Sub Lead

സൈനിക പരിശീലന ക്യാംപിനു നേരെ ഹൂഥി ആക്രമണം; 80 യമന്‍ സൈനികര്‍ കൊല്ലപ്പെട്ടു

മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലാണ് യമന്‍ സൈന്യത്തിന് കനത്ത ആള്‍ നാശം ഉണ്ടായതെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തില്‍ 150ല്‍ അധികം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സൈനിക പരിശീലന ക്യാംപിനു നേരെ  ഹൂഥി ആക്രമണം; 80 യമന്‍ സൈനികര്‍ കൊല്ലപ്പെട്ടു
X

റിയാദ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനിലെ സൈനിക പരിശീലന ക്യംപിനു നേരെ ഹൂഥി വിമതര്‍ നടത്തിയ ആക്രമണത്തില്‍ എണ്‍പതിലധികം സൈനികര്‍ കൊല്ലപ്പെട്ടു. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലാണ് യമന്‍ സൈന്യത്തിന് കനത്ത ആള്‍ നാശം ഉണ്ടായതെന്നാണ് റിപോര്‍ട്ടുകള്‍. ആക്രമണത്തില്‍ 150ല്‍ അധികം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തര യുദ്ധം തുടങ്ങി അഞ്ചു വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്ച്ച നടന്നത്.

തലസ്ഥാന നഗരിയായ സന്‍ആയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ മആരിബ് പ്രവിശ്യയിലെ സെന്‍ട്രല്‍ മആരിബിലെ സൈനിക ക്യാംപിനു നേരെയാണ് ആക്രമണമുണ്ടായത്. അസര്‍ നമസ്‌കാരത്തിനിടെയാണ് സൈനിക ക്യാംപിലെ വെയര്‍ ഹൗസിനും മസ്ജിദിനും നേരെ ആക്രമണമുണ്ടായത്.

യമന്‍ വ്യോമസേനയിലെ ഫോര്‍ത്ത് ബ്രിഗ്രേഡ് അംഗങ്ങളും ഗാര്‍ഡുകളുമാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ 83 സൈനികര്‍ കൊല്ലപ്പെട്ടതായും 148 പേരെ പരിക്കുകളോടെ പ്രവേശിപ്പിച്ചതായും മആരിബ് സിറ്റി ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഹൂഥികള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ആക്രമണം നടത്തിയതിലൂടെ വെളിപ്പെടുന്നതെന്നു യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി വ്യക്തമാക്കിയതായി യമന്‍ വാര്‍ത്താ ഏജന്‍സി സാബ റിപ്പോര്‍ട്ട് ചെയ്തു. സൈനികരോട് ജാഗ്രത പാലിക്കാനും യുദ്ധത്തിന് ഒരുങ്ങിയിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സന്‍ആയുടെ വടക്ക് നിഹം മേഖലയില്‍ ഹൂഥികള്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന ശക്തമായ സൈനിക നീക്കം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍, ആക്രമണത്തിന് ശേഷവും സൈനിക നീക്കം തുടരുകയാണ്. മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിനു പിന്നാലെ പശ്ചിമേഷ്യയില്‍ അലയടിച്ച യുദ്ധ സാഹചര്യത്തിന് എരിവ് പകരുന്നതാണ് പുതിയ ആക്രമണം.ഇറാന്‍ നേതാവ് സുലൈമാനി കൊലപാതകത്തിനുള്ള പ്രതികാരത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായിഗള്‍ഫ് റീസേര്‍ച്ച് സെന്റര്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്യൂരിറ്റി ഡയറക്റ്റ്‌റര്‍ മുസ്തഫ അലാനി പറഞ്ഞു.

Next Story

RELATED STORIES

Share it