Sub Lead

ഡ്രഡ്ജര്‍ അഴിമതി; ജേക്കബ് തോമസിന് എതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ഹോളണ്ടില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച് പല വിവരങ്ങളും മറച്ചുവെച്ചുവെന്നാരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഡ്രഡ്ജര്‍ അഴിമതി; ജേക്കബ് തോമസിന് എതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
X

തിരുവനന്തപുരം: മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരെയുള്ള ഡ്രഡ്ജര്‍ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് സര്‍ക്കാര്‍. ഹോളണ്ടില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച് പല വിവരങ്ങളും മറച്ചുവെച്ചുവെന്നാരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച കരാറിലടക്കം ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറുടെ ചുമതല വഹിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോളണ്ടിലെ കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയത്. ഈ ഇടപാടില്‍ അഴിമതി നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരേ കേസെടുത്തത്.

മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട പര്‍ച്ചേസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡ്രഡ്ജര്‍ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ തോമസ് ജേക്കബിന്റെ പേരില്‍ മാത്രമായിരുന്നു കേസെടുത്തിരുന്നത്. 2009 മുതല്‍ 2014 വരെയണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചത്.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ജേക്കബ് തോമസിന് എതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ്‌ഐആറിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

Next Story

RELATED STORIES

Share it