Sub Lead

സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കരുത്; സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി

സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കരുത്; സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി
X

തിരുവനന്തപുരം: സ്വതന്ത്ര വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പൊതു സര്‍വകലാശാലകളെ തകര്‍ക്കുന്നതും സ്വകാര്യകച്ചവടശാലകള്‍ക്ക് വഴി തുറക്കുന്നതുമായ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്യരുതെന്ന് സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.സ്വകാര്യ സര്‍വകലാശാലകള്‍ പണം മുടക്കുന്ന വരുടെ താല്പര്യപ്രകാരം പ്രവര്‍ത്തിക്കുന്ന വാണിജ്യകേന്ദ്രങ്ങള്‍ മാത്രമാണ് അവയ്ക്ക് ഒരിക്കലും സര്‍വകലാശാലയുടെ ധര്‍മ്മം നിര്‍വഹിക്കാനാവില്ല.

വിജ്ഞാന വിരുദ്ധമായ സര്‍ക്കാരിനു മാത്രമേ ഒരു സ്വകാര്യ കച്ചവട സ്ഥാപനത്തിന് സര്‍വകലാശാലയുടെ കുപ്പായമണിയിക്കുവാന്‍ കഴിയൂ. വ്യവസായത്തിന്റെ പരിശീലനമോ അതിന്റെ ഉത്പന്നങ്ങളുടെ നിര്‍മ്മാണമൊ അല്ല നമ്മുടെ സര്‍വ്വകലാശാല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സ്വതന്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ മാനവരാശിക്ക് പുതിയ വിജ്ഞാനം സംഭാവന ചെയ്യുക എന്ന മഹത്തായ ദൗത്യം ലോകത്ത് ഒരു സ്വകാര്യ സര്‍വകലാശാലയ്ക്കും നിര്‍വഹിക്കാനാവില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അറിവിനെ അടിയറ വയ്ക്കുകയാണ്.

പൊതു വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും പ്രത്യേകിച്ചും ഒരു രാഷ്ട്ര സംസ്‌ക്കാരത്തിന്റെ ഭാവിയിലേക്കുള്ള അമൂല്യമായ നിക്ഷേപമാണ്. അതിന്, വ്യവസായത്തിന്റെയോ കച്ചവടത്തിന്റെയോ ഉടനടി സ്വകാര്യ ലാഭം ഉണ്ടാക്കുക എന്ന രീതിയുമായി ഇണങ്ങില്ല.25 കോടിയുടെ നിരതദ്രവ്യം കെട്ടി വയ്ക്കുകയും ഏക്കറുകണക്കിനു കണ്ണായ ഭൂമി കൈവശം വയ്ക്കുകയും ചെയ്യുന്ന സ്‌പോണ്‍സറിംഗ് ഏജന്‍സിക്ക് ,അധികാരികളെ പോലും നിഷ്പ്രയാസം സ്‌പോണ്‍സര്‍ ചെയ്യാവുന്നതേയുള്ളു.

പണവും ഭരണ സ്വാധീനവും മാത്രമാണ് വിദ്യാഭ്യാസത്തിലെ' മെറിറ്റ് 'എന്നംഗീകരിക്കുന്ന ക്യാബിനറ്റു തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റെതായി പുറത്തിറക്കിയിരിക്കുന്ന കരട് ബില്ലില്‍ തെളിയുന്നത്. ഇത്തരത്തില്‍ ,ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യക്തിഗത / കോര്‍പ്പറേറ്റ് കേന്ദ്രങ്ങള്‍ക്ക് കാഴ്ചവയ്ക്കുവാനുള്ള നീക്കങ്ങളില്‍ നിന്നു സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് ഓള്‍ ഇന്ത്യ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി ( കേരള ചാപ്റ്റര്‍ ) ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it