Sub Lead

പരാതിക്കാരിയെ മര്‍ദ്ദിച്ച കേസ്; എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് താല്‍ക്കാലിക ജാമ്യം

പരാതിക്കാരിയെ മര്‍ദ്ദിച്ച കേസ്; എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് താല്‍ക്കാലിക ജാമ്യം
X

തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നല്‍കിയ അധ്യാപികയെ മര്‍ദ്ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പള്ളില്‍ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് എംഎല്‍എയ്ക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. വഞ്ചിയൂര്‍ പോലിസ് രജിസ്റ്റര്‍ കേസിലാണ് കോടതിയുടെ നിര്‍ദേശം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ അന്തിമ ഉത്തരവ് വരുന്നതു വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ അന്തിമവാദം നാളെ നടക്കും.

അഭിഭാഷകന്റെ ഓഫിസില്‍ വച്ച് എല്‍ദോസ് മര്‍ദ്ദിച്ചെന്ന മജിസ്‌ട്രേട്ട് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂര്‍ പോലിസ് കേസെടുത്തത്. കേസില്‍ പരാതിക്കാരിയുടെ മൊഴി പോലിസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് ജില്ലാ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരേ വഞ്ചിയൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫിസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും മര്‍ദ്ദിച്ചുവെന്നുമായിരുന്നു മൊഴി.

എല്‍ദോസിനെ മാത്രം പ്രതിയാക്കിയാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. എംഎല്‍എയ്‌ക്കെതിരേ മൊഴി നല്‍കരുതെന്ന് ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ പരാതിയില്‍ സൈബര്‍ പോലിസും കേസെടുത്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് യുവതി തിരുവനന്തപുരം സൈബര്‍ പോലിസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തിയതിനും കേസെടുത്തിരുന്നു.

അതേസമയം, പരാതിക്കാരിക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ ഭാര്യ നല്‍കിയ പരാതിയില്‍ എറണാകുളം കുറുപ്പുംപടി പോലിസാണ് കേസെടുത്തത്. എംഎല്‍എയുടെ ഫോണ്‍ യുവതി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. പരാതിയില്‍ എംഎല്‍എയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, തനിക്കെതിരേ ചുമത്തിയത് കള്ളക്കേസാണെന്ന് എല്‍ദോസ് കുന്നപ്പിള്ളിലിനെതിരേ പരാതി നല്‍കിയ യുവതി. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും നീതി ലഭിക്കുന്നില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. വ്യാജ പരാതിയാണെന്നും ഇതുവരെ തനിക്ക് നീതി കിട്ടിയിട്ടില്ലെന്നും യുവതി പ്രതികരിച്ചു. മാനസികമായി പോലും തന്നെ ഉപദ്രവിക്കുകയാണെന്ന് യുവതി പറഞ്ഞു.

Next Story

RELATED STORIES

Share it