Sub Lead

കാസര്‍കോട് കലക്ടറുടെ തന്‍പോരിമ; ജില്ലയിലെ കൊവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി

കൊവിഡ് 19 പ്രതിരോധത്തിനും ബോധവത്കരണത്തിനുമുള്ള ജില്ലയിലെ സന്നദ്ധ സേന റജിസ്‌ട്രേഷന്‍ വൈകാന്‍ കാരണം കലക്ടറുടെ ഏകാധിപത്യ നിലപാടാണെന്നാണു പരാതി.

കാസര്‍കോട് കലക്ടറുടെ തന്‍പോരിമ; ജില്ലയിലെ കൊവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി
X

കാസര്‍കോട്: ജില്ലാ കലക്ടറുടെ അധികാര ദുര്‍വിനിയോഗവും തന്‍പോരിമയും കൊവിട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായെന്ന് ആക്ഷേപം. കൊവിഡ് 19 പ്രതിരോധത്തിനും ബോധവത്കരണത്തിനുമുള്ള ജില്ലയിലെ സന്നദ്ധ സേന റജിസ്‌ട്രേഷന്‍ വൈകാന്‍ കാരണം കലക്ടറുടെ ഏകാധിപത്യ നിലപാടാണെന്നാണു പരാതി. മറ്റു ജില്ലകളില്‍ കൊറോണ സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള നടപടികള്‍ ഏറെ മുന്നേറിയിട്ടും കാസര്‍ കോട് റജിസ്‌ട്രേഷന്‍ പോലും ഇന്നാണ് ആരംഭിച്ചത്. ജില്ലാ ഭരണ കൂടം വഴി മാത്രമേ കോവിഡ് 19മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ എന്ന കലക്ടറുടെ നിലപാടാണ് ജില്ലയില്‍ തിരിച്ചടിയായത്.സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വിരുദ്ധമായിരുന്നു കലക്ടറുടെ നടപടി.

സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും ജാഗ്രത സമിതികള്‍ മുഖേന മാത്രമേ പ്രവര്‍ത്തനം പാടുള്ളൂവെന്നും ജില്ല കലക്ടര്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജാഗ്രത സമിതികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ചുമതല നല്‍കിയിരുന്നില്ല. മാത്രമല്ല, സന്നദ്ധ പ്രവര്‍ത്തകരെ പരമാവധി സഹകരിപ്പിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും തുടക്കം മുതലേ സ്വീകരിച്ചതും.

സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരായ കാസര്‍കോട് ജില്ലാ കലക്ടറുടെ ഭീഷണിക്കെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെ യുവജന സംഘടനകള്‍ രംഗത്ത് വന്നിട്ടും കലക്ടര്‍ നിലപാട് മാറ്റിയിരുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള കാസര്‍കോട്ട് കലക്ടറുടെ നിലപാട് ദോഷം ചെയ്യുമെന്ന ചര്‍ച്ച വ്യാപകമായതോടെയാണ് സന്നദ്ധ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇതേവരെ ജില്ലാ കലക്ടറില്‍ മാത്രം കേന്ദ്രീകൃതമായിരുന്ന ചില നടപടികളിലും മാറ്റം വന്നു. ജില്ലയിലെ കൊവിഡ് 19 വിവരങ്ങള്‍ കലക്ടര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിക്കുന്ന രീതി ഇനി ഉണ്ടാവില്ല. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിവരങ്ങള്‍ പത്രക്കുറിപ്പായി മാധ്യമങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളിലായി 1500 സന്നദ്ധ വളണ്ടിയര്‍മാരേയും 38 ഗ്രാമപ്പഞ്ചായത്തുകളിലായി 7600 വളണ്ടിയര്‍മാരേയുമാണ് നിയോഗിക്കുക. ഇവരുടെ യാത്രാചെലവുകളും മറ്റും അതത് പഞ്ചായത്ത്, നഗരസഭകള്‍ വഹിക്കും.

Next Story

RELATED STORIES

Share it