Sub Lead

കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറരുതെന്ന് നടി

കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറരുതെന്ന് നടി
X

ന്യൂഡല്‍ഹി: കര്‍ശനമായ വ്യവസ്ഥയോടെയാണെങ്കില്‍ പോലും ദൃശ്യങ്ങള്‍ ദിലീപിനു കൈമാറരുതെന്ന് ആക്രമണത്തിനിരയായ യുവനടി സുപ്രിംകോടതിയെ അറിയിച്ചു. എഴുതി നല്‍കിയ വാദത്തിലാണ് യുവനടി തന്റെ ആശങ്ക വ്യക്തമാക്കിയത്. തനിക്ക് സൈ്വര്യജീവിതം നയിക്കാന്‍ അജ്ഞാതയായി തുടരണം. പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയതാണ്യ നിക്ഷ്പക്ഷമായ വിചാരണ പ്രതിയുടെ അവകാശമാണെങ്കിലും തന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ ആവരുത്. ദിലീപിനോ അദ്ദേഹം ചുമതലപ്പെടുത്തുന്നവര്‍ക്കോ ദൃശ്യങ്ങള്‍ കാണുന്നതിന് എതിര്‍പ്പില്ല. പകര്‍പ്പ് കൈമാറരുതെന്നും നടി രേഖാമൂലം അറിയിച്ചു.

അതേസമയം, ദൃശ്യങ്ങള്‍ കേസിലെ രേഖയാണെങ്കില്‍ പോലും പ്രതിയായ ദിലീപിന് കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണ്. എന്നാല്‍ അതിലെ ദൃശ്യങ്ങള്‍ കേസിലെ രേഖയാണ്. പക്ഷേ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെ അത് ബാധിക്കുമെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കി.

തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങള്‍ അനിവാര്യമാണെന്നാണു ദിലീപ് സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ദൃശ്യങ്ങളില്‍ വാട്ടര്‍മാര്‍ക്ക് ഇട്ട് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വാട്ടര്‍ മാര്‍ക്കിട്ടാല്‍ സാധിക്കുമെന്നാണ് ദിലീപിന്റെ വാദം. കേസിലെ പ്രധാന പ്രതിയായ ദിലീപും ആക്രമിക്കപ്പെട്ട യുവനടിയും സംസ്ഥാന സര്‍ക്കാരും വാദം എഴുതി നല്‍കിയതിനാല്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ താമസിയാതെ വിധി പ്രസ്താവിച്ചേക്കുമെന്നാണു കരുതുന്നത്.



Next Story

RELATED STORIES

Share it