Sub Lead

സിനായില്‍ ചൈനീസ് മിസൈലുകള്‍ സ്ഥാപിച്ച് ഈജിപ്ത്

സിനായില്‍ ചൈനീസ് മിസൈലുകള്‍ സ്ഥാപിച്ച് ഈജിപ്ത്
X

കെയ്‌റോ: ഇസ്രായേലി ആക്രമണം പ്രതീക്ഷിച്ച് സിനായ് പ്രദേശത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഈജിപ്ത് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചു. എച്ച്ക്യു-9ബി എന്ന ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങളാണ് പലയിടങ്ങളിലായി സ്ഥാപിച്ചത്. റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന് തുല്യമായ ചൈനീസ് സംവിധാനമാണ് എച്ച്ക്യു-9ബി. ഗസയെ തങ്ങളുടെ ആദ്യ പ്രതിരോധ മുന്നണിയായാണ് ഈജിപ്ത് സൈന്യം കാണുന്നത്. സൈനിക തയ്യാറെടുപ്പ് ധൈര്യത്തിന്റെ മാത്രം കാര്യമല്ലെന്നും ഏത് സംഭവവികാസങ്ങളെയും നേരിടാനുള്ള യഥാര്‍ത്ഥ സന്നദ്ധതയാണെന്നും ഈജിപ്ഷ്യന്‍ പ്രതിരോധ മന്ത്രി അബ്ദുല്‍ മജീദ് സഖര്‍ പറഞ്ഞു. ഗസയിലെ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധം ഈജിപ്തിലേക്കും വ്യാപിച്ചേക്കാമെന്നും സിനായിലേക്ക് ഫലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലിലാണ് നടപടി.

ചൈനയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ ഏറ്റവും പുതിയ ഇനമായ എച്ച്ക്യു-9ബിക്ക് 200 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയെ തടസ്സപ്പെടുത്താനും കഴിയും. കനത്ത ഇലക്ട്രോണിക് ജാമിംഗില്‍ പോലും 300 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ അതിന് ട്രാക്ക് ചെയ്യാന്‍ കഴിയും. കൂടാതെ ട്രക്കുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവിടങ്ങളിലും എളുപ്പത്തില്‍ സ്ഥാപിക്കാം. സമീപ വര്‍ഷങ്ങളില്‍ ഈജിപ്ഷ്യന്‍ സൈന്യം വടക്കന്‍ സിനായില്‍ തങ്ങളുടെ സാന്നിധ്യം ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് സൈനികരും ആയിരക്കണക്കിന് ഹെവി വാഹനങ്ങളും അവിടെയുണ്ട്.


ശത്രുവിനെ കുറിച്ചുള്ള നിലപാട് മാറ്റണമെന്നാണ് ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണത്തെ തുടര്‍ന്ന് ദോഹയില്‍ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് പറഞ്ഞതെന്ന് സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മേധാവി ദിയാ റഷ്‌വാന്‍ ചൂണ്ടിക്കാട്ടി. 1977ലെ ഈജിപ്ത്-ഇസ്രായേല്‍ സമാധാന ഉടമ്പടിക്ക് ശേഷം ഒരു ഈജിപ്ഷ്യന്‍ ഭരണാധികാരിയും ഇസ്രായേലിനെ ശത്രു എന്നു വിളിച്ചിട്ടില്ല. അതായത്, 1977 നവംബര്‍ ഒന്നിന് ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന അന്‍വര്‍ സാദത്ത് അധിനിവേശ ജെറുസലേം സന്ദര്‍ശിച്ച ശേഷം ഒരു ഈജിപ്ഷ്യന്‍ ഭരണാധികാരിയും ശത്രു എന്ന വാക്ക് ഇസ്രായേലിനെ കുറിച്ച് ഉപയോഗിച്ചില്ല.

ഫലസ്തീനികളെ കുടിയിറക്കുന്നത് മറികടക്കാന്‍ പാടില്ലാത്ത റെഡ് ലൈന്‍ ആണെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഫലസ്തീന്‍ പ്രശ്‌നം കേന്ദ്ര വിഷയമായിരുന്നപ്പോള്‍ ഈജിപ്ത് ശത്രു എന്ന വാക്ക് ഉപയോഗിക്കുമായിരുന്നു. ഇസ്രായേല്‍ സമാധാന കാംക്ഷിയാണെന്ന് തെറ്റിധരിച്ച് ഈജിപ്ത് ആ വാക്ക് കുഴിച്ചുമൂടി. പക്ഷേ, ഇപ്പോള്‍ വീണ്ടും ആ വാക്ക് പ്രാബല്യത്തില്‍ വന്നതായും ദിയാ റഷ്‌വാന്‍ വിശദീകരിച്ചു.

Next Story

RELATED STORIES

Share it