Sub Lead

കപ്പല്‍യാത്രയ്ക്ക് ടിക്കറ്റ് കിട്ടിയില്ല; ഐആര്‍ബി ജവാന്‍ ലക്ഷദ്വീപില്‍ ആത്മഹത്യ ചെയ്തു

സില്‍വാസയില്‍ നിന്നും ലക്ഷദ്വീപില്‍ എത്തി ജോലി ചെയ്യുന്ന ഭഗവാന്‍ കണ്ടാരി എന്ന ജവാനാണ് ഇന്ന് കവരത്തി ദ്വീപില്‍ വെച്ച് ആത്മഹത്യ ചെയ്തത്.

കപ്പല്‍യാത്രയ്ക്ക് ടിക്കറ്റ് കിട്ടിയില്ല; ഐആര്‍ബി ജവാന്‍ ലക്ഷദ്വീപില്‍ ആത്മഹത്യ ചെയ്തു
X

കവരത്തി: ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകള്‍ വെട്ടിക്കുറച്ച അധികൃതരുടെ നടപടി മൂലം സ്വദേശത്തേക്ക് മടങ്ങാന്‍ ടിക്കറ്റ് ലഭിക്കാതിരുന്ന ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍ (ഐആര്‍ബി) ജവാന്‍ ലക്ഷദ്വീപില്‍ ആത്മഹത്യ ചെയ്തു. സില്‍വാസയില്‍ നിന്നും ലക്ഷദ്വീപില്‍ എത്തി ജോലി ചെയ്യുന്ന ഭഗവാന്‍ കണ്ടാരി എന്ന ജവാനാണ് ഇന്ന് കവരത്തി ദ്വീപില്‍ വെച്ച് ആത്മഹത്യ ചെയ്തത്.

സ്വദേശത്തേക്ക് മടങ്ങുന്നതിന് കപ്പലില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് കിട്ടാത്തതില്‍ മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. യാത്രാക്കപ്പലുകള്‍ വെട്ടിക്കുറച്ചതോടെ നൂറു കണക്കിന് പേരാണ് ലക്ഷദ്വീപിലും കരയിലുമായി കുടുങ്ങിക്കിടക്കുന്നത്. ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കപ്പല്‍ ടിക്കറ്റിന് വന്‍ക്ഷാമമാണ് നേരിടുന്നത്.

കപ്പല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതും എണ്‍പത് ശതമാനം ടിക്കറ്റ് വില്‍പന ഓണ്‍ലൈനിലൂടെയാക്കിയതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. ചികിത്സയുള്‍പ്പെടെയുള്ള അത്യാവശ്യകാര്യങ്ങള്‍ക്ക് കേരളത്തിലെത്തേണ്ട നിരവധി പേരാണ് ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നത്..

ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് നേരത്തെയുണ്ടായിരുന്നത് ഏഴ് കപ്പല്‍ സര്‍വീസുകളാണ്. മൂന്ന് കപ്പല്‍ നിര്‍ബന്ധമായും സര്‍വീസ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍വീസ് നടത്തുന്നത് ഫലത്തില്‍ രണ്ടെണ്ണം മാത്രം. എണ്‍പത് ശതമാനം ടിക്കറ്റും വില്‍ക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. നെറ്റ് വര്‍ക്ക് സ്പീഡ് തീരെ കുറവുള്ള ലക്ഷദ്വീപില്‍ നിന്ന് ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാനും പറ്റില്ല.

നാമമാത്രമായ ഓഫ് ലൈന്‍ ടിക്കറ്റുകളാകട്ടെ ഓഫിസര്‍മാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കായി മാറ്റിവെക്കുകയാണെന്ന് ദ്വീപുകാര്‍ ആരോപിക്കുന്നു. ടിക്കറ്റ് കിട്ടണമെങ്കില്‍ നിലവില്‍ ആഴ്ചകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ലക്ഷ്വദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ വന്നതിന് ശേഷമാണ് ലക്ഷ്വദ്വീപില്‍ ജനവിരുദ്ധ നടപടികള്‍ കൂടിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it