Sub Lead

മരിക്കും മുമ്പ് മുര്‍സിയെ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നു

സംഘടന പിരിച്ച് വിട്ടില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഹമ്മദ് മുര്‍സിക്കും ഈജിപ്ത് ജയിലില്‍ കഴിയുന്ന മറ്റ് മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്ത്യശാസനം നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

മരിക്കും മുമ്പ് മുര്‍സിയെ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നു
X

കെയ്‌റോ: സംഘടന പിരിച്ച് വിട്ടില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഹമ്മദ് മുര്‍സിക്കും ഈജിപ്ത് ജയിലില്‍ കഴിയുന്ന മറ്റ് മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്ത്യശാസനം നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. റമദാന്‍ അവസാനിക്കും മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഭീഷണി. ഇക്കാര്യം മുര്‍സി നിഷേധിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം മരിച്ചത്. പേരുവെളിപ്പെടുത്താത്ത ചില പ്രതിപക്ഷനേതാക്കളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

സംഘടന പിരിച്ചുവിടണമെന്ന ആവശ്യം നിരസിച്ച മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഖൈറാത്ത് അല്‍ശാത്തിര്‍, ബ്രദര്‍ഹുഡ് ആത്മിയ നേതാവ് മുഹമ്മദ് ബദീഅ് എന്നിവരുടെ ജീവന്‍ അപകടത്തിലാണെന്ന് ഈജിപ്തിന് അകത്തും പുറത്തുമുള്ള ബ്രദര്‍ഹുഡ് അംഗങ്ങള്‍ കരുതുന്നു.

സംഘടന പിരിച്ചുവിടാന്‍ മുര്‍സിയോടും ബ്രദര്‍ഹുഡ് നേതാക്കളോടും ആവശ്യപ്പെടുന്ന നയരേഖ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ ഉന്നത ഉദ്യോഗസ്ഥരാണ് ആദ്യം തയ്യാറാക്കിയത്. അല്‍സീസി അധികാരം ഏറ്റെടുത്ത ഉടനെയായിരുന്നു അത്. ഇതിലെ വിശദാംശങ്ങളും മിഡില്‍ ഈസ്റ്റ് ഐക്ക് ലഭിച്ചിട്ടുണ്ട്.

മുസ്‌ലിം ബ്രദര്‍ഹുഡിനെ അവസാനിപ്പിക്കല്‍ എന്ന പേരിലുള്ള സര്‍ക്കാര്‍ രേഖയില്‍ 2013ലെ പട്ടാള അട്ടിമറിക്കു പിന്നാലെ, മുബാറകിന്റെയും നാസറിന്റെയും കാലത്തുണ്ടായിരുന്നതിനേക്കാള്‍ വലിയ അടിച്ചമര്‍ത്തലാണ് ഇസ്ലാമികര്‍ക്കെതിരേ ഉണ്ടായതെന്ന് വ്യക്തമാക്കുന്നു. ബ്രദര്‍ഹുഡ് വളരെയധികം ദുര്‍ബലമായെന്നും വ്യക്തമായ നേതൃനിരയില്ലെന്നും ഈ രേഖ അവകാശപ്പെടുന്നു. ബ്രദര്‍ഹുഡ് ഇനി ഈജിപ്ഷ്യന്‍ ഭരണകൂടത്തിന് ഭീഷണിയില്ലെന്നും എന്നാല്‍, തടവിലുള്ളവരാണ് ഒരു പ്രധാന പ്രശ്‌നമെന്നും ഇത് വ്യക്തമാക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെട്ട 60,000ഓളം രാഷ്ട്രീയ തടവുകാരാണ് ഇപ്പോള്‍ ഈജിപ്തിലെ ജയിലുകളിലുള്ളത്.

