Latest News

നേമത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ 10 കര്‍മ്മപദ്ധതികളുമായി 'വിഷന്‍ 2031' അവതരിപ്പിച്ച് വി ശിവന്‍കുട്ടി

നേമത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ 10 കര്‍മ്മപദ്ധതികളുമായി വിഷന്‍ 2031 അവതരിപ്പിച്ച് വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വികസനത്തിന്റെയും കരുതലിന്റെയും പുതിയ അധ്യായങ്ങളാണ് നേമത്ത് കുറിച്ചതെന്ന് വി ശിവന്‍കുട്ടി. ആ മുന്നേറ്റം കൂടുതല്‍ കരുത്തോടെ തുടരാന്‍, വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്ര വികസന രേഖ 'വിഷന്‍ 2031' അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട നേമം നിവാസികളെ,

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വികസനത്തിന്റെയും കരുതലിന്റെയും പുതിയ അധ്യായങ്ങളാണ് നാം നേമത്ത് കുറിച്ചത്. ആ മുന്നേറ്റം കൂടുതല്‍ കരുത്തോടെ തുടരാന്‍, വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്ര വികസന രേഖ 'വിഷന്‍ 2031' ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

നമ്മുടെ മണ്ഡലത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനായുള്ള 78 പ്രധാന പദ്ധതികളാണ് ഈ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വികസന കാഴ്ചപ്പാടിലെ പ്രധാന 10 കര്‍മ്മപദ്ധതികള്‍ താഴെ പറയുന്നവയാണ്:

1. നേമം സ്‌കില്‍ കോറിഡോര്‍: കിള്ളിപ്പാലം മുതല്‍ പാപ്പനംകോട് വരെയുള്ള മേഖലയെ ലോകോത്തര നൈപുണ്യ പരിശീലന കേന്ദ്രമാക്കി മാറ്റും.

2. വിഴിഞ്ഞം തൊഴില്‍ പാക്കേജ്: തുറമുഖ വികസനത്തിലൂടെയുണ്ടാകുന്ന പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നേമത്തെ യുവാക്കള്‍ക്ക് ലഭ്യമാക്കാന്‍ പ്രത്യേക പരിശീലന പദ്ധതികള്‍.

3. വര്‍ക്ക് നിയര്‍ ഹോം: ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടുള്ള കോ-വര്‍ക്കിംഗ് സ്പേസുകള്‍ ആരംഭിക്കും.

4. യൂത്ത് സ്റ്റാര്‍ട്ടപ്പ് ഹബ്ബ്: പുതിയ സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പയും സാങ്കേതിക സഹായവും നല്‍കാന്‍ പ്രത്യേക ഡെസ്‌ക്.

5. ഡിജിറ്റല്‍ ലൈബ്രറി: വായനശാലകളെ ഡിജിറ്റൈസ് ചെയ്ത് പി.എസ്.സി, യു.പി.എസ്.സി പരീക്ഷാര്‍ത്ഥികള്‍ക്കായി ആധുനിക പഠന കേന്ദ്രങ്ങള്‍ ഒരുക്കും.

6. നേമം സ്‌പോര്‍ട്സ് സിറ്റി: നിലവിലുള്ള മൈതാനങ്ങള്‍ ആധുനികവത്കരിക്കും, ഒപ്പം എല്ലാ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിനായി 'അക്വാട്ടിക് സെന്റര്‍' സ്ഥാപിക്കും.

7. കരിയര്‍ ഗൈഡന്‍സ് സെന്റര്‍: പത്താം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന മേഖലകള്‍ തിരഞ്ഞെടുക്കാന്‍ വിദഗ്ദ്ധ കൗണ്‍സിലിംഗ് സംവിധാനം.

8. നൈറ്റ് ലൈഫ് & കള്‍ച്ചറല്‍ സോണ്‍: യുവാക്കളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ സുരക്ഷിതമായ നൈറ്റ് ലൈഫ് സംവിധാനവും ആഴ്ചതോറും സാംസ്‌കാരിക പരിപാടികളും.

9. ഹാപ്പിനസ് പാര്‍ക്കുകള്‍: ഓപ്പണ്‍ ജിംനേഷ്യം, വൈഫൈ സൗകര്യം എന്നിവയടങ്ങുന്ന പാര്‍ക്കുകള്‍ മണ്ഡലത്തിലുടനീളം സ്ഥാപിക്കും.

10. യുവജന ടാസ്‌ക് ഫോഴ്സ്: 'വിഷന്‍ 2031' പദ്ധതിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും യുവജന പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രത്യേക ഫോഴ്സ് രൂപീകരിക്കും.

ഇതുകൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന വിപുലമായ പദ്ധതികളാണ് നാം ലക്ഷ്യമിടുന്നത്.

നമ്മുടെ നാടിന്റെ ഭാവിക്കായി, വികസന തുടര്‍ച്ചയ്ക്കായി, അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നമുക്ക് ഒന്നിച്ച് മുന്നേറാം, നേമത്തിന്റെ വികസനത്തിനായി.

സ്‌നേഹപൂര്‍വ്വം,

വി ശിവന്‍കുട്ടി

Next Story

RELATED STORIES

Share it