വീഴ്ചയും വളരെ ഗൗരവത്തോടെ കാണുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് നാട്ടാനകളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും സംരക്ഷണത്തിനും ഭക്ഷണത്തിനുമായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിന്റെ മാതൃകാപരമായപ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കും വിധം ഈ സംഭവം ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it