Sub Lead

വീട് നിര്‍മാണം തടസ്സപ്പെടുത്തുന്നു; ലൈഫ് മിഷന്‍ ഉദ്ഘാടനത്തിനിടെ പ്രതിഷേധവുമായി ചിത്രലേഖ

വീട് നിര്‍മാണം തടസ്സപ്പെടുത്തുന്നു; ലൈഫ് മിഷന്‍ ഉദ്ഘാടനത്തിനിടെ പ്രതിഷേധവുമായി ചിത്രലേഖ
X

കണ്ണൂര്‍: വീട് നിര്‍മാണം നിരന്തരം തടസ്സപ്പെടുത്തുന്ന സിപിഎം നടപടിക്കെതിരേ ലൈഫ് മിഷന്‍ ഉദ്ഘാടന വേദിക്കു സമീപം പ്രതിഷേധവുമായി ദലിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ കാട്ടാമ്പള്ളിയില്‍ ലൈഫ് മിഷന്‍ പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന് സമീപത്താണ് ചിത്രലേഖയുടെ ഭാഗികമായി നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ബാനര്‍ കെട്ടി പ്രതിഷേധിച്ചത്. സ്വന്തം നാടായ എടാട്ട് നിന്ന് നാടുവിടേണ്ടി വന്ന തനിക്ക് കാട്ടാമ്പള്ളിയിലും സ്വന്തമായി വീട് വയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിരന്തരം വേട്ടയാടല്‍ തുടരുകയാണെന്ന് ചിത്രലേഖ ആരോപിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ചുസെന്റ് സ്ഥലവും അഞ്ചുലക്ഷം രൂപയും അനുവദിച്ചത് റദ്ദാക്കിയ പിണറായി സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ലൈഫ് മിഷന്‍ പദ്ധതിയിലെ സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ചിത്രലേഖയുടെ പ്രതിഷേധം. വീടിനു വേണ്ടി ചിത്രലേഖ 162 ദിവസം കലക്ടറേറ്റിനു മുന്നിലും 62 ദിവസം സെക്രട്ടേറിയറ്റിനു മുന്നിലും സമരം നടത്തിയിരുന്നു. വീട് നിര്‍മാണത്തിന്റെ തുടക്കം മുതല്‍ സിപിഎം നിരന്തരം ദ്രോഹിക്കുകയാണെന്നു ചിത്രലേഖ ആരോപിച്ചു. ഒരു പട്ടിക ജാതിക്കാരിയായ എന്നെ നിരന്തരം പലായനം ചെയ്യിക്കുന്ന ഇടതു പക്ഷ സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ടുപോവുന്നതിനെതിരേയാണ് പ്രതിഷേധമെന്നും ചിത്രലേഖ വ്യക്തമാക്കി. ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ശ്രീഷ്‌കാന്തും കടൂര്‍ രാധാകൃഷ്ണനും കൂടെയുണ്ടായിരുന്നു.

നേരത്തേ പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ചിത്രലേഖ ഓട്ടോയുമായി സ്റ്റാന്റിലെത്തിയപ്പോള്‍ സി ഐടിയുവിന്റെ നേതൃത്വത്തില്‍ തടയുകയും ജാതീയ അധിക്ഷേപം നടത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. തുടര്‍ന്നു ചിത്രലേഖയുടെ ഓട്ടോ കത്തിച്ചത് സംസ്ഥാനത്തു തന്നെ വലിയ രാഷ്ട്രീയവിവാദത്തിനു കാരണമാക്കിയിരുന്നു.

Disrupts housing construction; Chitralekha in protest during the inauguration of Life Mission




Next Story

RELATED STORIES

Share it