Sub Lead

പിപിഇ കിറ്റ് ആവശ്യമില്ലെന്ന് ഡിഎംഒ; കൊവിഡ് രോഗികളെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കൈയൊഴിയുന്നു

പിപിഇ കിറ്റ് ആവശ്യമില്ലെന്ന് ഡിഎംഒ; കൊവിഡ് രോഗികളെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കൈയൊഴിയുന്നു
X

കണ്ണൂര്‍: കൊവിഡ് രോഗികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്കും പ്രത്യേക കൊവിഡ് ആശുപത്രികളിലേക്കും കൊണ്ടുപോവുമ്പോള്‍ പിപിഇ കിറ്റ് ആവശ്യമില്ലെന്ന കണ്ണൂര്‍ ഡിഎംഒയുടെ ഉത്തരവില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആശങ്ക. ഇതുകാരണം രണ്ടുദിവസമായി കൊവിഡ് രോഗികളെ ചില ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കൈയൊഴിയുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സാമൂഹിക വ്യാപന സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയും അനുദിനം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആംബുലന്‍സ് ഡ്രൈവര്‍മാരെ ആശങ്കയിലാഴ്ത്തുന്ന വിധത്തില്‍ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായ്ക്കിന്റെ വിവാദ ഉത്തരവുണ്ടായത്. കൊവിഡ് പോസിറ്റീവായവരെ ആശുപത്രികളിലേക്കും ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററിലേക്കും മാറ്റുമ്പോള്‍ മൂന്നു ലെയറുള്ള മാസ്‌കും കൈയുറയും ധരിച്ചാല്‍ മതിയെന്നും പിപിഇ കിറ്റ് ആവശ്യമില്ലെന്നുമായിരുന്നു ആഗസ്ത് 26നു നോഡല്‍ ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ ഉത്തരവിലുള്ളത്.


ആവശ്യത്തിനു സാമൂഹിക അകലം പാലിക്കുകയും ചുമയുണ്ടെങ്കില്‍ അകലം പാലിക്കണമെന്നും പറയുന്ന ഉത്തരവിലാണ് പിപിഇ കിറ്റ് ആവശ്യമില്ലെന്നു വ്യക്തമാക്കിയത്. നേരത്തേ, കൊവിഡ് രോഗികളെ കൊണ്ടുപോവുമ്പോള്‍ പിപിഇ കിറ്റ് ധരിക്കണമെന്നായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കു നല്‍കിയ കര്‍ശന നിര്‍ദേശം. മാത്രമല്ല, അതാത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആവശ്യമായ മൂന്നു ലെയറുള്ള മാസ്‌കും കൈയുറയും നല്‍കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ആഗസ്ത് 19നു സബ് കലക്ടര്‍ വിളിച്ചുചേര്‍ത്ത ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യോഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, രോഗവ്യാപനം അതിരൂക്ഷമായതോടെ, ആവശ്യമായ പിപിഇ കിറ്റ് ഇല്ലാത്തതാണ് ഇത്തരമൊരു പുതിയ ഉത്തരവിനു കാരണമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഇതോടെ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് പ്രതിസന്ധിയിലായത്. മുഴുസമയത്തും ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍ ലഭ്യമാക്കണമെന്നും ഡിഎംഒയുടെ പുതിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂനിയന്‍(സി ഐടിയു) ഉള്‍പ്പെടെയുള്ളവര്‍ ഡിഎംഒയ്ക്കു പരാതി നല്‍കിയിട്ടുണ്ട്.

DMO says no PPE kit required; Ambulance drivers abandon Covid patients





Next Story

RELATED STORIES

Share it