ബ്രദര്‍ഹുഡിനെ മൂന്ന് വര്‍ഷത്തിനകം ഇല്ലാതാക്കണമെന്നാണ് സര്‍ക്കാര്‍ രേഖ നിര്‍ദേശിക്കുന്നത്. രാഷ്ട്രീയ, പ്രബോധന, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ഉറപ്പ് നല്‍കുന്ന ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാമെന്ന് ഇതില്‍ വാഗ്ദാനമുണ്ട്. ഇത് നിരസിക്കുന്നവര്‍ക്ക് ജീവപര്യന്തം ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കും. 75 ശതമാനം നേതാക്കളും ഇത് സ്വീകരിക്കുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.



ബന്ധുക്കളെയോ അഭിഭാഷകരെയോ കാണാന്‍ അനുവദിക്കാതെ ഏകാന്ത തടവില്‍ പാര്‍പ്പിക്കപ്പെട്ടിരുന്ന മുര്‍സി ഇതുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദമാണ് നേരിട്ടിരുന്നത്. എന്നാല്‍, ചര്‍ച്ച നീണ്ടു പോയതോടെ ഈജിപ്ഷ്യന്‍ അധികൃതര്‍ വലിയ അസംതൃപ്തിയിലായിരുന്നു. താന്‍ സംഘടനയുടെ നേതാവ് അല്ലാത്തതിനാല്‍ ബ്രദര്‍ഹുഡ് പിരിച്ചുവിടുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു മുര്‍സിയുടെ നിലപാട്. അതേ സമയം, ഈജിപ്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ വിഷയങ്ങള്‍ തീരുമാനിക്കേണ്ടത് മുര്‍സിയാണെന്ന് പറഞ്ഞ് ബ്രദര്‍ഹുഡ് നേതാക്കളും ഇക്കാര്യം തള്ളി. സൈനിക അട്ടിമറിയെ അംഗീകരിക്കാനോ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന തന്റെ പദവി ഉപേക്ഷിക്കാനോ മുര്‍സി തയ്യാറായിരുന്നില്ല.

ഇതോടെയാണ് റദമാന് മുമ്പ് തീരുമാനമെടുത്തില്ലെങ്കില്‍ മറ്റു നടപടികളിലേക്കു നീങ്ങേണ്ടി വരുമെന്ന് അല്‍സീസി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, എന്ത് നടപടിയാണ് ഉണ്ടാവുകയെന്ന് അവര്‍ വ്യക്തമാക്കിയിരുന്നില്ല. ഇക്കാരണം കൊണ്ട് തന്നെ മുര്‍സിയെ കൊലപ്പെടുത്തിയതാണൈന്നും സംഘടന പിരിച്ചുവിടാന്‍ വിസമ്മതിച്ച മറ്റുനേതാക്കളുടെ ജീവനും അപകടത്തിലാണെന്നും പ്രതിപക്ഷനേതാക്കള്‍ കരുതുന്നു. രാജ്യദ്രോഹക്കുറ്റത്തിന് പുനര്‍വിചാരണ നേടിരുന്ന മുര്‍സി കഴിഞ്ഞ തിങ്കളാഴ്ച്ച് കോടതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

കോടതിയില്‍ വച്ച് തനിക്ക് ജഡ്ജിയോട് ചില രഹസ്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് മുര്‍സി വ്യക്തമാക്കിയിരുന്നു. അത് അടച്ചിട്ട മുറിയില്‍ ജഡ്ജിയോട് അവതരിപ്പിക്കാന്‍ അനുമതി വേണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ആ ആവശ്യം നിഷേധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് താന്‍ മരിക്കുന്നതുവരെയോ അല്ലെങ്കില്‍ ദൈവത്തെ കണ്ടുമുട്ടുന്നതുവരെയോ അത് രഹസ്യമായി തുടരുമെന്ന് മുര്‍സി പറഞ്ഞു. തൊട്ടുടനെയാണ് അദ്ദേഹം കുഴഞ്ഞു വീണത്.

Next Story

RELATED STORIES

Share it