Big stories

ഡോ. വന്ദന കൊലക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് നിഗമനം

പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലിസ്

ഡോ. വന്ദന കൊലക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് നിഗമനം
X

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസ് കുത്തേറ്റ് മരിച്ച കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണച്ചുമതല. റൂറല്‍ എസ്പി എംഎല്‍ സുനില്‍കുമാര്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുക. അതേസമയം, വന്ദനാ കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സിസിടിവി കാമറാ ദൃശ്യങ്ങള്‍ പോലിസ് കര്‍ശനനമായി നിരീക്ഷിച്ചുവരികയാണ്. മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിക്കുമെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ 24 മണിക്കൂര്‍ നിരീക്ഷണം. മാരക ലഹരി പദാര്‍ഥങ്ങള്‍ പ്രതി ഉപയോഗിച്ചിട്ടില്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ കാമറ സംവിധാനമുള്ള മുറിയില്‍ സന്ദീപിനെ പാര്‍പ്പിച്ച് ഓരോ നിമിഷവും നിരീക്ഷിച്ചത് വിജയം കണ്ടുവെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. രണ്ട് രാത്രിയും ഒരു പകലും പിന്നിടുമ്പോള്‍, പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ഡോ. വന്ദനയെ കുത്തി വീഴ്ത്തിയ ശേഷം ബഹളമുണ്ടാക്കിയതും ആദ്യ ദിവസം സെല്ലിനുള്ളില്‍ അലറി വിളിച്ചതും മാനസികപ്രശ്‌നം മൂലമല്ലെന്നാണ് പോലിസ് നിഗമനം. പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലിസ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ എപ്പോള്‍ കസ്റ്റഡിയില്‍ ലഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.

Next Story

RELATED STORIES

Share it