Sub Lead

വാ തുറന്നാൽ വർഗീയത തീതുപ്പുന്ന ആ‍ർഎസ്എസുകാരന് ജാമ്യം,​ കാപ്പന് ജയിൽ ,​ സുപ്രിംകോടതിക്ക് രണ്ട് നീതിയെന്ന് എളമരം കരീം

ഒരു പത്രപ്രവർത്തകൻ നേരിടേണ്ടി വന്ന കടുത്ത പീഡനത്തെ സുപ്രിംകോടതി ഇപ്രകാരം സമീപിച്ചത് ഏവരെയും ഞെട്ടിപ്പിച്ചു.

വാ തുറന്നാൽ വർഗീയത തീതുപ്പുന്ന ആ‍ർഎസ്എസുകാരന് ജാമ്യം,​ കാപ്പന് ജയിൽ ,​ സുപ്രിംകോടതിക്ക് രണ്ട് നീതിയെന്ന് എളമരം കരീം
X

തിരുവനന്തപുരം: സിദ്ദീഖ് കാപ്പന് നീതി ലഭിക്കുന്നതിൽ കോടതി വിവേചനം കാണിക്കുകയാണെന്ന് സിപിഎം നേതാവ് എളമരം കരീം. സിദ്ദിഖ് കാപ്പന്റെ വിഷയത്തിൽ സുപ്രിംകോടതിയുടെ സമീപനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ ഇതേ കോടതിയിൽ റിപബ്ലിക് ടിവിയുടെ മേധാവിയായ മാധ്യമപ്രവർത്തകൻ അർണബ് ഗോസാമിയുടെ ജാമ്യാപേക്ഷ എത്തിയപ്പോൾ ഉടൻ ജാമ്യം അനുവദിച്ചെന്നും എളമരം കരിം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് എളമരം കരീമിന്റെ പ്രതികരണം.

എളമരം കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സിദീഖ് കാപ്പനെ യുപിയിലെ ഹാഥ്റസിൽ വെച്ച് യുപി പോലിസ് അറസ്റ്റ് ചെയ്തു. ഹാഥ്റസിൽ ഒരു ദലിത് യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും മൃഗീയമായി കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം അന്വേഷിക്കാൻ ഹാഥ്റസിൽ എത്തിയതായിരുന്നു സിദ്ദീഖ് കാപ്പൻ ഉൾപെടെയുള്ള മാധ്യമ പ്രവർത്തകർ. സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും ഹാഥ്റസിൽ എത്തിയത് ഭീകര പ്രവർത്തനം സംഘടിപ്പിക്കാനാണെന്നാരോപിച്ചാണ് യുഎപിഎ നിയമപ്രകാരം കേസെടുത്ത് യുപി പോലീസ് ജയിലിലടച്ചത്.

സിദ്ദീഖ് കാപ്പൻ ഏത് ജയിലിലാണ് എന്ന് പോലും വ്യക്തമാവാത്ത സാഹചര്യത്തിൽ, കേരള പത്രപ്രവർത്തക യൂനിയൻ സുപ്രിംകോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തു. പ്രസ്തുത ഹരജി പരിഗണിച്ച സുപ്രിംകോടതി അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാതെ ഹരജിക്കാരോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയാണുണ്ടായത്!

ഒരു പത്രപ്രവർത്തകൻ നേരിടേണ്ടി വന്ന കടുത്ത പീഡനത്തെ സുപ്രിംകോടതി ഇപ്രകാരം സമീപിച്ചത് ഏവരെയും ഞെട്ടിപ്പിച്ചു.

ഇനി രണ്ടാമത്തെ അനുഭവം. ഇത് ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. റിപബ്ലിക്ക് ടിവി ചീഫ് എക്‌സിക്യൂട്ടീവ് അർണബ് ഗോസ്വാമിക്കെതിരേ ടിആർപി കൃതിമം നടത്തിയതിനെതിരേ മഹാരാഷ്ട്ര പോലിസ് ഒരു കേസെടുത്തു. അദ്ദേഹത്തെ മുംബൈ കോടതി റിമാൻഡ് ചെയ്തു. ഒട്ടും താമസിയാതെ ഗോസ്വാമിയുടെ ജാമ്യഹരജി സുപ്രിംകോടതിയിലെത്തി. സുപ്രിംകോടതി അർണബ് ഗോസ്വാമിക്ക് ഉടൻ ജാമ്യം അനുവദിച്ചു.

രണ്ട് മാധ്യമ പ്രവർത്തകർക്ക് രണ്ട് നീതി. ഒരാൾ ഒരു സാധാരണ പത്രപ്രവർത്തകൻ. രണ്ടാമത്തെ ആൾ വാ തുറന്നാൽ വർഗീയ തീ തുപ്പുന്ന ഒരു ആർഎസ്എസ്സുകാരൻ. ഇന്ത്യൻ പൗരന്മാർ നേരിടുന്ന ഈ അവസ്ഥ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്ന് കരുതുന്നു.

Next Story

RELATED STORIES

Share it